Allegation | തന്നെ വേട്ടയാടുന്നത് മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനാലാണെന്ന് ഡോ. എം.കെ. മുനീർ
● മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ സി.പി.എം ആരോപണങ്ങൾ നിഷേധിച്ചു
● മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനാൽ തന്നെ സി.പി.എം. വേട്ടയാടുകയാണെന്ന് എം.കെ. മുനീർ
കണ്ണൂർ: (KasargodVartha) മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്നതിനാൽ തന്നെ സി.പി.എം. വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാവപ്പെട്ടവർക്ക് നൽകുന്ന ഒരു സൗകര്യത്തിനും തുരങ്കം വെക്കാൻ ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നടത്തിയ കള്ളക്കടത്ത് ആരോപണങ്ങൾക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 'എനിക്ക് 62 വയസിൽ കള്ളക്കടത്ത് നടത്തേണ്ട ആവശ്യമില്ല. എന്തിനാണ് അവരുടെ ഇത്തരം ആരോപണങ്ങൾ?' അദ്ദേഹം ചോദിച്ചു.
വിദേശത്ത് പോകുന്നവർക്ക് രാഷ്ട്രീയം നോക്കാതെ, താമസസൗകര്യം നൽകാറുണ്ടെന്ന് മുനീർ വ്യക്തമാക്കി. ജോലി ലഭിച്ചാൽ അവർ ആ സൗകര്യം ഒഴിവാക്കുന്നു. 'കഴിഞ്ഞ ദിവസം, സി.പി.എം. നേതാക്കളുടെ മക്കൾ ഉൾപ്പെടെ പലരും നന്ദി പറഞ്ഞു കൊണ്ടുള്ള സന്ദേശങ്ങൾ അയച്ചിരുന്നു, അതിന്റെ ശബ്ദരേഖകൾ ഞാൻ ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷം, നല്ലപിള്ള ചമഞ്ഞ്, എന്നെ കള്ളക്കടത്തുകാരനാക്കാനാണ് ശ്രമിക്കുന്നത്. അതിന് താത്പര്യമുള്ളവർ എന്റെ ചരിത്രവും പ്രശ്നങ്ങളും മനസിലാക്കണം. ഇതിനു മുൻപ്, സമാനമായ ആരോപണങ്ങൾ എന്റെ പിതാവ് സി.എച്ച്. മുഹമ്മദ് കോയയ്‌ക്കെതിരെയും ഉന്നയിച്ചിരുന്നു, അന്ന് അദ്ദേഹം പറഞ്ഞത് ഞങ്ങൾ കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണമല്ല നേരെ കടത്തുന്ന സ്വർണമാണെന്നായിരുന്നു, മുനീർ ഓർമ്മിപ്പിച്ചു.
മലപ്പുറത്തെ പോലെ കൊടുവള്ളിയെയും ഒരു ഭീകര കേന്ദ്രമാക്കാൻ ശ്രമിക്കുകയാണോ സി.പി.എമ്മെന്ന് താൻ ഭയക്കുന്നതായി മുനീർ പറഞ്ഞു. തന്നെയും കെ.എം ഷാജിയെയും പിണറായി സർക്കാരും സി.പി.എമ്മും വേട്ടയാടുന്നത് അവരെ വിമർശിക്കുന്നതുകൊണ്ടാണ്. ഷാജിയെ ഇ.ഡിയെ ക്കൊണ്ടും വിജിലൻസിനെ കൊണ്ടും പലവട്ടം ചോദ്യം ചെയ്യിപ്പിച്ചു. എന്നാൽ ഇതു കൊണ്ടെന്നും ഞങ്ങൾ പിൻമാറില്ല.
ഡി.വൈ.എഫ് ഐ നേതാവ് തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കേണ്ടത് കണ്ണൂരിൽ നിന്നല്ല. ധൈര്യമുണ്ടെങ്കിൽ സനോജ് കൊടുവള്ളിയിൽ നിന്നും വന്ന് ഈക്കാര്യങ്ങൾ പറയണം. അപ്പോൾ തനിക്കും ചില കാര്യങ്ങൾ പറയാനുണ്ടാവുമെന്നും മുനീർ പറഞ്ഞു. പാർട്ടിയിൽ നിന്നും തനിക്ക് പിൻതുണ ലഭിക്കുന്നുണ്ട്. ഇല്ലെന്ന് പറയുന്ന വാർത്തകൾ യാഥാർത്ഥ്യമല്ല. ഏതെങ്കിലും കേസിൽ പ്രതികളായവരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഈ കാര്യം പൊലിസ് അന്വേഷിച്ച് പറയട്ടെയെന്നും മുനീർ വ്യക്തമാക്കി.
എം.എൽ.എയെന്ന രീതിയിൽ തനിക്ക് ഏതെങ്കിലും കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കേണ്ടത് പൊലിസിൻ്റെ ഉത്തരവാദിത്വമാണ്. അതു തെളിഞ്ഞാൽ അത്തരക്കാരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ താൻ തയ്യാറാണെന്നും മുനീർ വ്യക്തമാക്കി.
#KeralaPolitics #MuslimLeague #CPM #MKMuneer #corruptionallegations #politicalrivalry