പോലീസ് സ്റ്റേഷൻ പിണറായി സർക്കാർ ഇടിത്താവളമാക്കി മാറ്റി: പി കെ ഫൈസൽ
● പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കണമെന്ന് ആവശ്യം.
● കാസർകോട് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി.
● നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും ആരോപണം.
കാസർകോട്: (KasargodVartha) ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേരളത്തിലെ പോലീസ് സേനയെ കഴിഞ്ഞ 9 വർഷക്കാലം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആജ്ഞകൾക്കനുസരിച്ച് നിരപരാധികളെ ലോക്കപ്പിലിട്ട് മർദ്ദിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്യുന്ന പോലീസാക്കി മാറ്റിയെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പറഞ്ഞു.
തൃശൂർ കുന്നംകുളം പോലീസ് സ്റ്റേഷനിൽവെച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ക്ഷേത്ര പൂജാരിയുമായ സുജിത്തിനെ എസ്.ഐയും പോലീസുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിന്റെ പേരിൽ അദ്ദേഹത്തിന്റെ കേൾവിശക്തി നഷ്ടപ്പെട്ട സംഭവം കേരളത്തിലെ ജനമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്നും, ഇതിലൂടെ കേരളത്തിലെ പോലീസിന്റെ വികൃതമുഖം വെളിവായെന്നും പി.കെ. ഫൈസൽ ചൂണ്ടിക്കാട്ടി.
പേരൂർക്കട പോലീസ് സ്റ്റേഷനിൽ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ദളിത് വനിതയെ ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ച് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവവും, പീച്ചി, പനങ്ങാട് പോലീസ് സ്റ്റേഷനുകളിൽ നടന്ന സംഭവങ്ങളും കേരളത്തിലെ പോലീസ് സേനയ്ക്ക് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസിന്റെ ക്രൂരമായ മർദ്ദനത്തിനിരയായി കേൾവിശക്തി നഷ്ടപ്പെട്ട സുജിത്തിന് നീതി ലഭ്യമാക്കുകയും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പിരിച്ചുവിടുകയും നിയമപരമായി ശിക്ഷ നൽകുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 'സുജിത്തിന് നീതി ലഭ്യമാക്കൂ, പോലീസിലെ ക്രിമിനലുകളെ ജയിലിലടക്കൂ' എന്ന മുദ്രാവാക്യമുയർത്തി കെപിസിസിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ്സുകളുടെ ഭാഗമായി കാസർകോട് ടൗൺ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്കള മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സി.വി. ജയിംസ്, മത്സ്യത്തൊഴിലാളി ദേശീയ സെക്രട്ടറി ആർ. ഗംഗാധരൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കെ. ഖാലിദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ, നേതാക്കളായ മനാഫ് നുള്ളിപ്പാടി, ജി. നാരായണൻ, ബി.എ. ഇസ്മയിൽ, കെ.പി. നാരായണൻ നായർ, കെ.ടി. സുഭാഷ് നാരായണൻ, ഹനീഫ ചേരങ്കൈ, എ. ഷാഹുൽ ഹമീദ്, മുനീർ ബാങ്കോട്, ഖാൻ പൈക്ക, കമലാക്ഷ സുവർണ്ണ, വസന്തൻ അജക്കോട്, ഉസ്മാൻ അണങ്കൂർ, ഇ. ശാന്തകുമാരി ടീച്ചർ, ജമീല അഹമ്മദ്, ഉഷ അർജ്ജുനൻ, കുസുമം ചേനക്കോട്, ആബിദ് ഇടച്ചേരി, പി.കെ. വിജയൻ, പി. കുഞ്ഞികൃഷ്ണൻ നായർ, അഷ്റഫ് സിലോൺ, അബ്ദുൾ സമദ്, ബാലകൃഷ്ണൻ പറങ്കിത്തൊട്ടി, ധർമ്മധീര.എം, ഹനീഫ കാട്ടുകൊച്ചി, ഹരീന്ദ്രൻ ഇറക്കോട്, ബി. ശശികല, കെ.വി. ജോഷി, ബാബു അജക്കോട്, സലിം ഇടനീർ, അഹമ്മദ് ചൗക്കി എന്നിവർ സംസാരിച്ചു. മധൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മഹമൂദ് വട്ടയക്കാട് സ്വാഗതവും മൊഗ്രാൽ പുത്തൂർ മണ്ഡലം പ്രസിഡന്റ് യു. വേലായുധൻ നന്ദിയും പറഞ്ഞു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക. കൂടുതൽ ആളുകളിലേക്ക് ഈ വാർത്ത എത്താൻ ഷെയർ ചെയ്യൂ.
Article Summary: DCC President alleges police stations have become torture centres.
#KeralaPolice #PKFaisal #Protest #Kasargod #KeralaPolitics #DCC






