Analysis | പെരിയ കേസ്: സിപിഎം നേതാക്കൾക്കെതിരെയുള്ള സിബിഐയുടെ ഗൂഢാലോചനാവാദം പൊളിഞ്ഞെന്ന് അഡ്വ. സി ഷുക്കൂർ
● സിപിഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഷുക്കൂർ.
● സിബിഐ ചുമത്തിയ ഗൂഢാലോചന കുറ്റം കോടതിയിൽ തെളിയിക്കാൻ സാധിച്ചില്ല.
● 'കേസിൽ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന പലരെയും കോടതി വെറുതെ വിട്ടു'
കാഞ്ഞങ്ങാട്: (KasargodVartha) പെരിയ ഇരട്ടക്കൊലപാതക കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അഭിഭാഷകനും ഇടത് സഹയാത്രികനും നടനുമായ അഡ്വ. സി ഷുക്കൂർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട സിപിഎം നേതാക്കൾക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സിബിഐയുടെ ഗൂഢാലോചന സിദ്ധാന്തം കോടതിയിൽ തെളിയിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
പെരിയ കേസിൽ പതിനാലാം പ്രതിയായ മണികണ്ഠൻ, കാസർകോട് ജില്ലയിലെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയ യുവനേതാവാണ്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് അദ്ദേഹം. സിബിഐയുടെ അന്തിമ റിപ്പോർട്ടിൽ മണികണ്ഠനെതിരെ ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കുറ്റാരോപിതനെ ഒളിപ്പിക്കൽ, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിരുന്നു.
എന്നാൽ കോടതി ശിക്ഷിച്ചത് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു എന്ന കുറ്റത്തിന് മാത്രമാണ്. മറ്റു കുറ്റങ്ങളിൽ നിന്ന് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇരുപതാമത്തെ പ്രതി കെ.വി. കുഞ്ഞിരാമൻ, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്ന് രണ്ടുതവണ ഉദുമ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച വ്യക്തിയാണ്. സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ് അദ്ദേഹം.
കുഞ്ഞിരാമനും മറ്റു പ്രാദേശിക സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവർക്കെതിരെയും ക്രിമിനൽ ഗൂഢാലോചന, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കൽ എന്ന കുറ്റമാണ് സിബിഐ ചുമത്തിയത്. കോടതി വിധി വന്നപ്പോൾ ക്രിമിനൽ ഗൂഢാലോചന, പ്രതിയെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതിൽ ഇല്ലായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്.
മേൽപറഞ്ഞ നാല് പ്രതികളെയും കോടതി ശിക്ഷിച്ചത് ഇന്ത്യൻ ശിക്ഷാനിയമം 225 മൂന്നാം ഖണ്ഡിക പ്രകാരം അഞ്ചുവർഷം സാധാരണ തടവും പതിനായിരം രൂപ പിഴയുമാണ്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഏഴു വർഷമാണ്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതികളല്ലാത്ത പലരെയും പിന്നീട് സിബിഐ കൂട്ടിച്ചേർക്കുകയായിരുന്നു.
സി.പി.എം പാർട്ടിയെ കേസിൽ പെടുത്തുന്നതിന് ബോധപൂർവ്വം സി.പി.എമ്മിന്റെ നേതാക്കളെ പ്രതിപ്പട്ടികയിൽ ചേർത്തു എന്നും എന്നാൽ അവരെ അന്ന് അറസ്റ്റ് ചെയ്യാൻ സിബിഐ തയ്യാറായിരുന്നില്ലെന്നും ഷുക്കൂർ ആരോപിക്കുന്നു. ഗുരുതരമായ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളാണ് സിബിഐ അന്തിമ റിപ്പോർട്ടിൽ നൽകിയതെങ്കിലും കുറ്റകൃത്യം കോടതിയിൽ തെളിയിക്കാൻ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
കേസിനാസ്പദമായ സംഭവം 2019 ഫെബ്രുവരി 17നാണ് നടന്നത്. അതൊരു കൊലപാതകമായിരുന്നു. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. സിപിഎം പാർട്ടി ഈ കുറ്റകൃത്യത്തെ പിന്തുണച്ചിട്ടുണ്ടോ? പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ട നേതാക്കൾ കൊലപാതകം എന്ന കുറ്റകൃത്യം നടക്കുന്നതിന് ഗൂഢാലോചന നടത്തുകയോ സഹായം നൽകുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന് തന്നെയാണ് ഉത്തരം. ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും അങ്ങനെ പ്രചരിപ്പിച്ചിരുന്നുവെങ്കിലും സിബിഐക്ക് പോലും അങ്ങനെ കേസില്ല.
കോടതി വിധി പരിശോധിച്ചാൽ കുറ്റകൃത്യം സംഭവിക്കുന്ന ഘട്ടത്തിലോ അതിനുമുമ്പോ പാർട്ടി നേതാക്കൾ ഒരു സഹായവും കുറ്റകൃത്യം ചെയ്തവർക്ക് നൽകിയിട്ടില്ല എന്ന് വ്യക്തമാകും. സംഭവം നടന്നതിനുശേഷം ആ പ്രദേശത്തെ സാധാരണ ജീവിതം സാധ്യമാക്കുവാൻ ആവശ്യമായ സ്വാഭാവികമായ ഇടപെടലിനപ്പുറം ഈ നേതാക്കൾ ആരും കുറ്റകൃത്യം ചെയ്തവരെ സഹായിക്കാനോ സംരക്ഷിക്കാനോ നിയമവിരുദ്ധമായി യാതൊരു സഹായവും ചെയ്യുവാനോ തുനിഞ്ഞിട്ടില്ലെന്നും കോടതി വിധിയും പറയുന്നു.
പ്രോസിക്യൂഷന് വേണ്ടി 154 സാക്ഷികളെ വിസ്തരിക്കുകയും 494 രേഖകൾ പരിശോധിക്കുകയും 83 മുതലുകൾ പരിശോധിക്കുകയും ചെയ്തു കോടതി. പ്രതിഭാഗത്തിന് വേണ്ടി നാല് സാക്ഷികളെ വിസ്തരിക്കുകയും 196 രേഖകൾ പരിശോധിക്കുകയും ചെയ്തു. കൂടാതെ കോടതി സ്വമേധയാ 2 രേഖകൾ പരിശോധിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ടാണ് കോടതി വിധി പറഞ്ഞത്. നേതാക്കളെ ശിക്ഷിച്ച ഐപിസി 225 വകുപ്പ് പോലും ഗൂഢാലോചനയുടെ ഭാഗമായി സംഭവിച്ചതല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. സിബിഐ ആരോപിച്ചതുപോലെ രണ്ടാം പ്രതിയെ പൊലീസ് ജീപ്പിൽ നിന്നും മോചിപ്പിക്കുന്നതിന് മുമ്പ് നേതാക്കൾക്ക് യാതൊരു ആലോചനയോ നിശ്ചയമോ ഉണ്ടായിരുന്നില്ല.
നേതാക്കളായ 14, 20, 21, 22 പ്രതികൾക്കെതിരെ സാക്ഷികളുടെ ആക്ഷേപം 2019 ഫെബ്രുവരി 18ന് രാത്രി പതിനൊന്നരക്കും 19ന് പുലർച്ചെ ഒരു മണിക്കുമിടയിൽ പാക്കം എന്ന സ്ഥലത്ത് വെച്ച് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടാം പ്രതി സജി ജോർജിനെ മേൽപറഞ്ഞ നാലുപേർ ചേർന്ന് മോചിപ്പിച്ചു എന്നതാണ്. ഈ കാര്യം സ്ഥാപിക്കുവാൻ സിബിഐ നാല് സാക്ഷികളെയാണ് ആശ്രയിച്ചത്. എന്നാൽ ഈ സാക്ഷികൾ പറയുന്ന സമയത്ത് യഥാക്രമം ബേക്കൽ പോലീസ് സ്റ്റേഷനിലെ ജിഡി ചാർജിലും സ്റ്റേഷൻ ക്വാർട്ടേഴ്സിലും ഉണ്ടായിരുന്നുവെന്ന് ബേക്കൽ സ്റ്റേഷനിലെ ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ഈ രേഖ സിബിഐ മനഃപൂർവം മറച്ചുവെക്കുകയും കോടതിയിൽ ഹാജരാക്കാതിരിക്കുകയും ചെയ്തു.
പെരിയ കേസിൽ സിബിഐ പ്രതിപ്പട്ടികയിൽ ചേർത്ത 10 പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കോടതിക്ക് മുമ്പിൽ സ്ഥാപിക്കാൻ കഴിയാത്തതിനാലാണ് അവരെ വെറുതെ വിട്ടത്. നേതാക്കൾ ആരും കൊലപാതകത്തിലോ കൊലപാതകം നടത്തുന്നതിനുള്ള ആലോചനകളിലോ പങ്കാളികളായിരുന്നില്ല എന്നും ഈ വിധിയിൽ വ്യക്തമാണ്. സിബിഐ മെനഞ്ഞ കഥകളിൽ തീരുന്നതല്ല കെ.വിയുടെയും മണികണ്ഠന്റെയും പൊതുപ്രവർത്തനമെന്നും ഷുക്കൂർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പെരിയ കേസിലെ പ്രതി പട്ടികയിൽ പതിനാലമത്തെ പ്രതി A14 ശ്രീ മണികണ്ഠൻ ,
CBI നൽകിയ അന്തിമ റിപ്പോർട്ടിൽ അയാൾക്കെതിരെ ചുമത്തിയ കുറ്റം 120B r/w 201& 212 IPC ( ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കുറ്റ ആരോപിതനെ ഒളിപ്പിക്കൽ), 120 B r/w 225 IPC ക്രിമിനൽ ഗൂഢാലോചന, പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കൽ) എന്നിവയാണ് . ശ്രീ മണികണ്ഠൻ കാസർകോട് ജില്ലയിലെ യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വർഷങ്ങളായി പൊതുരംഗത്ത് പ്രവർത്തിക്കുന്ന യുവനേതാവാണ്. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗവും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും കൂടിയാണ് അയാൾ. സിബിഐ കോടതി ശിക്ഷിച്ചത് 225 IPC പ്രകാരം മാത്രമാണ്. സിബിഐ അന്തിമ റിപ്പോട്ടിൽ പറഞ്ഞ 201,212,120 B IPC എന്നീ കുറ്റകൃത്യങ്ങളിൽ നിന്ന് ബഹുമാനപ്പെട്ട കോടതി അയാളെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. അഥവാ കുറ്റകൃത്യം ചെയ്യുന്നതിലോ, കുറ്റകൃത്യം കഴിഞ്ഞതിനു ശേഷം പ്രതികളെ ഒളിപ്പിച്ചു വെക്കുന്നതിലോ , തെളിവ് നശിപ്പിക്കുന്നതിലോ മണികണ്ഠൻ എന്ന പൊതുപ്രവർത്തകൻ ഉൾപ്പെട്ടിട്ടില്ല എന്നും അത് സംബന്ധമായ ഗൂഢാലോചനയിലും അയാൾ ഉണ്ടായിട്ടില്ല എന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
ഇരൂപതാമത്തെ പ്രതി A20 ശ്രീ കെ വി കുഞ്ഞിരാമൻ @ ഉദുമ കുഞ്ഞിരാമൻ കാസർകോട് ജില്ലയിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ വളർന്ന്, നിരവധി ജനകീയ സമരങ്ങളിൽ നേതൃത്വം നൽകി. രണ്ടുവട്ടം ഉദുമ നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ജനങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ളയാൾ. സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. അയാൾക്ക് എതിരെ CBI നൽകിയ അന്തിമ റിപ്പോർട്ടിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം 120B r/w 225 lPC ആണ്. അയാൾക്കൊപ്പം പ്രതി പട്ടികയിൽ ചേർക്കപ്പെട്ട പ്രാദേശിക സിപിഎം നേതാക്കളായ രാഘവൻ വെളുത്തോള്ളി , കെവി ഭാസ്കരൻ (A21 ,A22) എന്നിവർക്കെതിരെയും ഇതേ വകുപ്പുകൾ ആണ് ചുമത്തിയത്. എന്നാൽ കോടതി വിധി വന്നപ്പോൾ 120B IPC (ക്രികിനൽ ഗൂഢാലോചന ) പ്രതിയെ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ചതിൽ ഇല്ലായിരുന്നു എന്നാണ് കോടതി കണ്ടത്.
മേൽ നാലു പ്രതികളെയും കോടതി ശിക്ഷിച്ചത് ഇന്ത്യൻ ശിക്ഷാനിയമം 225 മൂന്നാം ഖണ്ഡിക പ്രകാരം അഞ്ചുവർഷം സാധാരണ തടവും 10000 രൂപ (പതിനായിരം രൂപ) പിഴയുമാണ്. ( നിയമം അനുശാസിക്കുന്നപരമാവധി ശിക്ഷ ഏഴു വർഷമാണ്) . കേസ് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രതികളെല്ലാത്ത പലരെയും പിന്നീട് CBl കൂട്ടിച്ചേർക്കുകയാണ് ചെയ്തതു.
സിപിഎം പാർട്ടിയെ കേസിൽ പെടുത്തുന്നതിനു ബോധപൂർവ്വം സിപിഎമ്മിന്റെ നേതാക്കളെ പ്രതിപ്പട്ടികയിൽ ചേർത്തു , എന്നാൽ അവരെ അന്നു അറസ്റ്റു ചെയ്യുവാൻ ആ ഘട്ടത്തിൽ CBl തയ്യാറായിരുന്നില്ല. ഗുരുതരമായ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വുപ്പുകൾ ആണ് ചേർത്ത് CBI അന്തിമ റിപ്പോർട്ട് നൽകിയെങ്കിലും കുറ്റകൃത്യം കോടതിയിൽ തെളിയിക്കുവാൻ സാധിച്ചിരുന്നില്ല.
ഈ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 17/ 2 /2019 നാണ്. അതൊരു കൊലപാതകമാണ്. സംഭവത്തിൽ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ആ കുറ്റകൃത്യം ചെയ്യുന്നതിന് സിപിഎം പാർട്ടി പിന്തുണച്ചിട്ടുണ്ടോ? പ്രതി പട്ടികയിൽ ചേർക്കപ്പെട്ട 14, 20,21, 22 പ്രതികളായ നേതാക്കൾ കൊലപാതകം എന്ന കുറ്റകൃത്യം നടക്കുന്നതിന് ഗൂഢാലോചന നടത്തുകയോ സഹായം നൽകുകയോചെയ്തിട്ടുണ്ടോ? ഉത്തരം 'ഇല്ല' എന്നു തന്നെയാണ്.
ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും അങ്ങിനെ പ്രചരിപ്പിച്ചിരുന്നുവെങ്കിലും CBIക്കു പോലും അങ്ങിനെ കേസില്ല. ബഹു 3/ 1/25 കോടതി പുറപ്പെടുവിച്ച വിധിന്യായം പരിശോധിച്ചാൽ കുറ്റകൃത്യം സംഭവിക്കുന്ന ഘട്ടത്തിലോ അതിനുമുമ്പോ പാർട്ടി നേതാക്കൾ ഒരു സഹായവും കുറ്റകൃത്യം നിർവ്വഹിച്ചവർക്ക് നൽകിയിട്ടില്ല എന്ന് തന്നെ ബോധ്യമാവും. ഈ നിലപാട് സംഭവം നടന്ന ഘട്ടത്തിൽ തന്നെ പാർട്ടി നേതാക്കൾ കൃത്യമായി പറഞ്ഞതാണ്.
എന്നാൽ, പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്ന നിലയിൽ സംഭവം നടന്നതിനുശേഷം ആ പ്രദേശത്തെ സാധാരണ ജീവിതം സാധ്യമാക്കുവാൻ ആവശ്യമായ സ്വാഭാവികമായി ഇടപെടലിനപ്പുറത്ത് ഈ നേതാക്കൾ ആരും കുറ്റകൃത്യം ചെയ്തവരെ സഹായിക്കാനോ സംരക്ഷിക്കാനോ നിയമ വിരുദ്ധമായി യാതൊരു സഹായവും ചെയ്യുവാനോ തുനിഞ്ഞിട്ടില്ലെന്നും കോടതി വിധിയും പറയുന്നു.
ഭൂരിപക്ഷം മാധ്യമങ്ങളും ഇടതുവിരുദ്ധ രാഷ്ട്രീയം പേറുന്ന മുഴുവൻ ആൾക്കാരും പ്രാദേശികമായി സംഭവിച്ച കൊലപാതകത്തെ സിപിഎം പാർട്ടി ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടന്നത് എന്ന രീതിയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിന്റെ ലക്ഷ്യം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കലോ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കലോ അല്ല, മറിച്ച് സിപിഎം എന്ന പാർട്ടിയെ ഇല്ലാതാക്കുക മാത്രമാണ്.
ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി 154 സാക്ഷികളെ വിസ്തരിക്കുകയും 494 രേഖകൾ പരിശോധിക്കുകയും 83 മുതലുകൾ പരിശോധിക്കുകയും ചെയ്തു കോടതി. പ്രതിഭാഗത്തിന് വേണ്ടി നാല് സാക്ഷികളെ വിസ്തരിക്കുകയും 196 രേഖകൾ പരിശോധിക്കുകയും ചെയ്തു. കൂടാതെ കോടതി സ്വമേധയാ 2 രേഖകൾ പരിശോധിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ടാണ് കോടതി വിധി പറഞ്ഞത്.
കെവിയും മണിയും എങ്ങിനെ ശിക്ഷിക്കപ്പെട്ടു?
നേതാക്കളെ ശിക്ഷിച്ച 225 IPC വകുപ്പ് പോലും ഗൂഢാലോചനയുടെ ഭാഗമിമായി സംഭവിച്ചതല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. അഥവാ CBI ആരോപിച്ചതു പോലെ രണ്ടാം പ്രതിയെ പോലീസ് ജീപ്പിൽ നിന്നും മോചിപ്പിക്കുന്നതിനു മുമ്പ് നേതാക്കൾ യാതൊരു മുൻ ആലോചനയോ നിശ്ചയമോ ഉണ്ടായിരുന്നില്ല.
പ്രധാനമായും നേതാക്കളായ 14,20,21, 22 പ്രതികൾക്കെതിരെ സാക്ഷികളുടെ ആക്ഷേപം 18 /2 /2019 തീയതി രാത്രി പതിനൊന്നരക്കും 19 /2/2019 പുലർച്ചെ ഒരു മണിക്കും ഇടയിലുള്ള സമയത്ത് പാക്കം എന്ന സ്ഥലത്ത് വെച്ച് പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന രണ്ടാം പ്രതി സജി ജോർജിനെ മേൽ പറഞ്ഞ നാലുപേർ ചേർന്ന് മോചിപ്പിച്ചു എന്നതാണ്. ഈ കാര്യം സ്ഥാപിക്കുവാൻ CBI നാലു സാക്ഷി കളെയാണ് ആശ്രയിച്ചത്. മൂന്നു പേർ കേരള പോലീസിലെ ഉദ്യോഗസ്ഥരും ഒരാൾ ദീപിക റിപ്പോർട്ടറും. ഈ സാക്ഷികൾ PW111 സാക്ഷി മനോജ്, ASI ബേക്കൽ പോലീസ് . PW 113 പ്രശാന്ത് , എസ് ഐ ബേക്കൽ പോലീസ് സ്റ്റേഷൻ. PW130 കോൺഗ്രസ് ബൂത്ത് ഏജന്റ് ആയിരുന്നു മാധവൻ (കോൺഗ്രസ് ഗ്രാമപഞ്ചായത്ത് മെമ്പറിന്റെ ഭർത്താവായ അദ്ദേഹം കോൺഗ്രസ്സ് ആണെന്നു സമ്മതിക്കില്ല) PW 131 മഞ്ചേശ്വരം CI സിബി തോമസ് എന്നിവരയായിരുന്നു. ഈ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നേതാക്കളായ ഈ നാലുപേരെയും ബഹുമാനപ്പെട്ട കോടതി അഞ്ചുവർഷം തടവിന് വിധിച്ചത്.
