'ആർഎസ്എസ് വെല്ലുവിളിക്കുന്നു' കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കരുത്ത് പകരാൻ സമയമായി: പി സന്തോഷ് കുമാർ എം പി
● രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പണവും മതവും ജാതിയും സ്വാധീനം ചെലുത്തുന്നു.
● സ്വാതന്ത്ര്യസമര പൈതൃകമുള്ള പാർട്ടി ഈ പ്രതിസന്ധികളെ മറികടക്കണം.
● പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദികളെ നേരിടാൻ സി.പി.ഐ. മുന്നിൽ നിന്നു.
● ആർഎസ്എസ് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായി തിരികെ വന്നിരിക്കുന്നു.
വെള്ളരിക്കുണ്ട് (കാനം രാജേന്ദ്രൻ നഗർ): (KasargodVartha) രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ ചെറുത്തുതോൽപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പി. സന്തോഷ് കുമാർ എം.പി. സി.പി.ഐ. കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം വെള്ളരിക്കുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ എല്ലാ ഭാഗത്തും പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ് സി.പി.ഐ. പുതിയൊരു ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ, നിരവധി സഖാക്കളെ നഷ്ടപ്പെടുത്തിയ ത്യാഗപാരമ്പര്യമുള്ള മറ്റൊരു പ്രസ്ഥാനം വേറെയുണ്ടാകില്ല. ജന്മിത്വത്തിനും ജാതി വ്യവസ്ഥക്കും അനാചാരങ്ങൾക്കുമെതിരായ ഐതിഹാസിക പോരാട്ടങ്ങളിലൂടെയാണ് ഈ പാർട്ടി വളർന്നുവന്നത്.
കയ്യൂരും കാവുമ്പായി രക്തസാക്ഷിത്വത്തിന് ഒന്നര പതിറ്റാണ്ട് പൂർത്തിയാകും മുമ്പേ നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്ന സാഹചര്യമുണ്ടായി. അതിന്റെ രാഷ്ട്രീയം ഇന്ന് പ്രസക്തമാണോ എന്ന് ചോദിച്ചാൽ ഒട്ടും പ്രസക്തമല്ലെന്ന് പറയാം.
അന്ന് പിളർത്തിയ കാലഘട്ടത്തിൽ ഉന്നയിച്ച മുദ്രാവാക്യങ്ങളൊക്കെ അപ്രസക്തമാവുന്ന കാലഘട്ടത്തിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും രാജ്യത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തിനെ അത് നല്ലതുപോലെ ചോർത്തിക്കളഞ്ഞു എന്നത് എല്ലാവരും ഉൾക്കൊള്ളേണ്ട സത്യസന്ധമായ ഒരു പാഠമാണ്.
പല പ്രതിസന്ധികളെയും അവഗണിച്ച് കാസർകോടും കണ്ണൂരിലെയും സി.പി.ഐ. പതുക്കെപ്പതുക്കെ നടന്നുപന്തലിച്ച് വളർന്നു. ഈ പ്രസ്ഥാനം ഇതോടുകൂടി അവസാനിച്ചുപോകും എന്ന് കരുതിയിരുന്ന ധാരാളം പേരുണ്ടായിരുന്നു.
എന്നാൽ ഇന്ന് കണ്ണൂരും, കാസർകോടും വയനാടുമുൾപ്പെടെയുള്ള ഈ നാട്ടിൽ അവസാനിച്ച ഒരു രാഷ്ട്രീയ പാർട്ടിയായിട്ടല്ല, മറിച്ച് ഈ ജില്ലകളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്താവുന്ന പാർട്ടിയായി സി.പി.ഐ. മാറിയിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ഒരുപാട് കരുത്താർജ്ജിക്കേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളത്. അതിനുള്ള പ്രവർത്തനം കൂടുതൽ ശക്തമാക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്പെടുത്തുന്നതിനും അതിന്റെ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിനും പുതിയ വഴികൾ കണ്ടെത്തുന്നതിനും വേണ്ടിയാണ് പാർട്ടി സമ്മേളനങ്ങൾ നടന്നുവരുന്നത്.
രാജ്യത്തെ തിരഞ്ഞെടുപ്പ് എന്നത് ഇന്ന് വളരെ സങ്കീർണ്ണമായ രാഷ്ട്രീയ പ്രക്രിയയായി മാറി. പണവും മതവും ജാതിയുമെല്ലാം അതിനകത്ത് നല്ലതുപോലെ സ്വാധീനം ചെലുത്തുന്നു. ഇന്ന് കാണുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അതിന്റെ ഫലവും പങ്കാളിത്തവും വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തൊരു ചെറിയ ശക്തിയാണെന്ന് ആർക്കും പറയാൻ കഴിയില്ല.
സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്ന ഒരു പാർട്ടി ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ ശക്തിപ്പെട്ടേ മതിയാവൂ എന്ന് ആഗ്രഹിക്കുന്ന ധാരാളം ആളുകൾ പാർട്ടിക്ക് പുറത്തുണ്ട്. ഇവരെ കോർത്തിണക്കാൻ നമുക്കാവുന്നില്ല എന്ന കുറവ് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഏറ്റവും വലിയ കേന്ദ്രമായി മാറിയ പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദികളെ നേരിടാൻ ഏറ്റവും മുന്നിൽ നിന്ന പാർട്ടി സി.പി.ഐ.യാണ്. ആ കരുത്താണ് അവിടെ നടക്കാൻ പോകുന്ന പാർട്ടി കോൺഗ്രസ് വിജയിപ്പിക്കാൻ ജനങ്ങൾ മുന്നോട്ട് വന്നിരിക്കുന്നതിൽ വ്യക്തമാകുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാർക്കെതിരെ മാത്രമുള്ള സമരമായിരുന്നില്ല. അത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുന്നവർക്കെതിരെയുള്ള സമരം കൂടിയായിരുന്നു. അന്ന് ബ്രിട്ടനെയും ആർ.എസ്.എസിനെയും പരാജയപ്പെടുത്തി. എന്നാൽ ഇന്ന് ആർ.എസ്.എസ്. ദേശീയ രാഷ്ട്രീയത്തിൽ പതിൻമടങ്ങ് ശക്തിയോടെ തിരികെ വരികയും ഇന്ന് അവർ നിയന്ത്രിക്കുകയും ചെയ്യുന്ന ഘടകമായി മാറി.
ഇന്ന് അവർ കൈവെക്കാത്ത ഒരു മേഖലയുമില്ല. ഭരണഘടനയും ഫെഡറൽ സംവിധാനങ്ങളെയും അട്ടിമറിക്കുന്നു. ഫെഡറൽ സംവിധാനങ്ങളോടും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടും ബി.ജെ.പി. സർക്കാർ കാണിക്കുന്ന നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും സ്വീകരിച്ച നിലപാട് ദൗർഭാഗ്യകരമാണ്. ഇതെല്ലാം തിരിച്ചറിഞ്ഞ് കൂടുതൽ കരുത്താർജ്ജിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നേറേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക,
Article Summary: P. Santhosh Kumar MP urges strengthening Communist Party against RSS.
#CPI #KeralaPolitics #PramukhNews #SanthoshKumarMP #Kasargod #IndianPolitics






