പെരിയ ഇരട്ട കൊല: അന്വേഷണം സിപിഎം ഉന്നത നേതാക്കളിലേക്ക്; ഏരിയ കമിറ്റി ഓഫീസില്‍ പരിശോധന നടത്തി ഓഫീസ് സെക്രടറിയില്‍ നിന്നും മൊഴിയെടുത്തു; ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠനെ ചോദ്യം ചെയ്തു
കാസര്‍കോട്: (www.kasargodvartha.com 07.02.2021) പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം സിപിഎം ഉന്നത നേതാക്കളിലേക്ക്. അന്വേഷണത്തിന്റെ ഭാഗമായി സി പി എം ഉദുമ ഏരിയ കമ്മമി ഓഫീസില്‍ സി ബി ഐ സംഘം പരിശോധന നടത്തി. ഓഫീസ് സെക്രടറിയില്‍ നിന്നും മൊഴിയെടുത്തു.
സി പി എം നേതാവും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠനെ കാസര്‍കോട്ടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഡിവൈ എസ് പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
കൊലപാതകം നടന്ന കല്യോട്ടും സി ബി ഐ സംഘം വീണ്ടും പരിശോധന നടത്തി. പ്രതിപ്പട്ടികയില്‍ 14-ാം പ്രതിയായ സി പി എം മുന്‍ ഏരിയ സെക്രടറിയും ഇപ്പോഴത്തെ കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് സെക്രടറിയും ആയ കെ മണികണ്ഠന് ജാമ്യം കിട്ടിയെങ്കിലും മൊഴിയെടുത്തു. ക്രൈം ബ്രാഞ്ചിന് കൊടുത്ത മൊഴിയില്‍ മാറ്റമൊന്നും ഇല്ലല്ലോ എന്നായിരുന്നു സി ബി ഐ സംഘം മണികണ്ഠനോട് ചോദിച്ചതെന്നാണ് വിവരം.
കൊല നടത്തിയതിന് ശേഷം പ്രതികള്‍ സി പി എം ഏരിയാ കമിറ്റി ഓഫീസില്‍ താമസിച്ചുവെന്നും ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏരിയ കമിറ്റി ഓഫീസില്‍ എത്തി പരിശോധന നടത്തിയത്.
2019 ഫെബ്രുവരി 17 ന് രാത്രിയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം നടന്നത്. ഏച്ചിലടുക്കം റോഡിന് സമീപം കാറിലെത്തിയ സംഘം പതിയിരുന്ന് ഇരുവരെയും ബൈക്ക് തടഞ്ഞ് ക്രൂരമായി വെട്ടി കൊല്ലുകയായിരുന്നു. ദേഹമാസകലം വെട്ടേറ്റ് ശരത് ലാല്‍ ആശുപത്രിയിലേക്കുള്ള വഴിയിലും വെട്ടേറ്റ് തല പിളര്‍ന്ന് കൃപേഷ് സംഭവസ്ഥലത്തുമാണ് കൊല്ലപ്പെട്ടത്.
സിപിഎം പെരിയ ലോകല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരന് (45), ഏച്ചിലടുക്കത്തെ സി ജെ സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല് സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ എം സുരേഷ് (27), ഓടോ ഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി ഗിജിന്‍ (26), ജീപ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര് ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ അശ്വിന് (അപ്പു-18), പാക്കം വെളുത്തോളിയിലെ എ സുബീഷ് (29), തന്നിത്തോട്ടെ എം മുരളി (36), തന്നിത്തോട്ടെ ടി രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന് (42), ആലക്കോട് ബി മണികണ്ഠന്, സി പി എം പെരിയ ലോകല്‍ സെക്രടറി എന്‍ ബാലകൃഷ്ണന്, സി പി എം ഉദുമ ഏരിയ സെക്രടറിയായിരുന്ന കെ മണികണ്ഠന് എന്നിവരാണ് 1 മുതല്‍ 14 വരെ പ്രതികള്‍.
Keywords: News, Kerala, State, Top-Headlines, Kasaragod, Crime, CBI, Investigation, Case, Periya, Murder-Case, CPM, Politics, Political Party, Periya double murder case; CBI inspection at CPM Area Committee office