Allegations | മുസ്‌ലിം പിന്തുണയില്ലാതെ ജെഡിഎസ് ഒറ്റ സീറ്റിലും ജയിക്കില്ലെന്ന് സി എം ഇബ്രാഹിം; താൻ തോറ്റത് ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ കിട്ടാത്തത് കൊണ്ടെന്ന് നിഖിൽ കുമാരസ്വാമി
● പുതിയ ഒരു പ്രാദേശിക പാർട്ടി രൂപീകരിക്കേണ്ടി വരുമെന്നും ഇബ്രാഹിം പറഞ്ഞു.
● ഉപതെരഞ്ഞെടുപ്പിൽ 150 കോടി ചെലവഴിച്ചിട്ടും നിഖിൽ കുമാരസ്വാമി കാൽലക്ഷം വോട്ടിന് പരാജയപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബെംഗ്ളുറു: (KasargodVartha) ജെഡിഎസ് പാർട്ടിയും ബിജെപിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാൻ എച്ച് ഡി ദേവഗൗഡ സന്നദ്ധമാവണമെന്ന് മുൻ കേന്ദ്രമന്ത്രി സി എം. ഇബ്രാഹിം ആവശ്യപ്പെട്ടു. മുസ്‌ലിം പിന്തുണയില്ലാതെ ജെഡിഎസ് ഒരു സീറ്റിലും വിജയിക്കില്ലെന്നും അദ്ദേഹം മൈസൂറിൽ മാധ്യമങ്ങളോട് പറഞ്ഞു.
കർണാടക ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ താനാണെന്ന് അവകാശപ്പെട്ട ഇബ്രാഹിം, കോൺഗ്രസിലേക്ക് പോകാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി. ബിജെപി ബന്ധം ഉപേക്ഷിക്കുകയാണെങ്കിൽ, ജെഡിഎസിനെ ശക്തിപ്പെടുത്താൻ ഞാൻ തയ്യാറായിരിക്കും. ഇല്ലെങ്കിൽ പുതിയ ഒരു പ്രാദേശിക പാർട്ടി രൂപീകരിക്കേണ്ടി വരുമെന്നും ഇബ്രാഹിം പറഞ്ഞു.
മുൻ മന്ത്രിയും ജെഡിഎസ് എംഎൽഎയുമായ ജി ടി ദേവഗൗഡയെ അദ്ദേഹം സന്ദർശിച്ച കാര്യം പരാമർശിച്ചു. ജി ടി ദേവഗൗഡ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേർന്നിരുന്നെങ്കിൽ, അദ്ദേഹം മന്ത്രിയായേനെയെന്നും ഇബ്രാഹിം അഭിപ്രായപ്പെട്ടു.
"പാർട്ടിയെ കുടുംബസ്വത്താക്കുന്നു'
എച്ച്.ഡി. കുമാര സ്വാമി പാർട്ടിയെ കുടുംബസ്വത്താക്കുകയാണെന്നും, പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ 13 എംഎൽഎമാർ അസംതൃപ്തരാണ് എന്നും ഇബ്രാഹിം കുറ്റപ്പെടുത്തി. കുമാര സ്വാമിയുടെ ശൈലി മാറ്റേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചന്നപട്ടണയിൽ നാല് കോടി രൂപ മാത്രം ചിലവിട്ട് നടത്തിയ പ്രചാരണത്തിലൂടെ താൻ ഒരുമിച്ച് നിന്ന കാലം കുമാര സ്വാമിയെ ജയിപ്പിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ 150 കോടി ചെലവഴിച്ചിട്ടും നിഖിൽ കുമാരസ്വാമി കാൽലക്ഷം വോട്ടിന് പരാജയപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടുകൾ കിട്ടിയില്ല' - നിഖിൽ കുമാരസ്വാമി
അതേസമയം ചന്നപട്ടണ മണ്ഡലത്തിൽ തന്റെ പരാജയത്തിന് കാരണം ഒരു പ്രത്യേക സമുദായം ജെഡിഎസിന് എതിരെ വോട്ട് ചെയ്തതാണെന്ന് നിഖിൽ കുമാരസ്വാമി പറഞ്ഞു. മുത്തച്ഛൻ ദേവഗൗഡ ആ സമുദായത്തിന് നല്ല പരിഗണന നൽകിയിരുന്നുവെന്നും, വിശ്വാസം നേടാൻ അവസാന ശ്രമവും നടത്തിയെങ്കിലും പിന്തുണ ലഭിച്ചില്ലെന്നും നിഖിൽ പറഞ്ഞു. ഭാവിയിൽ മറ്റൊരു സമുദായത്തിന്റെ വിശ്വാസം നേടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെഡിഎസിന്റെ പരമ്പരാഗത വോട്ടുകൾ തനിക്ക് ലഭിച്ചതായും നിഖിൽ കൂട്ടിച്ചേർത്തു.
#CMSupport, #JDS, #KarnatakaPolitics, #ElectionDefeat, #NikhilKumaraswamy, #MuslimVotes