city-gold-ad-for-blogger

'ചുവപ്പിൽ നിന്ന് കാവിയിലേക്കുള്ള ചീമേനിയുടെ മാറ്റം കേരള രാഷ്ട്രീയത്തിൻ്റെ ദിശാസൂചിക'; കേരള ഭരണം പിടിക്കാൻ 5 വർഷം മതിയെന്ന് പികെ കൃഷ്ണദാസ്

Image reflecting PK Krishnadas speaking at the BJP study camp in Cheemeni
Photo: Special Arrangement

● ബംഗാളിലും ത്രിപുരയിലും ഉണ്ടായ രാഷ്ട്രീയ മാറ്റത്തിന് സമാനമായി കേരളവും ബിജെപിക്ക് പാകപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടു
● യുഡിഎഫും എൽഡിഎഫും രണ്ട് അല്ല, ഒന്നാണെന്ന് അദ്ദേഹം ആരോപിച്ചു
● കേസുകൾ അട്ടിമറിക്കുന്നത് സിപിഎം-കോൺഗ്രസ് ധാരണയുടെ ഭാഗമാണെന്നും വിമർശനം
● 2046-ഓടെ ഇന്ത്യ ലോകത്തിലെ ഒന്നാം ശക്തിയായി മാറുമെന്നും വിശ്വഗുരുവായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു

കാസർകോട്: (KasargodVartha) ചുവപ്പിൽ നിന്ന് കാവിയിലേക്കുള്ള ചീമേനിയുടെ മാറ്റം വരാനിരിക്കുന്ന കേരള രാഷ്ട്രീയത്തിൻ്റെ ദിശാസൂചികയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് വ്യക്തമാക്കി. നിലവിൽ മൂന്ന് എംഎൽഎമാരുള്ള ബിജെപിക്ക് അഞ്ച് വർഷത്തിനകം കേരള ഭരണം പിടിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന്ദിവസത്തെ ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാ അഭിയാൻ പഠനശിബിരം ചീമേനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന കാലത്ത് ബിജെപി പ്രവർത്തകർക്ക് പോലും കടന്നുചെല്ലാൻ പ്രയാസമുണ്ടായിരുന്ന ചീമേനിയിൽ പാർട്ടിക്ക് ഉണ്ടായ വളർച്ച ആവേശവും അഭിമാനവും നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ചീമേനിയിലുണ്ടായ രാഷ്ട്രീയ മാറ്റം കേരളത്തിൻ്റെ രാഷ്ട്രീയമാറ്റത്തിൻ്റെ ദിശാസൂചികയാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

സിപിഎം - കോൺഗ്രസ് ധാരണ

ബംഗാളിലും ത്രിപുരയിലും ഉണ്ടായ രാഷ്ട്രീയ മാറ്റത്തിന് സമാനമായി കേരളവും ബിജെപിക്ക് പാകപ്പെടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് മാസത്തെ ഭരണത്തിനിടെ യുഡിഎഫും എൽഡിഎഫും രണ്ട് അല്ല, ഒന്നാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സ്പോൺസർമാരുടെ പിന്നാലെയാണെന്നും ആരൊക്കെയാണ് സഹായികളെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നൽകിയ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാത്തത് പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ നടത്തിയ രക്ഷാപ്രവർത്തനമാണ് വിഡി സതീശനും നടത്തുന്നതെന്ന് ആരോപിച്ച കൃഷ്ണദാസ്, കേസുകൾ അട്ടിമറിക്കുന്നത് സിപിഎം-കോൺഗ്രസ് ധാരണയുടെ ഭാഗമാണെന്നും ആരോപിച്ചു.

ഇന്ത്യ ഒന്നാം ശക്തിയാകും

2046-ഓടെ ഇന്ത്യ ലോകത്തിലെ ഒന്നാം ശക്തിയായി മാറുമെന്നും വിശ്വഗുരുവായി ഉയരുമെന്നും കൃഷ്ണദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണത്തിൻ്റെ ദിശ അതിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊടുങ്കാറ്റിലും ഉലയാത്ത കേഡർമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി പഠനശിബിരങ്ങൾ സംഘടിപ്പിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. പാർട്ടിയുടെ ആശയവും സംഘടനാ പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ പ്രവർത്തകർക്ക് ആഴത്തിലുള്ള പഠനം നൽകുകയാണ് ശിബിരത്തിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പഠനശിബിരം സെപ്റ്റംബർ 27 വരെ

കാസർകോട് ജില്ലയിലെ ബിജെപിയുടെ 10 മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള കാര്യകർത്താക്കളാണ് പഠനശിബിരത്തിൽ പങ്കെടുക്കുന്നത്. മണ്ഡലം ജനറൽ സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ള ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ചീമേനിയിലെ കനിയംതോൽ ട്രീഹുഡ് റിസോർട്ടിലാണ് പഠനശിബിരം നടക്കുന്നത്.

ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച സംസ്ഥാന പ്രസിഡൻ്റ് നവ്യ ഹരിദാസ്, എം സഞ്ജീവ ഷെട്ടി, മേഖലാ പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത്, മുൻ ജില്ലാ പ്രസിഡൻ്റ് വി രവീന്ദ്രൻ, ദേശീയ സമിതി അംഗം പികെ വേലായുധൻ, സംസ്ഥാന സമിതി അംഗങ്ങളായ സതീഷ് ചന്ദ്ര ഭണ്ഡാരി, എ വേലായുധൻ, പ്രമീള സി നായക്ക്, സുധാമ ഗോസാഡ, വിജയകുമാർ റൈ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ മാലിനി ബെള്ളൂർ, യശോദ കുമ്പടാജെ തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച (സെപ്റ്റംബർ 27) വൈകിട്ട് അഞ്ചിനാണ് പഠനശിബിരത്തിൻ്റെ സമാപനം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.    

Article Summary: BJP National Committee member P.K. Krishnadas stated at a study camp in Cheemeni that the BJP, currently with 3 MLAs, can capture power in Kerala within 5 years, citing political shifts and alleging a tacit understanding between CPM and Congress.

#KasargodVartha #BJPKerala #PKKrishnadas #Cheemeni #KasaragodNews #KeralaPolitics #MalayalamNews #AparnaNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia