കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ 5 ലക്ഷം രൂപ ധനസഹായം

● ബിന്ദുവിന്റെ വീടുപണി പൂർത്തിയാക്കാൻ തുക സഹായിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
● മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ബിന്ദു ആശുപത്രിയിലെത്തിയത്.
● ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
● മുഖ്യമന്ത്രി പിണറായി വിജയൻ ബിന്ദുവിന്റെ വീട്ടിൽ പോകാത്തതിനെയും വിമർശിച്ചു.
കോട്ടയം: (KasargodVartha) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 'ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ' വഴി അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ അറിയിച്ചു.
ബിന്ദുവിന്റെ വീടുപണി പൂർത്തിയാക്കുന്നതിന് ഈ തുക സഹായകമാകുമെന്നും, തന്റെ പിതാവ് ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഈ സാഹചര്യത്തിൽ എന്തു ചെയ്യുമായിരുന്നുവോ അതിനു തുല്യമായാണ് താൻ ഈ സഹായം ചെയ്യുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ബിന്ദു (48) കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിൽ വെച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചത്. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കാനായി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയപ്പോഴാണ് കെട്ടിടം തകർന്നുവീണത്.
ബിന്ദു ഏകദേശം രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നു എന്നാണ് വിവരം. പുറത്തെടുക്കുമ്പോൾ തന്നെ ജീവനറ്റ നിലയിലായിരുന്നു ബിന്ദു എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
ബിന്ദു ഒരു വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ. അപകടം നടന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് പരാതി ഉന്നയിച്ചിരുന്നു. തകർന്നുവീണ 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും, 13, 14 വാർഡുകളിലുള്ളവർ പ്രാഥമിക ആവശ്യങ്ങൾക്കായി 14-ാം വാർഡാണ് ഉപയോഗിച്ചിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കാഷ്വാലിറ്റിയിലും മറ്റു സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടെത്താനാകാതെ വന്നതോടെയാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചത്.
ബിന്ദുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിച്ച ചാണ്ടി ഉമ്മൻ, ബിന്ദുവിന്റെ ചിത കത്തിത്തീരുന്നതിനു മുമ്പെങ്കിലും സർക്കാർ ദയ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ, ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവന്റെ ഉത്തരവാദിത്തത്തെയും കുറച്ചുകാണാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് കോട്ടയം ജില്ലയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ മരിച്ച ബിന്ദുവിന്റെ വീട്ടിലേക്ക് പോകാത്തതിനെയും ചാണ്ടി ഉമ്മൻ വിമർശിച്ചു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
Article Summary: Oommen Chandy Foundation provides aid to Bindu's family.
#Kottayam #MedicalCollege #Accident #FinancialAid #OommenChandyFoundation #Kerala