Criticism | കേന്ദ്ര സർക്കാർ കേരളത്തോട് ശത്രുക്കളെ പോലെ പെരുമാറുകയാണെന്ന് പി കെ ശ്രീമതി; സിപിഎം മാർച്ചിൽ പ്രതിഷേധമിരമ്പി

● 'വയനാട്ടിലെ എംപി പോലും ശബ്ദമുയർത്താൻ തയ്യാറായില്ല'
● 'കേരളത്തിലെ വികസന മുന്നേറ്റം കണ്ട് കേന്ദ്രഭരണക്കാർക്ക് അസൂയ'
● പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകരാണ് പങ്കെടുക്കിയത്.
കാസർകോട്: (KasargodVartha) കേന്ദ്രസർക്കാർ കേരളത്തോട് യുദ്ധത്തിൽ ശത്രുക്കളെ കാണുന്ന രീതിയിൽ പെരുമാറുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി. വിഷയത്തിൽ കേരളത്തിലെ ബിജെപി മന്ത്രിമാരും കോൺഗ്രസ് എംപിമാരും മൗനം പാലിക്കുന്നുവെന്നും അവർ പറഞ്ഞു. ‘കേരളമെന്താ ഇന്ത്യയിലല്ലേ’ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്രസർക്കാർ അവഗണനയ്‌ക്കെതിരെ സിപിഎം നേതൃത്വത്തിൽ വിദ്യാനഗർ ആദായനികുതി ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി കെ ശ്രീമതി.
വയനാട്ടുകാർ നീതി തേടി ഡൽഹിയിൽ സമരം നടത്തിയപ്പോൾ, നിരവധി പ്രതിപക്ഷ നേതാക്കൾ പിന്തുണച്ചെങ്കിലും കോൺഗ്രസും ലീഗും പിൻവാങ്ങി. വയനാട്ടിലെ എംപി പോലും ശബ്ദമുയർത്താൻ തയ്യാറായില്ല. വയനാട്ടിന് സഹായം നിഷേധിച്ചതിനെതിരായ പ്രതിഷേധത്തെ തുടർന്ന് കേന്ദ്രം വായ്പയായി ചെറിയ തുക അനുവദിച്ചു, എന്നാൽ അതും ഉടൻ ചെലവാക്കി രശീതി നൽകണമെന്നാണ് പറയുന്നത്. കേരളത്തിലെ വികസന മുന്നേറ്റം കണ്ട് കേന്ദ്രഭരണക്കാർക്ക് അസൂയയാണെന്നും ശ്രീമതി കുറ്റപ്പെടുത്തി.
പ്രതിഷേധ മാർച്ചിൽ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. വിദ്യാനഗർ അസാപ്പ് കേന്ദ്രത്തിനു മുന്നിൽ പ്രവർത്തകർ കൂട്ടംചേർന്ന് ദേശീയപാത സർവീസ് റോഡിലൂടെയും ഉളിയത്തടുക്ക റോഡിലൂടെയും പ്രതിഷേധ പ്രകടനം നടത്തി. ഗതാഗത തടസ്സമുണ്ടാക്കാതെ നടന്ന മാർച്ചിൽ പ്രവർത്തകർ കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി. പ്ലക്കാർഡുകളും ബാനറുകളും ഉയർത്തി.
ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ സ്വാഗതം പറഞ്ഞു. അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ബാലകൃഷ്ണൻ, കെ പി സതീഷ് ചന്ദ്രൻ, മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ എന്നിവർ സംസാരിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
PK Sreemathi criticized the central government for treating Kerala unfairly, highlighting BJP and Congress' silence, and led a protest march in Kasargod.
#PKSreemathi #KasaragodProtest #CentralGovernment #CPMProtest #KeralaPolitics #KasaragodNews