Analysis | പെരിയ സിപിഎമ്മിന് പ്രഹരമായി
● കേസിൽ മുൻ എംഎൽഎ ഉൾപ്പെടെ 14 പേരെ കുറ്റക്കാരായി കണ്ടെത്തി
● ടി പി വധക്കേസിന് സമാനമായി ഈ കേസും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി
● പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ചിലവഴിച്ചെന്നും ആരോപണമുണ്ട്
കാസർകോട്: (KasargodVartha) യൂത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം സിബിഐ കോടതിയുടെ വിധി കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സിപിഎം മുൻ എംഎൽഎ, ഏരിയ സെക്രടറി, ലോക്കൽ സെക്രടറിമാർ തുടങ്ങി പ്രമുഖ നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട കേസിൽ സിബിഐ കോടതി വിധി സിപിഎമിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.
ഇത് സംസ്ഥാന സർകാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പോലെ സിപിഎമ്മിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിലാക്കിയ കേസുകളിൽ ഒന്നായി പെരിയ കേസ് മാറിയിട്ടുണ്ട്. ഈ കേസിന്റെ പശ്ചാത്തലത്തിൽ, സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന, എകെജിയെ മൂന്ന് തവണ വിജയിപ്പിച്ച കാസർകോട് ലോക്‌സഭാ മണ്ഡലം പോലും അവർക്ക് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. കൊലപാതക രാഷ്ട്രീയം വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നത് സിപിഎമ്മിന് കൂടുതൽ ക്ഷീണമുണ്ടാക്കും.
ഒരു കൊലപാതകം നടന്നാൽ, ഇരയുടെ പക്ഷത്ത് നിൽക്കേണ്ടത് സർകാരാണ്. എന്നാൽ പെരിയ കേസിൽ ഇരകളുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാന സർകാർ അതിനെ എതിർത്തുവെന്നും, പ്രതിസ്ഥാനത്തുള്ള പാർടി പ്രവർത്തകർക്ക് ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് നിയമപരിരക്ഷ നൽകാൻ ശ്രമിച്ചുവെന്നും നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇരട്ടക്കൊലക്കേസിൽ സിപിഎമ്മിന്റെ ആറ് നേതാക്കളടക്കം 14 പേർ കുറ്റക്കാരാണെന്ന കോടതിയുടെ കണ്ടെത്തലിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ സർകാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
കേസ് അട്ടിമറിക്കാൻ സർകാർ പരമാവധി ശ്രമിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കോടതി വിധിയിൽ പൂർണ തൃപ്തരല്ലെന്നും, വെറുതെ വിട്ട പ്രതികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് നീതി ലഭിക്കാതിരിക്കാൻ സർകാർ ശ്രമിച്ചെന്നും, എന്നാൽ അതിനെയെല്ലാം അതിജീവിച്ചാണ് ഇപ്പോഴത്തെ വിധി വന്നതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.
സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് പെരിയയിലേതെന്നും, പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. പെരിയ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിന്റെ ഉന്നത നേതൃത്വമാണെന്ന് ടി സിദ്ദീഖ് എംഎൽഎ ആരോപിച്ചു. കുറ്റക്കാർക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതു ഖജനാവിൽ നിന്ന് രണ്ട് കോടി രൂപ പ്രതികളെ രക്ഷിക്കാൻ സർകാർ ചിലവഴിച്ചെന്നും കോൺഗ്രസ് ആരോപണമുന്നയിച്ചിട്ടുണ്ട്. കേസിൽ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികളെയാണ് സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 10 പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. കേസിൽ കുറ്റക്കാരായവരുടെ ശിക്ഷ ജനുവരി മൂന്നിന് കോടതി പ്രസ്താവിക്കും. ഈ വിധി കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും വഴി തെളിയിക്കും എന്ന് നിസ്സംശയം പറയാം.
#PeriyaMurderCase #CPMKerala #KeralaPolitics #CBIVerdict #PoliticalViolence #Congress