എന്നാൽ രണ്ടാം പ്രതിയെ പാർട്ടി നേതാക്കൾ മോചിപ്പിച്ചു എന്നു പറയുന്ന സ്ഥലം ബേക്കൽ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള പാക്കത്താണ്. PW 130 മാധവൻ , 18/ 2 /2019 രാത്രി 10.15 മണിക്ക് ASl മനോജിനെ വിളിച്ചു പാക്കം പ്രദേശത്ത് ഒരു കാറ് സംശയാസ്പദമായി കാണുന്നു എന്നും അതിൽ പെരിയ കേസിലെ പ്രതികളാണെന്ന് സംശയിക്കുന്നു എന്നും വിളിച്ചു വിവരം പറഞ്ഞു എന്നും വിവരം ലഭിച്ച , ഒരു സ്വകാര്യ കാറിൽ ASI മാനോജും പോലീസുകാരെയും കൂടി പാക്കത്തേക്ക് പോയി എന്നും പിറകെ തന്നെ അയാൾ വിവരം അറിയിച്ചതനുസരിച്ചും എസ് ഐ പ്രശാന്ത് ഒരു പോലീസ് ജീപ്പിൽ പോലീസുകാരോടൊപ്പം അവിടെ പോയുകയും ചെയ്തു എന്നുമാണ് CBI കേസ്, അപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ , രണ്ടാംപ്രതി സിജി ഒഴികെ ബാക്കിയുള്ളവർ പോലീസിനെ കണ്ടപ്പോൾ ഓടിപ്പോയി എന്നും സിജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു പോലീസ് ജീപ്പിൽ കയറ്റി എന്നും, അപ്പോൾ സ്ഥലത്ത് എത്തിയ A 14 ,20 , 21 , 22 പ്രതികൾ പോലീസ് ജീപ്പിൽ നിന്നും സജിയെ മോചിപ്പിച്ചു കൊണ്ടുപോയി എന്നുമാണ് CBI കേസ്.
അപ്പോൾ സ്ഥലത്ത് എത്തി PW131 സിബി തോമസ് മേൽ 4 പേരെയും രണ്ടാം പ്രതിയെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കുവാനുള്ള ശ്രമം തടയുവാൻ ശ്രമിച്ചു എന്നും എന്നാൽ അതിനു വഴങ്ങാതെ രണ്ടാം പ്രതി സജിയെയും കൊണ്ട് അവർ നാലു പേരും സ്ഥലം വിട്ടുമെന്നുമാണ് ആരോപണം. എന്നാൽ PW111,113 സാക്ഷികൾ ( മനോജും പ്രശാന്തും,) ഈ പറയുന്ന സമയത്ത് യഥാക്രമം ബേക്കൽ പോലീസ് സ്റ്റേഷനിലെ GD ചാർജിലും സ്റ്റേഷൻ ക്വാട്ടേഴ്സിലും ഉണ്ടായിരുന്നുവെന്ന് ബേക്കൽ സ്റ്റേഷനിലെ ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. 17 /2/ 2019 മുതൽ 19 /2 / 2019 വരെയുള്ള ബേക്കൽ പോലീസ് സ്റ്റേഷനിലെ ജനറൽ ഡയറി വിളിച്ചു വരുത്തുകയും പ്രതിഭാഗം രേഖയായി(D147)മാർക്കു ചെയ്തിട്ടുള്ളതാണ്. പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുന്നതും സമയ ബന്ധിതമായി തയ്യാറാക്കുന്നതുമായ രേഖയാണ് ജനറൽ ഡയറി. പ്രസ്തുത രേഖയുടെ പകർപ്പ് അന്വേഷണ മധ്യേ ബന്തവസ്സിൽ എടുത്ത CBI ആയതു മനപൂർവ്വം മറച്ചു വെക്കുകയും കോടതിയിൽ ഹാജരാക്കാതിരിക്കുകയുമാണ് ചെയ്തതു.
