മുഖ്യമന്ത്രി ഫുൾഫോമിൽ; പ്രസംഗം നീണ്ടത് ഒന്നേകാൽ മണിക്കൂർ; പിന്നാലെ അണികൾ ഇരിപ്പിടം വിട്ടു
● ഒന്നേകാൽ മണിക്കൂർ നീണ്ട പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
● ദേശീയപാത വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചു.
● കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ നിരാശയാണുണ്ടായതെന്ന് മുഖ്യമന്ത്രി.
● പ്രസംഗം നീണ്ടതോടെ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ സംസാരിച്ചത് അല്പനേരം മാത്രം.
● ദീർഘമായ പ്രസംഗത്തിനിടെ സദസ്സിൽ നിന്നും അണികൾ എഴുന്നേറ്റുപോയി.
കുമ്പള: (KasargodVartha) എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത സംഭവങ്ങൾ. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ഒന്നേകാൽ മണിക്കൂറിലേറെ നീണ്ടതോടെ നേതാക്കളും അണികളും ഒരേപോലെ അമ്പരന്നു. വൈകിട്ട് 4.28-ന് ആരംഭിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം 5.45-നാണ് അവസാനിച്ചത്. ഇതോടെ സദസ്സിലിരുന്ന വലിയൊരു വിഭാഗം അണികൾ ഇരിപ്പിടം വിട്ട് സ്ഥലം വിട്ടു.
കേന്ദ്ര സർക്കാരിന്റെ അവഗണന, യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്, കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ എന്നിവ മുഖ്യമന്ത്രി വിശദമായി അവതരിപ്പിച്ചു. മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി ദേശീയപാത വഴി കുമ്പളയിൽ എത്തിയ അനുഭവം പങ്കുവെച്ചുകൊണ്ട് ദേശീയപാത വികസനത്തെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു. എന്നാൽ പ്രസംഗം ഏറെ നീണ്ടുപോയത് സദസ്സിൽ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയത്.
മുഖ്യമന്ത്രി പ്രസംഗം തുടരുന്നതിനിടെ വേദിയിലിരുന്ന എം വി ജയരാജൻ ഉൾപ്പെടെയുള്ള ചില നേതാക്കൾ നിദ്രയിലാകുകയും അണികൾ ഓരോരുത്തരായി സദസ്സ് വിടുകയും ചെയ്തു. പ്രസംഗത്തിനിടെ ശബ്ദം ഇടറിയപ്പോൾ മൂന്നുതവണയാണ് സ്റ്റാഫ് അംഗങ്ങൾ ചൂടുവെള്ളവുമായി അദ്ദേഹത്തെ സമീപിച്ചത്. മുഖ്യമന്ത്രി തന്റെ പ്രസംഗം നിർത്തുമ്പോഴേക്കും സദസ്സിലെ കസേരകളിൽ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയാണുണ്ടായത്.
മുഖ്യമന്ത്രിയുടെ ദീർഘപ്രസംഗത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കളിൽ നീരസം പ്രകടമായിരുന്നു. മുഖ്യമന്ത്രിക്ക് ശേഷം സംസാരിച്ച ഗോവിന്ദൻ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ എന്ന നിലയിലുള്ള തന്റെ പ്രസംഗത്തിൽ ഇടതുപക്ഷ സർക്കാരിൻ്റെ നേട്ടങ്ങൾ ചുരുക്കിപ്പറഞ്ഞു. ‘മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കഴിഞ്ഞു’ എന്നുപറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഭരണകക്ഷിയുടെ ജാഥയുടെ തുടക്കത്തിൽ തന്നെ ഉദ്ഘാടന പ്രസംഗം നീണ്ട് അണികളുടെ ആവേശം കെടുത്തിയ ഇത്തരം ഒരു തുടക്കം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നാലുവർഷത്തെ ചിട്ടയായ പ്രവർത്തനത്തിലൂടെ 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കേരളത്തിന് കഴിഞ്ഞു. കേവല ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കുകയാണ് അടുത്ത ലക്ഷ്യമെന്നും, ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നേട്ടമാണിതെന്നും ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കേരളത്തെ ലോകനിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ പശ്ചാത്തല വികസനത്തിൽ വലിയ കുതിപ്പാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാർ സഹകരിക്കാത്തത് വെല്ലുവിളിയാണെങ്കിലും കിഫ്ബി വഴി 96,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പത്തുവർഷത്തിനിടെ പൂർത്തിയാക്കി. ഉന്നതവിദ്യാഭ്യാസം സൗജന്യമാക്കിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതിക്കൊപ്പം, വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും 38,000 പേർ തൊഴിലിനായി കേരളത്തിലേക്ക് മടങ്ങിയെത്തിയത് സംസ്ഥാനത്തിന്റെ വളർച്ചയുടെ അടയാളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഗീയ കലാപങ്ങളില്ലാത്ത സുരക്ഷിത കേരളം എന്നതാണ് ഈ ജാഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും ഉയർത്താൻ എൽഡിഎഫ് സർക്കാരിന്റെ മൂന്നാം തുടർച്ച അനിവാര്യമാണെന്നും അതിനായി ജനങ്ങളുടെ പരിപൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു.
Updated
അറിയിപ്പ്: നേരത്തെ നൽകിയ വാർത്തയിൽ എം വി ഗോവിന്ദൻ മാസ്റ്റരുടെ പ്രസംഗ ദൈർഘ്യം സംബന്ധിച്ച പരാമർശത്തിൽ പിശക് പറ്റിയിരുന്നു. രണ്ടുമിനിറ്റല്ല, ഇരുപത് മിനുറ്റിലധികം അദ്ദേഹം സംസാരിച്ചിട്ടുണ്ട്. തെറ്റുപറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു.
ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: CM Pinarayi Vijayan's 84-minute-long speech at the LDF Vikasana Munneta Jatha inauguration in Kumbla led to empty seats and visible unease among party leaders.
#PinarayiVijayan #MVGovindan #LDFJatha #KumblaNews #KeralaPolitics #LDFVikasanaMunnetaJatha #KasaragodPolitics #KeralaGovernment






