പെരിയ കേസ്: കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു; 'ധാർമികതയുടെ നേരുയർത്തിപ്പിടിച്ച് രാജി', ഫേസ്ബുക്ക് കുറിപ്പ് വൈറൽ

-
രാജി തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി വരുന്നതിന് മുൻപ്.
-
ഫേസ്ബുക്കിൽ വിശദീകരണ കുറിപ്പ് പങ്കുവെച്ചു.
-
ധാർമ്മികത മുൻനിർത്തിയാണ് രാജിയെന്ന് വാദം.
-
ഉപതെരഞ്ഞെടുപ്പ് ഒഴിവാകും എന്നതാണ് മെച്ചം.
-
പാർട്ടിയുടെ അനുമതിയോടെയുള്ള രാജിയെന്ന് സൂചന.
കാഞ്ഞങ്ങാട്: (KasargodVartha) പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെ. മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. ശനിയാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാണ് രാജിക്കിടയാക്കിയതെന്ന് പ്രതികരിച്ചതിന് പിന്നാലെ, തന്റെ ഫേസ്ബുക്ക് പേജിലൂടെ വിശദമായ കുറിപ്പും പങ്കുവെച്ചു. കമ്യൂണിസ്റ്റ് പൊതുപ്രവർത്തന ജീവിതത്തിലെ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് തന്റെ രാജിയെന്ന് കുറിപ്പിൽ മണികണ്ഠൻ വ്യക്തമാക്കുന്നു.
പെരിയ കേസിൽ 5 വർഷം തടവിനും പിഴയടക്കാനും എറണാകുളം സിബിഐ കോടതിയാണ് കെ മണികണ്ഠനെ ശിക്ഷിച്ചത്. ശിക്ഷയിൽ അപ്പീൽ നൽകിയതിനാൽ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത് ജമ്യം നൽകി ജയിൽ മോചിതനാക്കിയിരുന്നു.
പെരിയ കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ, കെ. മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗം അഡ്വ. ബാബുരാജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വാദം പൂർത്തിയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം അവസാനത്തോടെ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് കെ. മണികണ്ഠൻ്റെ രാജി. ഇത് കമ്മീഷൻ്റെ അയോഗ്യതാ പ്രഖ്യാപനം ഒഴിവാക്കാനുള്ള മുൻകൂർ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകിയ എല്ലാവരോടും നന്ദിയുണ്ടെന്ന് കെ. മണികണ്ഠൻ പ്രസ്താവനയിൽ അറിയിച്ചു. നേരത്തെതന്നെ രാജിവെക്കാൻ പാർട്ടി അനുമതി നൽകിയിരുന്നതായും, നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു മതി രാജിയെന്ന് പാർട്ടി അറിയിച്ചതിനാലാണ് രാജി നീണ്ടുപോയതെന്നും റിപ്പോർട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കൽപ്പിച്ചാൽ അത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും, യു.ഡി.എഫ്. ഇതിനെ രാഷ്ട്രീയ ആയുധമാക്കാതിരിക്കാനുമാണ് ഈ മുൻകൂട്ടിയുള്ള രാജിയെന്നും വിലയിരുത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗത്വ കാലാവധി അവസാനിക്കാൻ ആറുമാസത്തിൽ താഴെ മാത്രം അവശേഷിക്കുന്നതിനാൽ, മണികണ്ഠൻ രാജിവെച്ച വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരില്ല എന്നതും ശ്രദ്ധേയമാണ്.
കെ മണികണ്ഠൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
കമ്യൂണിസ്റ്റ് പൊതുപ്രവർത്തന ജീവിതമെന്നാൽ കാറ്റും കോളുമുള്ള കടലിൽ തോണിയിറക്കലാണ്. ഉയർന്ന തിരമാലകളെ വകയുമ്പോൾ അത് കപ്പൽച്ചേതത്തെ ഓർമിപ്പിക്കും. ശാന്തമായ സുന്ദര തീരങ്ങളെ തഴുകുമ്പോൾ അത് അത്രയും മനോഹരമെന്ന് തോന്നിപ്പിക്കും!
കമ്യൂണിസ്റ്റ് പൊതുപ്രവർത്തനമെന്നാൽ പവിഴം തേടിയുള്ള തോണിയാത്ര തന്നെയാണ്. ആ പവിഴങ്ങൾ ജനപഥങ്ങളുടെ ചരിത്രത്തിൽ മുത്തുകളായും തിളങ്ങുന്ന അഭിമാന സ്തംഭങ്ങളായും പിന്നെയും പിന്നെയും പ്രഭ ചൊരിയും. കമ്യൂണിസ്റ്റ് പൊതുപ്രവർത്തനമെന്നാൽ, മനുഷ്യൻ മനുഷ്യൻ്റെ വാക്കുകൾ സംഗീതം പോൽ ആസ്വദിക്കുന്ന നാളിനായി പടവെട്ടൽ കൂടിയാണ്! ഇതിനിടയിൽ ഇടറി വീണവർ എത്രയെത്ര !!
പൊതു ജീവിതത്തിൽ, മറ്റൊരു മാറ്റത്തിന് സമയമായിരിക്കുന്നു. പാർട്ടി എന്നെ ഏൽപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ഉത്തരവാദിത്തം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി തൽ സ്ഥാനത്തു നിന്നും ഞാൻ രാജിവെച്ചിരിക്കുകയാണ്. അഞ്ച് വർഷത്തേക്കുള്ള കാലാവധി കഴിയാൻ ഇനി ഏതാനും മാസങ്ങൾ മാത്രം ബാക്കിയുള്ള സമയത്ത്, ഇങ്ങനൊരു മാറ്റം എന്തിനെന്ന് പാർട്ടിയെ സ്നേഹിക്കുന്നവരും, എൻ്റെ പൊതുപ്രവർത്തനത്തെ മാനിക്കുന്നവരും തീർച്ചയായും ഉന്നയിക്കും. അവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്.
സ്നേഹിതരേ..., പെരിയ സംഭവത്തിൻ്റെ പേരിൽ സിപിഐ എം നേതാക്കളെ കള്ളക്കേസ്സിൽ പെടുത്തിയതിൻ്റെ ഭാഗമായി സിബിഐ കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നല്ലോ... സംഭവത്തിൽ രാഷ്ട്രീയമായി പ്രതി ചേർക്കപ്പെട്ടവരിൽ ഏക ജനപ്രതിനിധി ഞാൻ മാത്രമാണ്. കേസ്സ് തന്നെ പൂർണ്ണമായും റദ്ദാക്കണമെന്ന അപ്പീൽഹരജി മേൽകോടതിയുടെ പരിഗണനയിലാണ് എന്നതിനാൽ, അതേ പറ്റി കൂടുതൽ പ്രതികരിക്കുന്നില്ല. നീതി സമയത്ത് പ്രവർത്തിച്ചില്ലെങ്കിൽ, ഒരർഥത്തിൽ അവിടെ അനീതിയാകും തുടരുക, എന്ന അംബേദ്കറുടെ പ്രസ്താവനയാണ് ഓർമ വരുന്നത്. കൃത്രിമമായി കെട്ടിപ്പൊക്കിയ കള്ളക്കേസിൽ നിന്നും പൂർണ്ണ മോചിതരായി വരുമെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്.
അപ്പീൽ നൽകിയിട്ടുണ്ടെന്ന വാദം നിരത്തി സാങ്കേതികമായി, പദവിയിൽ തുടരാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടില്ല.! നേരത്തേ രാജിവെക്കണമെന്ന് ആലോചിച്ചതായിരുന്നു. പക്ഷെ അതിൻ്റെ പേരിൽ ഒരു ഉപതെരെഞ്ഞെടുപ്പ് കൂടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന ബോധ്യത്താലാണ് ഇതുവരെ പദവിയിൽ തുടർന്നു പോയത്. ഇനിയൊരു ഇടക്കാല തെരെഞ്ഞെടുപ്പിൻ്റെ സാധ്യതയും ഇല്ല.
