Allegation | പിണറായി പൊലീസ് - ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നുവെന്ന് എസ് ഡി പി ഐ; വിവിധ പരിപാടികളുമായി കാംപയിന്‍ സംഘടിപ്പിക്കും
● പൊലീസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപണം.
● 'തൃശൂര്‍ പൂരം സംഘര്‍ഷത്തില്‍ പൊലീസിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്നു'.
● 'മുസ്ലിം ലീഗ് മൗനം പാലിക്കുന്നു'.
കാസർകോട്: (KasargodVartha) പിണറായി പൊലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നുവെന്ന പ്രമേയത്തിൽ എഡ്‌സിപിഐ സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 25 മുതല്‍ ആരംഭിച്ച ജനജാഗ്രത കാംപയിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .
അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, ബലാത്സംഗം, തൃശൂര്‍ പൂരം സംഘര്‍ഷ ഭരിതമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അവിശ്വസനീയമായ അക്രമപ്രവര്‍ത്തനങ്ങളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭരണകക്ഷി എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. എഡിജിപിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ചുമതലയില്‍ നിന്നു മാറ്റിനിർത്തി അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്ന് മാത്രമല്ല പേരിനുമാത്രം വകുപ്പ് മാറ്റുകയാണ് ഉണ്ടായത്.
തന്റെ ആരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തോടൊപ്പം തന്നെ പൊലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് നിയമപരമല്ലാത്ത സമാന്തര അന്വേഷണം അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നതായും എംഎല്‍എ ആരോപിക്കുന്നു. തൃശൂര്‍ പൂരം സംഘര്‍ഷഭരിതമാക്കിയതില്‍ പോലീസിന്റെ പങ്ക് സംബന്ധിച്ച് ഘടകകക്ഷി നേതാവ് ശക്തമായ ഭാഷയില്‍ ആക്ഷേപം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. ആര്‍എസ്എസിന്റെ ഉന്നത നേതാക്കളുമായി ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയും ഉന്നത യോഗങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യുന്നു.
ആര്‍എസ്എസ് അജണ്ടയ്ക്കനുസരിച്ച് നീതി രഹിതവും വിവേചനപരവുമായി പൊലീസ് കള്ളക്കേസുകള്‍ ചുമത്തി ന്യൂനപക്ഷ വിഭാഗങ്ങളെയുള്‍പ്പെടെ പീഡിപ്പിക്കുന്നു. ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലയായ മലപ്പുറത്തെ ഭീകരവല്‍ക്കരിക്കുന്നതിന് സ്വമേധയാ കേസുകള്‍ വര്‍ധിപ്പിക്കുന്നു. കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടികളും പാലക്കാടും ആലപ്പുഴയിലും നടന്ന സംഭവങ്ങളില്‍ പൊലീസ് കാണിച്ച വിവേചനവും പക്ഷപാതിത്വവും നീതിബോധമുള്ളവരെ അമ്പരപ്പിക്കുന്നതാണ്. ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ജീപ്പിലും സ്റ്റേഷനിലെ ഇരുട്ടുമുറിയിലും ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ആക്ഷേപിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നും എസ്ഡിപിഐ ഭാരവാഹികൾ ആരോപിച്ചു.
കൊലപാതകങ്ങളടക്കം പ്രമാദമായ പല കേസുകളും ആര്‍എസ്എസ് താല്‍പര്യത്തിനനുസരിച്ച് പൊലീസ് ഒത്തുകളിച്ച് അട്ടിമറിച്ചതായും വ്യക്തമായിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമല്ല, സംഘപരിവാറുകാര്‍ പ്രതികളായ കേസുകളില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കുപോലും നീതി ലഭിക്കാത്ത സാഹചര്യമുണ്ടാവുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന സമീപനം ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടാകുന്നു. മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. എലത്തൂര്‍ തീവെപ്പു കേസിലെ കുറ്റാരോപിതനെ ഷഹീന്‍ ബാഗുമായി ചേര്‍ത്ത് അജിത് കുമാര്‍ നടത്തിയ പ്രസ്താവന ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയുടേതാണ്.
ഭരണകക്ഷി എംഎല്‍എ കൃത്യമായ തെളിവുകള്‍ നിരത്തുകയും ഘടക കക്ഷികളുള്‍പ്പെടെ ആക്ഷേപം ശരിവെക്കുകയും ചെയ്തിട്ടും എഡിജിപിയെ മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മുസ്ലിം ലീഗിന് കൂടുതല്‍ വോട്ട് ബാങ്കുള്ള മലപ്പുറം ജില്ലയ്ക്കെതിരേ പൊലീസിന്റെ ആസൂത്രിത നീക്കങ്ങളുണ്ടായിട്ടും ലീഗ് നേതൃത്വം സമരരംഗത്തു വരാത്തത് നിഗൂഢമാണ്. ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വവുമായുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് കേരളത്തില്‍ നടക്കുന്നത്.
കേരളത്തെയും കേരളത്തിന്റെ മതനിരപേക്ഷതയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനോ ജനങ്ങളെ ബോധവല്‍ക്കരിക്കാനോ സാമ്പ്രദായിക പാര്‍ട്ടികള്‍ക്ക് സാധിക്കാത്തത് അതുകൊണ്ടാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പൊലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് ജില്ലയിൽ പ്രചാരണം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
ജനജാഗ്രതാ കാംപയിന്റെ ഭാഗമായി ജില്ലയിൽ കോര്‍ണര്‍ യോഗങ്ങള്‍, പദയാത്ര, വാഹന ജാഥ, ലഘുലേഖ വിതരണം, ഭവന സമ്പര്‍ക്കം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, ജനറൽസെക്രട്ടറി എഎച്ച് മുനീർ, സെക്രട്ടറി ഖാദർ അറഫ എന്നിവർസംബന്ധിച്ചു.
#Pinarayi #RSS #SDPI #KeralaPolitics #CommunityAwareness #PoliceReform