Baby Balakrishnan | 21-ാം വയസിൽ പഞ്ചായത് പ്രസിഡൻ്റായി ചരിത്രമെഴുതി; അംഗീകാരങ്ങൾ കരസ്ഥമാക്കി പി ബേബി ബാലകൃഷ്ണൻ കർമപഥത്തിൽ മുന്നോട്ട്
2004-ൽ ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് മികച്ച വനിതാ ലീഡർ അവാർഡ് ലഭിച്ചിരുന്നു
കാസർകോട്: (KasaragodVartha) 1995ൽ മടിക്കൈ പഞ്ചായത് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പി ബേബി ബാലകൃഷ്ണന് പ്രായം 21 വയസ് മാത്രം. അന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത് പ്രസിഡൻ്റായി ചരിത്രമെഴുതി. ഇന്ന് ജില്ലാ പഞ്ചായത് അധ്യക്ഷ പദവിയിലിരിക്കുമ്പോഴും അതേ ചുറുചുറുക്കോടെ, അംഗീകാരങ്ങൾ കരസ്ഥമാക്കി കർമപഥത്തിൽ അവർ മുന്നോട്ട് കുതിക്കുകയാണ്.
പൊതുപ്രവർത്തന രംഗത്ത് വൈവിധ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ബേബി ബാലകൃഷ്ണൻ ഏറ്റവും ഒടുവിൽ യുആർബി ഗ്ലോബൽ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കാസർകോട് സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുള്ള ജില്ലയായി പ്രഖ്യാപിക്കപ്പെടുകയാണ്. കൂടാതെ കാസർകോട് ജില്ലാ പഞ്ചായത് സ്വന്തം ഔദ്യോഗിക വൃക്ഷം, പക്ഷി, മൃഗം, ചെടികൾ എന്നിവ പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണത്തിനായി നടപടികൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായതാണ്. ഈ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്.
2004-ൽ ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് മികച്ച വനിതാ ലീഡർ അവാർഡ് ബേബി ബാലകൃഷ്ണന് ലഭിച്ചിരുന്നു. കൂടാതെ പഞ്ചായതിന് രണ്ട് തവണ കേരള സർകാരിൽ നിന്ന് മികച്ച പഞ്ചായത് അവാർഡ് ലഭിച്ചു. 2005 ൽ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റും പ്രസിഡൻ്റുമാരുടെ പ്രസിഡൻ്റുമായി. സൗത് ഏഷ്യ പങ്കാളിത്ത പരിപാടിയിലും പങ്കെടുത്തു. സർകാരിൻ്റെ പ്രതിനിധി സംഘമെന്ന നിലയിൽ 2008-ൽ ലണ്ടൻ, സ്വിറ്റ്‌സർലൻഡ് സന്ദർശിച്ചു. പ്രസിഡന്റായ കാലയളവിൽ ജില്ലാ പഞ്ചായതിന് 2021ൽ അക്ഷയ എനർജി അവാർഡ്, 2023ൽ സംസ്ഥാന ജാഗ്രതാ സമിതി അവാർഡ് എന്നിവയും ലഭിച്ചു.