ഇത്തരം ധാർമികതയുടേയും മാനുഷികതയുടേയും അളവുകോൽ കമ്യൂണിസ്റ്റ് പൊതുപ്രവർത്തകർക്ക് മാത്രം ഉള്ളതാണ്. വലതുപക്ഷ നുണ പ്രചാരകർക്ക് അത് ഒരിക്കലും കാണാൻ കഴിയില്ല എന്നതും നമുക്കറിയാം! വലതുപക്ഷ നേതാക്കൾ ക്രിമിനൽ കേസിൽ പ്രതിയായാൽ പോലും കേന്ദ്രമന്ത്രിയാകാം! അവർക്ക് സ്ത്രീ പീഡന കേസിൽ പ്രതിയായാൽ പോലും എംഎൽഎ സ്ഥാനത്ത് തുടരാം! കമ്യൂണിസ്റ്റ് പൊതുപ്രവർത്തകർ അങ്ങനെയല്ലല്ലോ. ഞങ്ങളുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ബോധ്യങ്ങളാണവ.
പ്രിയരെ, ഒട്ടും തല കുനിക്കാതെ, ഒട്ടും മറയില്ലാതെ, ഒട്ടും ചാഞ്ചല്യമില്ലാതെ, പാർട്ടിക്കായി... എന്നെ സ്നേഹിക്കുന്നവർക്കായി.... ജനങ്ങൾക്കായി... ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പദവി ഒഴിഞ്ഞിരിക്കുകയാണ്. നിയമത്തേയും നീതി നിർവ്വഹണത്തേയും മാനിക്കുന്ന ഒരാളെന്ന നിലയിലാണ്, കുടിലതയ്ക്കും കാട്ടുനീതിക്കുമെതിരായി ധാർമ്മികതയുടെ നേരുയർത്തിപ്പിടിക്കുന്നത്.
ഞങ്ങളുടെ മേൽ കെട്ടിച്ചമച്ച ഈ കള്ളക്കേസ്സിന് ശേഷമാണ് എന്നെ വൻ ഭൂരിപക്ഷത്തിൽ ബ്ലോക്കു പഞ്ചായത്തിലേക്ക് ജനങ്ങൾ തെരെഞ്ഞെടുത്തത്. അവരുടെ വിശ്വാസവും പ്രതീക്ഷയും കാത്തു സൂക്ഷിച്ചു തന്നെയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാക്കി മാറ്റാൻ കഴിഞ്ഞത്. കക്ഷിരാഷ്ട്രീയത്തിനതീതമായി എൻ്റെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്.
ഇപ്പോൾ പൊതു പ്രവർത്തന ജീവിതത്തിലെ ഒരധ്യായം കഴിഞ്ഞുവെന്നേയുള്ളൂ.... കാറ്റും കോളും നിറഞ്ഞ കടലിൽ നാവികൻ, തോണി ഉലയാതിരിക്കാൻ, ചിലപോഴെല്ലാം പായ് വഞ്ചികളുടെ ദിക്കുകൾ മാറ്റാറുണ്ടല്ലോ! സുഗമ സഞ്ചാരത്തിനാണത്. വൻ തിരമാലകൾ സ്വയം തല്ലി വീഴുന്നത് വരേക്കും മാത്രമാണത്! വേട്ടയാടലുകളും പീഡനങ്ങളും അവഗണനയും അടിച്ചമർത്തലുകളും നേരിട്ടപ്പോഴെല്ലാം പതറാതെ മുന്നോട്ട് പോയി... യാത്ര തുടരും....... എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം.’
കെ. മണികണ്ഠൻ്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ, ഈ രാജി വാർത്തയെയും ഫേസ്ബുക്ക് കുറിപ്പിനെയും കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: K. Manikandan, convicted in the Periya case, resigned as Kanhangad Block Panchayat President.
#PeriyaCase #KManikandan #Kanhangad #Resignation #Kerala