city-gold-ad-for-blogger

പി എം ശ്രീ പദ്ധതി: സിപിഐക്ക് പിന്നാലെ സി പി എം പോളിറ്റ് ബ്യൂറോ അംഗവും വിദ്യാഭ്യാസ വകുപ്പിനെതിരെ

Photo Of MA Baby 
Photo Credit: Facebook/ M A Baby

● പദ്ധതി രാജ്യത്തെ വിദ്യാഭ്യാസ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമെന്ന് വിമർശനം.
● സ്കൂളുകളുടെ നടത്തിപ്പും പാഠഭാഗങ്ങളും സിലബസും കേന്ദ്ര നിയന്ത്രണത്തിലാകുമെന്നാണ് ആശങ്ക.
● പദ്ധതി നടപ്പിലാക്കിയാൽ സ്കൂളുകളുടെ പേരിന് മുന്നിൽ 'പി എം ശ്രീ' എന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയും ചേർക്കണം.
● നേരത്തെ പദ്ധതി നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.

തിരുവനന്തപുരം: (KasargodVartha) 1466 കോടി രൂപ കേന്ദ്ര സഹായം ലഭ്യമാക്കാൻ സംസ്ഥാനത്തെ 332 സ്കൂളുകൾ കേന്ദ്രസർക്കാറിൻ്റെ കീഴിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ സി പി ഐക്ക് പിന്നാലെ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തിയത് സി പി എം സംസ്ഥാന സെക്രട്ടറിക്കും വിദ്യാഭ്യാസ വകുപ്പിനും തിരിച്ചടിയായി.

രാജ്യത്തെ വിദ്യാഭ്യാസ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായി കേന്ദ്രസർക്കാറിന്റെ കീഴിലാക്കുകയും, അതുവഴി സ്കൂൾ നടത്തിപ്പും, പാഠഭാഗങ്ങളും, സിലബസും നിർണയിക്കാനുള്ള അധികാരം കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നതാണ് 'പി എം ശ്രീ' പദ്ധതി. 

പ്രസ്തുത പദ്ധതി കേരളം നടപ്പിലാക്കുന്നതോടെ സംസ്ഥാനം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാവുമെന്നാണ് ആശങ്ക. ഒരു ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് സ്കൂളുകൾ വീതം 'പി എം ശ്രീ' പദ്ധതി പ്രകാരം കേന്ദ്രം ഏറ്റെടുക്കുമ്പോൾ വികേന്ദ്രീകൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് സംസ്ഥാനത്തെ 332 സ്കൂളുകളാണ് കേന്ദ്രസർക്കാറിന്റെ കീഴിലാകുന്നത്. 

പദ്ധതി നടപ്പിലാക്കിയാൽ സ്കൂളുകളുടെ പേരിനു മുന്നിൽ 'പി എം ശ്രീ' എന്ന് ചേർത്ത് ബോർഡും സ്ഥാപിക്കണം. ഒപ്പം പ്രധാനമന്ത്രിയുടെ ഫോട്ടോയും. ഫലത്തിൽ സംസ്ഥാന സർക്കാർ മികച്ച നിലയിൽ നടത്തിക്കൊണ്ടുപോകുന്ന സ്കൂളുകളുടെ അക്കാദമിക നിയന്ത്രണം പൂർണ്ണമായി കേന്ദ്രസർക്കാരിന് വിട്ടു നൽകേണ്ടിവരും.

നേരത്തെ സംസ്ഥാന സർക്കാരും, വിദ്യാഭ്യാസ വകുപ്പും 'പി എം ശ്രീ' പദ്ധതിക്കെതിരെ രംഗത്തുവന്നിരുന്നു. ഇതിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സി പി ഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സി പി എം ദേശീയ നേതാവ് എം എ ബേബി വിഷയത്തിൽ ഇടപെടുന്നത്. പദ്ധതിയിൽ ഒപ്പിടുന്ന കാര്യത്തിൽ എൽ ഡി എഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് എം എ ബേബി ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചത്.

നേരത്തെ വിദ്യാർത്ഥി സംഘടനകളുമായി പദ്ധതി വിഷയം ചർച്ച ചെയ്തപ്പോഴും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നത് 'പി എം ശ്രീ' പദ്ധതി കേരളത്തിൽ നടപ്പിലാക്കില്ലെന്നായിരുന്നു. പിന്നീട് കേന്ദ്രത്തിൽ നിന്ന് ഫണ്ട് വാങ്ങി പദ്ധതി നടപ്പിലാക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

വിഷയം വിവാദമായതോടെ സി പി എമ്മിൽ സമവായത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചൊവ്വാഴ്ച വിഷയത്തിൽ സി പി ഐ സ്വരം കടുപ്പിച്ച് സംസാരിച്ചതോടെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് 'ഏത് സി പി ഐ, എന്ത് സി പി ഐ' എന്ന് ചോദിച്ചതും സി പി ഐയെ ചൊടിപ്പിച്ചു.

'പി എം ശ്രീ' പദ്ധതിക്കെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ രംഗത്തുവന്നു കഴിഞ്ഞു. അതോടൊപ്പം ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന സി പി ഐയുടെ വിദ്യാർത്ഥി സംഘടനകളും വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

ഇടതുമുന്നണി കൺവീനറും, ഡി വൈ എഫ് ഐയുമടക്കം വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. 

Article Summary: CPM Politburo member MA Baby and CPI oppose the Education Department's move to bring 332 Kerala schools under the PM SREE scheme.

#PMSREE #KeralaEducation #MABaby #MVGovindan #VSivankutty #CPMKerala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia