O R Kelu | വയനാട്ടിൽ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രി; ഒ ആര്‍ കേളു അധികാരമേറ്റത് ഒരുപറ്റം ചരിത്രങ്ങൾ സൃഷ്ടിച്ച്
വികസനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നായ വയനാടും പുതിയ മന്ത്രിയിലൂടെ വികസന പ്രതീക്ഷയിലാണ്
തിരുവനന്തപുരം: (KasargodVartha) സംസ്ഥാനത്തെ പുതിയ മന്ത്രിയായി ഒ ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ഒരുപറ്റം ചരിത്രങ്ങൾ സൃഷ്ടിച്ച്. എസ് ടി വിഭാഗത്തിൽ നിന്നും, വയനാട് ജില്ലയിൽ നിന്നുമുള്ള ആദ്യ സിപിഎം മന്ത്രിയാണ് അദ്ദേഹം. ഒരിക്കലും പരാജയമറിയാത്ത നേതാവെന്ന വിശേഷണവും കേളുവിന് സ്വന്തം. യു ഡി എഫ് സര്‍കാരില്‍ മന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ പി കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തില്‍നിന്നു സംസ്ഥാന മന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ്.
2016ൽ മാന്തവാടി ബ്ലോക് പഞ്ചായത് അംഗമായിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തറപറ്റിച്ചാണ് കന്നിവിജയം നേടിയത്. 2011ൽ ഭൂരിപക്ഷം വർധിപ്പിച്ചായിരുന്നു രണ്ടാം ജയം. നേരത്തെ തുടർച്ചയായി പത്തുവർഷം തിരുനെല്ലി പഞ്ചായത് പ്രസിഡൻ്റായിരുന്നു. അതിന് മുമ്പ് വാര്‍ഡ് മെമ്പറായും വിജയിച്ചിട്ടുണ്ട്.
ആലത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മന്ത്രിപദവിയിൽ നിന്ന് പടിയിറങ്ങിയ കെ രാധാകൃഷ്ണന് പകരമാണ് കേളു ചുമതലയേറ്റത്. ഞായറാഴ്ച വൈകീട്ട് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർ സന്നിഹിതരായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പാണ് കേളു കൈകാര്യം ചെയ്യുക.
കെ രാധാകൃഷ്ണന്റെ പക്കലുണ്ടായിരുന്ന മറ്റ് വകുപ്പുകളായ ദേവസ്വം വിഎൻ വാസവനും പാർലമെൻ്റ് കാര്യം എംബി രാജേഷിനും കൈമാറിയിട്ടുണ്ട്. ഒ ആർ കേളുവിനെ തിരഞ്ഞെടുത്തതിലൂടെ പിണറായി മന്ത്രിസഭയിൽ വയനാടിൻ്റെ പ്രാതിനിധ്യം ഉറപ്പാക്കിയിരിക്കുകയാണ് സിപിഎം. ആദിവാസി ക്ഷേമ സമിതി നേതാവായ കേളു കുറിച്യ സമുദായത്തിൽപ്പെട്ടയാളാണ്. വികസനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നായ വയനാട് പുതിയ മന്ത്രിയിലൂടെ വികസന പ്രതീക്ഷയിലാണ്.