PK Firos | പിണറായി സർക്കാരിന് മലബാറിനോട് അയിത്തമെന്ന് പി കെ ഫിറോസ്
കാസർകോട്: (KasaragodVartha) പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന് എപ്പോഴും മലബാറിനോട് അയിത്തമാണെന്നും പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതിൽ നിരന്തരമായി മലബാറിനോട് കാണിക്കുന്ന അവഗണന ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
എസ്എസ്എൽസിക്ക് ശേഷം തുടർ പഠനത്തിന് അർഹത നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം ലഭിക്കാൻ പ്ലസ് വണിന് അധിക ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് മലബാറിൽ പത്താം ക്ലാസ് പാസായിട്ടും ഇഷ്ടപ്പെട്ട വിഷയത്തിന് തുടർപഠനം നടത്താൻ കഴിയാതെ പെരുവഴിയിൽ നിൽക്കുന്നത്. നിരന്തരമായി ഈ പ്രശ്നങ്ങൾ ഭരണകൂടത്തിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടും അത് പരിഹരിക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേരളത്തിൽ ബാറുകൾ തുടങ്ങാൻ കാണിക്കുന്ന താൽപര്യത്തിൻ്റ നൂറിൽ ഒന്നുപോലും മലബാറിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ ബാച്ചുകൾ തുടങ്ങുന്ന കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി.
വിദ്യഭ്യാസ മന്തി വി ശിവൻ കുട്ടി കൊണ്ട് വന്ന ഏക പരിഷ്കാരം പെൺകുട്ടികളുടെ വേഷത്തിൽ മാറ്റം കൊണ്ട് വരിക എന്നുള്ളതാണ്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വേഷം മാറ്റിയുള്ള ജെൻഡർ കൺഫ്യൂഷനല്ല കേരളത്തിലെ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നതെന്നും അവർക്ക് പഠിക്കാനുള്ള അവസരങ്ങളാണ് വേണ്ടതെന്നും ഫിറോസ് പറഞ്ഞു. പ്ലസ് വൺ പഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് ആവശ്യമായ അധിക ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ ശക്തമായ തുടർ സമരങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി ഹമീദലി, പി.എം മുനീർ ഹാജി, എ.കെ.എം അഷ്‌റഫ് എം.എൽ.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, എം. അബ്ബാസ്, എ.ബി ശാഫി, അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, ബദറുദ്ദീൻ കെ.കെ, അഷ്‌റഫ് എടനീർ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അനസ് എതിർത്തോട്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് താഹ ചേരൂർ, കെ.പി മുഹമ്മദ് അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ഖാലിദ് ബിലാൽ പാഷ, അൻവർ ചേരങ്കൈ, മുംതാസ് സമീറ, ഷാഹിന സലീം, കലാഭവൻ രാജു, കാപ്പിൽ മുഹമ്മദ് പാഷ, എ.പി ഉമ്മർ, ഖാദർ ഹാജി ചെങ്കള, സി. മുഹമ്മദ് കുഞ്ഞി, സി.എ അബ്ദുള്ള കുഞ്ഞി ഹാജി, ഇബ്രാഹിം പാലാട്ട്, അഡ്വ: പി.എ ഫൈസൽ സംസാരിച്ചു.