Apology | രാജി, മാപ്പപേക്ഷ, ആര്യാടന്‍ ഷൗക്കത്തിനെതിരെ പരിഹാസം; പി വി അൻവർ നിയമസഭയുടെ പടിയിറങ്ങി; ഇനി പുതിയ രാഷ്ട്രീയ യാത്ര

● സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരമറിയിക്കാനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
● മമത ബാനർജിയുടെ നിർദേശപ്രകാരമാണ് എംഎൽഎ സ്ഥാനം രാജിവെക്കാൻ അൻവർ തീരുമാനിച്ചതെന്ന് സൂചനയുണ്ട്.
● രാജിയോടെ പി വി അൻവർ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ നാടകീയമായ വഴിത്തിരിവുകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
തിരുവനന്തപുരം: (KasargodVartha) എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ നിയമസഭയുടെ പടിയിറങ്ങിയതോടെ നിലമ്പൂർ മണ്ഡലം രാഷ്ട്രീയ ശ്രദ്ധ ആകർഷിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറിയതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് അൻവറിന്റെ രാജി. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരമറിയിക്കാനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് അൻവറിന്റെ രാജിയുണ്ടായിരിക്കുന്നത്. മമത ബാനർജിയുടെ നിർദേശപ്രകാരമാണ് എംഎൽഎ സ്ഥാനം രാജിവെക്കാൻ അൻവർ തീരുമാനിച്ചതെന്ന് സൂചനയുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ കേരള കോർഡിനേറ്ററായി പ്രവർത്തിക്കുമെന്ന് അൻവർ നേരത്തെ അറിയിച്ചിരുന്നു.
രാജിയോടെ പി വി അൻവർ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ നാടകീയമായ വഴിത്തിരിവുകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ ഉന്നയിച്ച അഴിമതി ആരോപണത്തിൽ പരസ്യമായി മാപ്പ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ നിർദേശപ്രകാരമാണ് വി ഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചതെന്ന് അൻവർ വെളിപ്പെടുത്തി. തനിക്ക് ടൈപ്പ് ചെയ്ത് നൽകിയ പ്രസ്താവനയാണ് സഭയിൽ വായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച അൻവർ, സതീശനോടും കേരള സമൂഹത്തോടും പരസ്യമായി മാപ്പ് അപേക്ഷിച്ചു. പിതാവിനെപ്പോലെ സ്നേഹിച്ചിരുന്ന മുഖ്യമന്ത്രിയെയും കുടുംബത്തെയും സഭയിൽ ആക്രമിക്കുന്നത് സഹിക്കവയ്യാതെയാണ് അത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അൻവർ വിശദീകരിച്ചു.
തൃണമൂൽ കോൺഗ്രസ് നേതൃത്വമാണ് രാജിക്ക് നിർദേശം നൽകിയത്. കേരളത്തിലെ തൃണമൂൽ നേതാക്കളും ബിഷപ്പുമാരുമായി ആലോചിച്ച ശേഷമാണ് രാജി തീരുമാനം എടുത്തതെന്നും അൻവർ വ്യക്തമാക്കി. പാർലമെൻ്റിൽ വന്യജീവി ആക്രമണ വിഷയം ശക്തമായി ഉന്നയിക്കാമെന്ന് തൃണമൂൽ കോൺഗ്രസ് ഉറപ്പ് നൽകിയിട്ടുണ്ട്. പാർട്ടിയുടെ കേരള കോർഡിനേറ്ററായി അൻവർ പ്രവർത്തിക്കും.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പ്രഖ്യാപിച്ചു. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദേശവും അദ്ദേഹം യുഡിഎഫിന് മുന്നിൽ വെച്ചു. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ പിന്തുണയുടെ കാര്യത്തിൽ മാറ്റമുണ്ടാകുമെന്നും അൻവർ സൂചിപ്പിച്ചു.
ആര്യാടൻ ഷൗക്കത്തിനെ ഒരു സിനിമാ-സാംസ്കാരിക പ്രവർത്തകനായി മാത്രമേ പരിചയമുള്ളൂവെന്നും കണ്ടിട്ട് നാളുകളായെന്നും അൻവർ പറഞ്ഞു. സാധാരണ വിവാഹ ചടങ്ങുകളിൽ പോലും ഷൗക്കത്തിനെ കാണാറില്ല. സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ ആയാൾ ഇപ്പോൾ കഥയെഴുതുകയാണ് എന്നാണ് പറഞ്ഞതെന്നും അൻവർ പരിഹസിച്ചു. പിണറായി സർക്കാരിൻ്റെ അവസാനത്തിന് 482 ദിവസങ്ങൾ മാത്രമാണുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.
കൊൽക്കത്തയിൽ മമത ബാനർജിയെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അൻവറിൻ്റെ രാഷ്ട്രീയ മാറ്റങ്ങൾ കേരള രാഷ്ട്രീയത്തിൽ എന്ത് ചലനങ്ങൾ സൃഷ്ടിക്കുമെന്നത് ഉറ്റുനോക്കേണ്ട കാര്യമാണ്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ രാഷ്ട്രീയ സാധ്യതകളും ചൂടുപിടിച്ചിരിക്കുകയാണ്.
#PVAnwar, #TrinamoolCongress, #KeralaPolitics, #VDSatheesan, #NilamburElections, #PoliticalShift