ഈ D147 പ്രകാരം (GD) 18/2/19 തിയ്യതി രാത്രി 11 മണി സമയത്ത് സ്റ്റേഷനിൽ പ്രതിഭാഗം ഒന്നാം സാക്ഷി DW1 റിപ്പോർട്ട് ചെയ്ത ഒരു വാഹന അപകടത്തെ തുടർന്നു സംഭവിച്ച മരണം സംബന്ധിച്ച പരാതി PW111 മനോജ് ASI അയാളുടെ സ്വന്തം കൈപ്പടയിൽ രാത്രി 11 മണിക്ക് തന്നെ രേഖപ്പെടുത്തുകയും FIR രജിസ്റ്റർ ചെയ്യുകയും ആയവ യഥാക്രമം D191, 194 രേഖകളായി തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ളതാണ്. ഇങ്ങിനെ നിരവധി ഔദ്യോഗിക രേഖകളും തെളിവുകയും 14, 20, 21,22 പ്രതികൾക്കെതിയുള്ള ആരോപണങ്ങൾ കളവാണെന്നു തെളിയിക്കുന്നവയായി ഉണ്ടായിട്ടും , അവയെല്ലാം മറച്ചു വെച്ചു, നിക്ഷിപ്തതാൽപര്യമുള്ള PW 130 സാക്ഷി മാധവനെ കൊണ്ട് രണ്ടു വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു കഥ മെനഞ്ഞ് കാസർഗോഡ് ജില്ലയിലെ പ്രമുഖ CPM നേതാക്കളായ കെവിയെയും മണികണ്ഠനെയും കേസിൽ ഉൾപ്പെത്തുകയാണ് CBl ചെയ്തതു. അങ്ങിനെ മെനഞ്ഞ കള്ളക്കഥയെ സാധൂകരിക്കുവാൻ കേരള പോലീസിലെ ഉദ്യോഗഥരാ PW111 , 113 , 131 എന്നിവരെ കൊണ്ട് കോടതിയിൽ അവർക്ക് അനുകൂലമായി മൊഴി നൽകുന്നതിനുള്ള സാഹചര്യം സമ്മർദ്ദം വഴി ഒരുക്കുകയുയാണ് CBI ചെയ്തതു.
പെരിയ കേസിൽ പ്രതിയാണെന്നു സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ നിന്നും നാലു CPM നേതാക്കൾ മോചിപ്പിച്ചു എന്നു പറഞ്ഞു സാക്ഷി പറഞ്ഞ Sl പ്രശാന്തും ASI മനോജും രേഖകൾ പ്രകാരം സംഭവ സമയം പാക്കത്തല്ല, ബേക്കൽ സ്റ്റേഷനിലാണ് ഉണ്ടായിരുന്നതെന്നും കോടതിയിൽ ബോധിപ്പിചെങ്കിലും അവരുടെ മൊഴിയാണ് രേഖകളെക്കാൾ വിശ്വാസ്യമെന്നു ബഹു. ജഡ്ജ് കരുതി.
ഈ കേസിൽ CBI പ്രതിപ്പട്ടികയിൽ ചേർത്ത 10 പ്രതികളെയാണ് ബഹുമാനപ്പെട്ട കോടതി വെറുതെ വിട്ടത്.
പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കോടതിക്കു മുമ്പിൽ സ്ഥാപിക്കാൻ കഴിയാത്തതിനാലാണ് അവരെ വെറുതെ വിട്ടത്.
ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണം മേൽക്കോടതി വിധി വരുന്നതുവരെ നിൽക്കുമെങ്കിലും, നേതാക്കൾ ആരും കൊലപാതകത്തിലോ കൊലപാതകം നടത്തുന്നതിനുള്ള ആലോചനകളിലോ പങ്കാളിയായിരുന്നില്ല എന്നും ഈ വിധിയിൽ വ്യക്തമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ , ഇവർക്കെതിരെ കോടതി തെളിഞ്ഞു എന്നു പറഞ്ഞ 225 ൽ ശിക്ഷിച്ചാൽ പോലും അഞ്ച് വർഷത്തെ തടവ് ശിക്ഷ അവർക്ക് നൽകണമായിരുന്നോ? മുമ്പൊരു കുറ്റ കൃത്യങ്ങളിലും പെടാത്ത പൊതു പ്രവർത്തകർക്ക് സ്വയം നവീകരണത്തിനുള്ള അർഹതയില്ലേ? കെ വിയും മണിയും ജനങ്ങൾക്കിടയിൽ തന്നെ പ്രവർത്തിക്കും, CBI മെനഞ്ഞ കഥകളിൽ തീരുന്നതല്ല ആ സഖാക്കളുടെ പൊതു പ്രവർത്തനം.
(PW പ്രോസിക്യൂഷൻ സാക്ഷി ,
DW പ്രതി ഭാഗം സാക്ഷി)
ഷുക്കൂർ വക്കീൽ
#PeriyaCase #CBIFail #CShukkoor #CPM #KeralaPolitics #CourtVerdict