Allegations | 'പി വി അൻവർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമേറിയത്'; യുഡിഎഫ് ചർച്ച ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
● 'കേരളത്തിൽ കഴിഞ്ഞ രണ്ട് ടേമുകളിലായി എൽഡിഎഫിന്റേത് ദുർഭരണമാണ്'
● 'ഇക്കാര്യം അവർ തന്നെ പറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് '
● 'നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായി തിരിച്ചുവരും'
കാസർകോട്: (KasargodVartha) പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ജനകീയ വിഷയങ്ങളാണെന്നും ഇക്കാര്യം യുഡിഎഫ് ചർച്ച ചെയ്യുമെന്നും മുസ്ലിം ലീഗ് ദേശീയ ജെനറൽ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
അൻവറിന് ലീഗിലേക്കുള്ള ക്ഷണവുമായി ബന്ധപ്പെട്ട് പാർടി ആലോചിച്ചിട്ടില്ലെന്നും കോൺഗ്രസുമായി കൂടി ആലോചിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂവെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ കേരളത്തിൽ കഴിഞ്ഞ രണ്ട് ടേമുകളിലായി എൽഡിഎഫിന്റെ ദുർഭരണമാണ് നടക്കുന്നത്. ഇക്കാര്യം അവർ തന്നെ പറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
കൊലക്കേസ് പൂഴ്ത്തിവെച്ചും സ്വർണക്കള്ളക്കടത്ത് നടത്തിയും ഭരണം തുടരുന്ന അവസ്ഥ കേരളത്തിൽ കേട്ടറിവില്ലാത്തതാണ്. യുഡിഎഫിന്റെ കാലത്ത് തൃശൂർ പൂരത്തിനോ ശബരിമല ദർശനത്തിനോ ഒരു പ്രശ്നവും സംഭവിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. എല്ലാകാലത്തും എൽഡിഎഫ് സർകാരിന്റെ ദുർഭരണത്തെ എതിർത്തുവന്ന പാരമ്പര്യമാണ് യുഡിഎഫിന് ഉള്ളത്. അതുകൊണ്ടാണ് കാലാകാലങ്ങളിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റം സംഭവിച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദുർഭരണത്തിനെതിരായ വിധിയെഴുത്താണ് ഉണ്ടായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശക്തമായി തിരിച്ചുവരും. കഴിഞ്ഞതവണ കോവിഡിന്റെ കാലത്ത് ലഭിച്ച ചില അനുകൂല ഘടകങ്ങളാണ് എൽഡിഎഫിനെ സഹായിച്ചത്. എന്നാൽ ഇത് തെറ്റായിപ്പോയെന്ന് കേരളത്തിലെ ജനങ്ങൾക്കാകെ ബോധ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
#PVAnwar #PKKunhalikkutty #UDF #KeralaPolitics #MuslimLeague #Governance