വാട്സ് ആപ്പ് സന്ദേശം കലാപ ആഹ്വാനമോ? വനിതാ ലീഗ് നേതാവിനെതിരെ കേസ്: രാഷ്ട്രീയ വിവാദം കനക്കുന്നു; ജമാഅത്ത് കമ്മിറ്റിയും പരാതിയുമായി മുന്നോട്ട്
● വാട്സ്ആപ്പ് സന്ദേശം കലാപത്തിനുള്ള ആഹ്വാനമല്ലെന്ന് മുസ്ലിം ലീഗ് നേതൃത്വം.
● സിപിഎം പ്രവർത്തകർ പള്ളിയുടെ മതിലിൽ കയറി കൊടി വീശിയെന്ന് യുഡിഎഫ് ആരോപണം.
● സംഘർഷത്തിൽ പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
● കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് എൻ എ നെല്ലിക്കുന്ന് എം എൽ എ ഉൾപ്പെടെയുള്ള നേതാക്കൾ.
● പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കി.
ചെറുവത്തൂർ: (KasargodVartha) പഞ്ചായത്തിലെ തുരുത്തി–മടക്കര മേഖലയിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയെന്നാരോപിച്ച് മുസ്ലിം ലീഗ് വനിതാ നേതാവ് നഫീസത്ത് നാസറിനെതിരെ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത സംഭവം നാട്ടിലെമ്പാടും വലിയ ചർച്ചയായി. ഇതോടെ പ്രദേശത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുകയാണ്.
ആഹ്ലാദ പ്രകടനവുമായി എത്തി ആരാധനാലയത്തിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് തുരുത്തി ജമാഅത്ത് പ്രസിഡന്റ് ടി സി എ റഹ്‌മാൻ പറഞ്ഞു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു നഫീസത്ത്.
വോട്ടെണ്ണലിന് പിന്നാലെ മടക്കരയിൽ മുസ്ലിം ലീഗ്–സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിനിടയിലാണ് തുരുത്തിയിലെ ആരാധനാലയം ആക്രമിച്ചുവെന്ന തരത്തിൽ വാട്സ്ആപ്പ് വഴി വ്യാജ പ്രചാരണം നടത്തിയെന്ന ആരോപണം നഫീസത്തിന് നേരെ ഉയർന്നത്.
‘ആരാധനാലയത്തിന്റെ മതിലിൽ കയറി കൊടി വീശുന്ന മതേതരത്വമാണ് മടക്കരയിൽ സിപിഎം കാണിച്ചതെന്നും അവരുടെ മുഖംമൂടി വീഴുന്നതായും’ മുസ്ലിം ലീഗ് നേതൃത്വം ആരോപിച്ചു. മതിലിൽ കയറി കൊടി വീശുന്നതിന്റെയും കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങൾ കാണാത്തവർ ആരെങ്കിലുമുണ്ടോ എന്നാണ് അവർ കേന്ദ്രങ്ങൾ ചോദിക്കുന്നത്.
ആരാധനാലയത്തിന് മുന്നിൽ ആളുകൾ തടിച്ചുകൂടിയതിനെക്കുറിച്ചും സംഘർഷ സാധ്യതയെക്കുറിച്ചും നഫീസത്ത് മുന്നണിയുടെ ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടിരുന്നു. ഇതാണ് സിപിഎം സൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ചതെന്നാണ് ലീഗ് പക്ഷം. കലാപത്തിന് ആഹ്വാനം ചെയ്യുന്നതല്ല ഈ സന്ദേശമെന്നും നേതാക്കൾ വിശദീകരിച്ചു.
അതേസമയം, തുരുത്തി ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ സംഭവത്തിൽ പ്രതികരിക്കുകയും ആരാധനാലയത്തിൽ അതിക്രമിച്ചു കയറാൻ ശ്രമം ഉണ്ടായതായി ആരോപിക്കുകയും ചെയ്തു. സ്ഥലത്തില്ലാതിരുന്ന ജമാഅത്ത് സെക്രട്ടറിയെക്കൊണ്ട് ശബ്ദ സന്ദേശമിടുവിച്ചത് ഒരു സിപിഎം പ്രവർത്തകന്റെ നിർബന്ധത്തെ തുടർന്നാണെന്ന് ഭാരവാഹികൾ വെളിപ്പെടുത്തി.
വിജയാഹ്ളാദ പ്രകടനം നടന്ന രണ്ടാം വാർഡിൽ നിന്ന് ലീഗ് വിജയിച്ച പതിനേഴാം വാർഡിലേക്ക് സിപിഎം പ്രവർത്തകർ എന്തിനാണ് വന്നതെന്നും ജമാഅത്ത് നേതൃത്വം ചോദിക്കുന്നു. എന്നാൽ നഫീസത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചുവെന്നാണ് സിപിഎം ഏരിയ കമ്മിറ്റിയുടെ ആരോപണം.
വിജയാഘോഷത്തിന്റെ മറവിൽ സിപിഎം പ്രവർത്തകർ തുരുത്തി ബസാറിൽ കല്ലേറും ജുമഅ മസ്ജിദിന്റെ മതിലിന് മുകളിൽ കയറി ചെങ്കൊടി വീശലും നടത്തിയതായും ലീഗ് ആരോപിക്കുന്നു. സംഘർഷത്തിൽ പരിക്കേറ്റ ശാസിൻ, അർശാൻ ബക്കർ, സമീറ ബക്കർ, നസ്രിയ എം പി, കദീജ ടി പി, മുഹമ്മദ് കൊട്ടിക്കുളം എന്നിവർ തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രിയിലും, ഫൈസൽ, ഇർഫാൻ എന്നിവർ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലും ചികിത്സ തേടിയതായും ലീഗ് നേതാക്കൾ പറഞ്ഞു.
പരിക്കേറ്റവരെ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എൻ എ നെല്ലിക്കുന്ന് എം എൽ എ, അഡ്വ. കെ കെ രാജേന്ദ്രൻ, അഡ്വ. എം ടി പി കരീം, കോൺഗ്രസ് നേതാക്കളായ ബാലകൃഷ്ണൻ, ഡോ. ഗംഗാധരൻ, യുഡിഎഫ് ചെയർമാൻ പൊറയിക്ക് മുഹമ്മദ് ഹാജി തുടങ്ങിയവർ സന്ദർശിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ഈ വാർത്ത പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.
Article Summary: Case registered against IUML woman leader in Cheruvathur over viral audio clip following election clashes.
#Cheruvathur #PoliticalClash #KasaragodNews #IUML #CPIM #PoliceCase






