വിദേശത്തുള്ളവരുടെ വോടുകൾ വ്യാജരേഖകൾ സമർപ്പിച്ച് കൂട്ടിച്ചേർത്തതായുള്ള പരാതിയിൽ നടപടിയെടുത്തില്ല; വീണ്ടും നിയമ നടപടിക്ക് ഒരുങ്ങി ഐ എൻ എൽ
Jan 11, 2021, 12:45 IST
കാസർകോട്: (www.kasargodvartha.com 11.01.2021) വിദേശത്തുള്ളവരുടെ വോടുകൾ വ്യാജരേഖകൾ സമർപ്പിച്ച് കൂട്ടിച്ചേർത്തുവെന്ന പരാതിയിൽ നടപടിയെടുത്തില്ലെന്നാരോപിച്ച് ഐ എൻ എൽ വീണ്ടും നിയമ നടപടിക്കൊരുങ്ങുന്നു. വോട് ചേർക്കുന്ന കാര്യത്തിൽ ലീഗ് നേതൃത്വവും നഗരസഭാ ഉദ്യോഗസ്ഥരും അവിശുദ്ധ കൂട്ട് കെട്ടുണ്ടാക്കിയെന്ന് ഐ എൻ എൽ തുരുത്തി ശാഖാ കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃതമായി ചേർത്ത വോടുകൾ തള്ളിയിരുന്നു. എന്നാൽ വ്യാജ ഒപ്പും, രേഖയും ചമച്ചവർക്കെതിരെ നടപടി ഇതുവരെയും കൈകൊള്ളാത്ത സാഹചര്യത്തിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷണർക്ക് വീണ്ടും പരാതിനൽകിയിരിക്കുകയാണ്. കാസർകോട് നഗരസഭാ പതിനാലാം വാർഡിലാണ് വ്യാപകമായി ഇത്തരത്തിൽ വോടുകൾ കൂട്ടിച്ചേർത്തതെന്ന് ഐ എൻ എൽ ആരോപിക്കുന്നു.
പുതുക്കിയ വോടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഹിയറിങ്ങിന് വെച്ച സമയത്തോ അപേക്ഷ സമയത്തോ വോടർമാർ സ്ഥലത്തില്ലാതിരുന്നിട്ടും വോടുകൾ ചേർക്കപ്പെട്ടത് വ്യാജ രേഖകൾ സമർപ്പിച്ചാണെന്നാണ് ആരോപണം.
ഭരണ സ്വാധീനമുപയോഗിച്ചാണ് നഗരസഭയിലെ ചില ഉദ്യോഗസ്ഥർ മുസ്ലിം ലീഗിന് ഇത്തരം ഇളവുകൾ അനുവദിച്ചതെന്നും ഇത്തരം വോടുകൾ പട്ടികയിൽ ഇടം പിടിച്ചതിനും പിന്നിൽ ലീഗ് - നഗരസഭാ ഉദ്യോഗസ്ഥ കൂട്ട് ക്കെട്ടാണെന്നും ഐ എൻ എൽ തുരുത്തി ശാഖാ കമ്മിറ്റി പരാതിയിൽ ആരോപിച്ചു.
Keywords: Kerala, News, Kasaragod, INL, Voters list, Election, Muslim-league, Municipality, Office, Top-Headlines, Political party, Politics, No action was taken on the complaint that the votes of expatriate were added by submitting forged documents; INL ready for legal action again.