PM Modi | പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അയോധ്യയിലെത്തി; പ്രാണപ്രതിഷ്ഠ നിര്‍വഹിച്ചശേഷമുള്ള ആദ്യ സന്ദര്‍ശനം
*ദര്‍ശനവും പൂജയും നടത്തി.
*ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി.
*മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.
ന്യൂഡെല്‍ഹി: (KasargodVartha) അയോധ്യയില്‍ വീണ്ടും സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി ഏഴോടെ അയോധ്യയിലെത്തിയ മോദി, രാമക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും നടത്തിയശേഷം ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമായിരുന്നു റോഡ് ഷോ. രണ്ട് കിലോമീറ്റര്‍ ദൂരമാണ് പ്രധാനമന്ത്രി റോഡ് ഷോ നടത്തിയത്.
ക്ഷേത്ര നഗരി മുതല്‍ ലതാ മങ്കേഷ്‌കര്‍ ചൗക്ക് വരെ നടന്ന റോഡ് ഷോയില്‍ പൂക്കളെറിഞ്ഞാണ് ഭക്തരും പ്രദേശവാസികളും പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രാമക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് മുന്നില്‍ മോദി സാഷ്ടാംഗം പ്രണമിച്ചു. മോദിയുടെ വരവിനെ തുടര്‍ന്ന് ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയിരുന്നു. വലിയ ഒരുക്കങ്ങളും ക്ഷേത്രത്തിനകത്തും പുറത്തും ഉണ്ടായിരുന്നു.
93 സീറ്റുകളിലേക്കുള്ള വോടെടുപ്പ് ചൊവ്വാഴ്ച നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന്റെ സമാപനത്തോടൊപ്പമായിരുന്നു മോദിയുടെ അയോധ്യ സന്ദര്‍ശനം. മോദിയുടെയും യോഗി ആദിത്യനാഥിന്റെയും കടൗടുകള്‍ അയോധ്യയിലേക്കുള്ള വഴിയില്‍ അലങ്കരിച്ചിട്ടുണ്ട്. ജനുവരി 22 ന് രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നിര്‍വഹിച്ചശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.
അഞ്ചാം ഘട്ടത്തില്‍ മേയ് 20നാണ് അയോധ്യയിലെ ഫൈസാബാദില്‍ വോടെടുപ്പ്. രാമക്ഷേത്രം തിരഞ്ഞെടുപ്പില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാക്കാന്‍ ലക്ഷ്യമിട്ടാണ് മോദി ഇത്തരമൊരു സന്ദര്‍ശനം നടത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഫൈസാബാദ് ബി ജെ പി സ്ഥാനാര്‍ഥി ലല്ലു സിങ്ങും ഒപ്പമുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ ഇറ്റാവയിലും ധൗരഹ്റയിലും നടന്ന പൊതുയോഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. കോണ്‍ഗ്രസിനെയും സമാജ് വാദി പാര്‍ടിയെയും കടന്നാക്രമിച്ച മോദി, ഇരുപാര്‍ടികളുടെയും ഉദ്ദേശങ്ങള്‍ നല്ലതല്ലെന്നും അവരുടെ മുദ്രാവാക്യങ്ങള്‍ കള്ളമാണെന്നും വിമര്‍ശിച്ചു. ചിലര്‍ മെയിന്‍പുരി, കനൗജ്, ഇറ്റാവ എന്നിവയെ തങ്ങളുടെ പൈതൃകമായി കണക്കാക്കുമ്പോള്‍ മറ്റുചിലര്‍ അമേഠിയെയും റായ്ബറേലിയെയും പൈതൃകമായി കണക്കാക്കുന്നതെന്ന് പറഞ്ഞ് കോണ്‍ഗ്രസിനെ മോദി വിമര്‍ശിച്ചു.
पावन अयोध्या धाम के दिव्य-भव्य राम मंदिर में श्री राम लला के दर्शन और पूजन का परम सौभाग्य मिला। pic.twitter.com/RiUEN9X1Kv
— Narendra Modi (@narendramodi) May 5, 2024