city-gold-ad-for-blogger

യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഐഎൻഎൽ; മാനനഷ്ട കേസ് കൊടുക്കുമെന്ന് ഷക്കീല ബഷീർ

Image Representing Financial Fraud Allegations Against UDF Candidate Shakkeela Basheer by INL She Threatens Defamation Suit
KasargodVartha Photo

● കുടുംബശ്രീയുടെ പേരിലും സ്വന്തം പേരിലും 10 ലക്ഷത്തിലധികം രൂപ വായ്പയെടുത്ത് റവന്യൂ റിക്കവറി നേരിടുന്നതായി ആരോപിച്ചു.
● നാമനിർദ്ദേശ പത്രികയിൽ വായ്പാ വിവരങ്ങൾ മറച്ചുവെച്ചു എന്നും ആരോപിക്കുന്നു.
● 'ലൈഫ് മിഷൻ വീട് പാസാക്കിയതിലും കുറി എന്ന പേരിലും ക്രമക്കേട് നടത്തി.'
● തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടർക്കും പരാതി നൽകി, കോടതിയെ സമീപിക്കുമെന്ന് ഐഎൻഎൽ.
● ഐഎൻഎല്ലിന്റെ പരാജയഭീതിയാണ് ആരോപണത്തിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം.

കാസർകോട്: (KasargodVartha) പള്ളിക്കര പഞ്ചായത്ത് നാലാം വാർഡ് (മവ്വൽ) യു.ഡി.എഫ് സ്ഥാനാർത്ഥി ഷക്കീല ബഷീറിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ഐ.എൻ.എൽ നേതാക്കൾ രംഗത്ത്. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇല്ലാത്തതും കെട്ടി ചമച്ചതുമായ ആരോപണം ഉന്നയിച്ചവർക്കെതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് ഷക്കീല ബഷീർ കാസർകോട് വാര്‍ത്തയോട് പ്രതികരിച്ചു.

കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ഐ.എൻ.എൽ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് ഇബ്രാഹിം ഹാജി, ജനറൽ സെക്രട്ടറി മൊയ്തു ഹദ്ദാദ്, ഐ.എം.സി.സി ഷാർജ ജനറൽ സെക്രട്ടറി മനാഫ് ഹദ്ദാദ് തുടങ്ങിയവർ ലീഗ് സ്ഥാനാർത്ഥിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്

തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയതായും വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും ഐഎൻഎൽ നേതാക്കൾ അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പിന്റെ അവസാനം ഇല്ലാത്ത കാര്യങ്ങൾ പൊക്കിപ്പിടിച്ചു കൊണ്ട് വാർത്താ സമ്മേളനം നടത്തിയത് ഐഎൻഎല്ലിന്റെ വാർഡിലെ തികഞ്ഞ പരാജയഭീതി കാരണമാണെന്നാണ് സ്ഥാനാർത്ഥിയും യു ഡി എഫ് നേതൃത്വവും പറയുന്നത്.

ധനലക്ഷ്മി ബാങ്ക് ഉൾപ്പെടെ വിവിധ ബാങ്കുകളിലൂടെ കുടുംബശ്രീയുടെ പേരിൽ ലക്ഷങ്ങൾ വായ്പയെടുത്ത് റവന്യൂ റിക്കവറി നടപടി സ്ഥാനാർത്ഥി നേരിട്ടതായും ഇക്കാര്യം നാമനിർദ്ദേശ പത്രിക നൽകുമ്പോൾ മറച്ചുവെച്ചുവെന്നുമാണ് ഐ എൻ എൽ ആരോപിക്കുന്നത്. പനയാൽ സർവീസ് സഹകരണ ബാങ്കിൽ നിന്ന് സ്വന്തം പേരിൽ രണ്ടര ലക്ഷം രൂപ എടുത്തിട്ടുണ്ടെന്നും ഐഎൻഎൽ നേതാക്കൾ പറഞ്ഞു. കൂടാതെ, 75 വയസ്സുള്ള നബീസ എന്ന സ്ത്രീയുടെ പേരിൽ ആട് വളർത്തൽ കേന്ദ്രത്തിന് വേണ്ടി 1,40,000 രൂപ, മുബാറക്ക് ആട് വളർത്തൽ കേന്ദ്രം എന്ന പേരിൽ 1,24,000 രൂപ, മൊത്തത്തിൽ ഏകദേശം 10 ലക്ഷം രൂപയിലധികം വായ്പ സ്വന്തമാക്കിയതായാണ് ആരോപണം.

