നിലമ്പൂർ: എം വി ഗോവിന്ദന്റെ പ്രസ്താവന തിരിച്ചടി; പി വി അൻവറിന് യു ഡി എഫ് വാതിൽ തുറക്കുമോ?

● ഇസ്രായേൽ-ഇറാൻ വിഷയം പ്രചാരണത്തിൽ.
● അൻവറിന് മുന്നിൽ വാതിലുകളടച്ചിട്ടില്ലെന്ന് യു.ഡി.എഫ്.
● യു.ഡി.എഫ്.പ്രവേശനം ചർച്ച ചെയ്യും.
● ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം.
● ഗോവിന്ദൻ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിൽ.
എം എം മുനാസിർ
മലപ്പുറം/കണ്ണൂർ: (KasargodVartha) നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ വിവാദ പ്രസ്താവന ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കിയെന്ന് വിലയിരുത്തൽ. സി.പി.ഐ.എം ആർ.എസ്.എസുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനയാണ് എൽ.ഡി.എഫിന് തിരിച്ചടിയായതെന്നാണ് നിരീക്ഷണം. ഇസ്രായേൽ-ഇറാൻ യുദ്ധം, ഫലസ്തീൻ-ഗസ്സ വിഷയങ്ങൾ തുടങ്ങിയവ പ്രചാരണ മുദ്രാവാക്യങ്ങളായി ഉയർത്തിക്കൊണ്ടുവന്ന ഘട്ടത്തിലാണ് ഈ പ്രസ്താവന വന്നത്, ഇത് പ്രചാരണത്തിൻ്റെ മുനയൊടിച്ചുകളഞ്ഞെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പി.വി. അൻവർ ഒരു പ്രധാന ഘടകമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അൻവറിന് മുന്നിൽ അടഞ്ഞ വാതിലുകളില്ലെന്നും, അവ തുറക്കാൻ താക്കോൽ ഉപയോഗിച്ചാൽ മതിയെന്നും അദ്ദേഹം സൂചിപ്പിച്ചു. അൻവറിന്റെ യു.ഡി.എഫ്. പ്രവേശനം എല്ലാവരുമായി ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 'അൻവർ ഫാക്ടർ' യാഥാർത്ഥ്യമാണെന്നും അത് തള്ളിക്കളയാനാകില്ലെന്നും സണ്ണി ജോസഫ് ഊന്നിപ്പറഞ്ഞു. യു.ഡി.എഫ്. വോട്ട് അൻവറിന് ലഭിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം ഡി.സി.സി. ഓഫീസിൽ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം സി.പി.ഐ.എം ദയനീയ തോൽവി ഏറ്റുവാങ്ങുകയാണെങ്കിൽ, എൽ.ഡി.എഫിനുള്ളിൽ എം.വി. ഗോവിന്ദനെതിരെ പടയൊരുക്കം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ തന്നെ പാർട്ടിയിൽ എം.വി. ഗോവിന്ദൻ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും സൂചനയുണ്ട്.
നിലമ്പൂരിലെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: MV Govindan's statement affects LDF in Nilambur; UDF open to PV Anvar.
#KeralaPolitics, #NilamburByElection, #MVGovindan, #PVAnvar, #UDF, #LDF