Political Crisis | പിസി ചാക്കോയുടെ രാഷ്ട്രീയ ഭാവി തുലാസിൽ; വാതിലടച്ച് ഇടതുമുന്നണി

● എൻസിപിയിലെ മന്ത്രിമാറ്റം സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ ഇടപെട്ടിട്ടും നടക്കാതെ പോയതിലുള്ള അതൃപ്തി മുഖ്യമന്ത്രിയിൽ തീർക്കുകയായിരുന്നു പിസി ചാക്കോ.
● എൻസിപി പ്രതിനിധിയായി ഇടതുമുന്നണി യോഗത്തിൽ പിസി ചാക്കോയെ അടുപ്പിക്കരുതെന്ന നിലപാട് സിപിഎം നേതാക്കൾക്കുണ്ടായിരുന്നു.
● ഇത് മണത്തറിഞ്ഞ പി സി ചാക്കോ പ്രസിഡണ്ട് സ്ഥാനം ഒഴിയുകയായിരുന്നുവെന്നാണ് പറയുന്നത്.
തിരുവനന്തപുരം: (KasargodVartha) എൻസിപിയുടെ മന്ത്രി തർക്കത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചതോടെ എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച പിസി ചാക്കോയുടെ രാഷ്ട്രീയ ഭാവി തുലാസിൽ.
ഒരു ഭാഗത്ത് എൻസിപി എന്ന ലേബലിൽ ഇടതുമുന്നണിയോടൊപ്പം, മറുഭാഗത്ത് ഇന്ത്യ മുന്നണി എന്ന നിലയിൽ കോൺഗ്രസിനോടൊപ്പവും. പിസി ചാക്കോയുടെ ഈ ചാഞ്ചാട്ടം നേരത്തെ തന്നെ സിപിഎം നേതാക്കൾ ശ്രദ്ധിച്ചിരുന്നതാണ്. ഇടതുമുന്നണി യോഗത്തിലേക്ക് പിസി ചാക്കോയ്ക്ക് വാതിൽ അടയുന്നതിന് മുമ്പ് തന്നെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു തടിയൂരുകയായിരുന്നുവെന്നാണ് രാജി വിലയിരുത്തപ്പെടുന്നത്.
എൻസിപിയിലെ മന്ത്രിമാറ്റം സംസ്ഥാന പ്രസിഡണ്ട് എന്ന നിലയിൽ ഇടപെട്ടിട്ടും നടക്കാതെ പോയതിലുള്ള അതൃപ്തി മുഖ്യമന്ത്രിയിൽ തീർക്കുകയായിരുന്നു പിസി ചാക്കോ. ഇടതുമുന്നണിയുമായുള്ള നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന എൻസിപിയുടെ നേരത്തെ ഉണ്ടായിരുന്ന നിലപാടിൽ മാറ്റം വരുത്താൻ എൻസിപി ദേശീയ നേതൃത്വം തയ്യാറാവാത്തതും പിസി ചാക്കോയ്ക്ക് തിരിച്ചടിയായി. എൻസിപി സംസ്ഥാന അധ്യക്ഷൻ എന്നതിലുപരി കോൺഗ്രസിൽ നിന്ന് ചേക്കേറിയ നേതാവ് എന്ന പരിവേഷമാണ് പിസി ചാക്കോയ്ക്ക് സംസ്ഥാന എൻസിപി നേതൃത്വവും, ദേശീയ നേതൃത്വവും ഇതുവരെ നൽകിയിരുന്നത്. ഇത് പിസി ചാക്കോയെ ചൊടിപ്പിച്ചിരുന്നു.
എൻസിപിയിലെ മന്ത്രി തർക്കം പരിഹാരം ഇല്ലാതെ തുടരുന്നതിനിടെ മന്ത്രിമാറ്റം നടക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചും, മുഖ്യമന്ത്രിയെ വിമർശിച്ചും പിസി ചാക്കോ തിരുവനന്തപുരത്ത് ജില്ല നേതൃയോഗത്തിൽ നടത്തിയ പ്രസംഗം കഴിഞ്ഞദിവസം വീഡിയോ ക്ലിപ് ആയി പുറത്തുവന്നിരുന്നു. ഇത് സിപിഐഎം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. എൻസിപി പ്രതിനിധിയായി ഇടതുമുന്നണി യോഗത്തിൽ പിസി ചാക്കോയെ അടുപ്പിക്കരുതെന്ന നിലപാട് സിപിഎം നേതാക്കൾക്കുണ്ടായിരുന്നു. ഇത് മണത്തറിഞ്ഞ പി സി ചാക്കോ പ്രസിഡണ്ട് സ്ഥാനം ഒഴിയുകയായിരുന്നുവെന്നാണ് പറയുന്നത്.
അതിനിടെ പിസി ചാക്കോ മന്ത്രിയാക്കാൻ ശ്രമിച്ചിരുന്ന തോമസ് കെ തോമസിനെ ഒപ്പം നിർത്തി എൻസിപിയിൽ പിളർപ്പുണ്ടാക്കി ഒരു വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള ശ്രമം പി സി ചാക്കോ നടത്തുന്നതായി സൂചനയുണ്ട്. എന്നാൽ ഈ നീക്കത്തോട് യുഡിഎഫ് നേതൃത്വം അനുകൂലമായി ഇത് വരെ പ്രതികരിച്ചിട്ടില്ല.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
PC Chacko's political future faces uncertainty after he criticized the CM and resigned from the NCP's state president position.
#PCChacko #PoliticalCrisis #NCP #LeftFront #KeralaPolitics #Congress