പേഴ്സണൽ ലോൺ (ആൾ ജാമ്യം) ആയി 30,000 രൂപ സ്വന്തമായി എടുക്കുകയും മറ്റൊരാളെ ജാമ്യമാക്കി 55,000 രൂപ വാങ്ങിക്കൊടുക്കുകയും ചെയ്തതായും ഇവക്കെതിരെ കേസുകൾ നിലനിൽക്കുന്നതായും നേതാക്കൾ ആരോപിച്ചു. പാലക്കുന്ന് ധനലക്ഷ്മി ബാങ്കിൽ 16 അംഗങ്ങളുള്ള കൂട്ടായ്മ രൂപീകരിച്ച് 20 ലക്ഷം രൂപ ലഭ്യമാക്കിയതായും അവർ ആരോപിക്കുന്നു. ബാങ്ക് ഓഫ് ഇന്ത്യയിൽ 'റിഫാഹിയ അയൽക്കൂട്ടം' എന്ന പേരിൽ ഏകദേശം 20 ലക്ഷം രൂപ നേടിയതായും, ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഷക്കീല ബഷീറിനും ബന്ധപ്പെട്ട കൂട്ടായ്മയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇവയിൽ ഒന്നും തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഐഎൻഎൽ ആരോപിച്ചു.

ലൈഫ് മിഷൻ വീടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ

2017-18 ൽ ഷക്കീല ബഷീർ മൂന്ന്-ാം വാർഡിലെ മെമ്പറായിരിക്കെ, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മറ്റൊരാളുടെ സ്ഥലം കാണിച്ചു ലൈഫ് മിഷൻ വീട് പാസാക്കിക്കൊടുത്തു, ആദ്യ ഗഡു തുക കൈപ്പറ്റിയതായും ആരോപണമുണ്ട്. കൂടാതെ, 2020ൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരിക്കെ കുറി എന്ന പേരിലും കുടിൽ വ്യവസായം എന്ന പേരിലും സ്ത്രീകളിൽ നിന്ന് പണം സ്വീകരിച്ചുവെന്നുമാണ് ആരോപണം. ലൈഫ് പദ്ധതിയിൽ 1200 ചതുരശ്ര അടിയിൽ അധികമുള്ള വീട് പണിയാൻ ശ്രമിക്കുന്നുവെന്നും 400 സ്‌ക്വയർ ഫീറ്റ് വീടിന്റെ പ്ലാനാണ് എന്നിരിക്കെ പകുതി ഭാഗം തറ മറച്ച് നിർമ്മാണം പുരോഗമിപ്പിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

കെട്ടിചമച്ച ആരോപണമെന്ന് സ്ഥാനാർത്ഥി

അതേ സമയം, തനിക്കെതിരെ ഉന്നയിച്ചത് കെട്ടിചമച്ച ആരോപണമാണെന്നും തനിക്ക് ഒരു ബാങ്കിൽ നിന്നും റിക്കവറി നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഷക്കീല ബഷീർ പറഞ്ഞു. നിയമപ്രകാരമുള്ള രീതിയിലാണ് വീട് നിർമ്മിക്കുന്നതെന്നും തൻ്റെ ഭർത്താവ് ഓട്ടോ റിക്ഷാ ഡ്രൈവറാണെന്നും താനിപ്പോൾ വാടകയ്ക്കാണ് താമസിക്കുന്നതെന്നും ഷക്കീല ബഷീർ വ്യക്തമാക്കി. തനിക്കെതിരെ നിരന്തരം അപകീർത്തി ഉന്നയിക്കുകയാണെന്നും മുമ്പ് ടി സിദ്ദീഖ് ലോകസഭാ തെരെഞ്ഞടുപ്പിൽ പരാജയപ്പെട്ടപ്പോൾ അംഗൺവാടി അധ്യാപികയായിരുന്ന തനിക്ക് നേരെ അങ്കണവാടി മുറ്റത്തേക്ക് ആഹ്ളാദ പ്രകടനവുമായി വന്ന ഐഎൻഎൽ പ്രവർത്തകർ ബോംബെറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ടെന്നും ഷക്കീല ബഷീർ പറഞ്ഞു. അതോടെയാണ് തനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നത്. കുടുംബശ്രീ ലോണെടുത്തത് 19 പേർ ചേർന്നാണെന്നും അല്ലാതെ താനല്ലെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്തെ ഈ ആരോപണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: INL alleges financial fraud against UDF candidate Shakkeela Basheer.

#KasaragodElection #Palliccara #UDFCandidate #INLAllegations #FinancialFraud #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia