ആര് രാജിവെക്കും? എം വി ഗോവിന്ദനോ, വി ഡി സതീശനോ? നിലമ്പൂർ ഫലം നിർണായകം

● വി.ഡി. സതീശന്റെ പി.വി. അൻവർ നിലപാട്.
● എം. സ്വരാജ് തോറ്റാൽ എം.വി. ഗോവിന്ദന് സമ്മർദ്ദം.
● ആര്യാടൻ ഷൗക്കത്ത് തോറ്റാൽ വി.ഡി. സതീശന് സമ്മർദ്ദം.
● അൻവറിന്റെ വിജയം കേരള രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കും.
● മൂന്നാം മുന്നണി സാധ്യത തള്ളിക്കളയാനാവില്ല.
എം.എം. മുനാസിർ
മലപ്പുറം: (KasargodVartha) കേരളം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് നിലമ്പൂരിലേത്. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള ഈ ഫലം അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തുടർഭരണ സാധ്യതയെയും ഭരണമാറ്റത്തെയും കുറിച്ചുള്ള ചർച്ചകളിൽ ഒരു സെമി ഫൈനൽ പോലെയാണ് വിലയിരുത്തപ്പെടുന്നത്.
ഒപ്പം, രണ്ട് പ്രമുഖരെ സംബന്ധിച്ചിടത്തോളം തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലം നിർണായകവുമാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെയും രാഷ്ട്രീയ ഭാവിയാണ് തിങ്കളാഴ്ച തീരുമാനിക്കപ്പെടുക.
നിലമ്പൂരിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ വി.ഡി. സതീശനും എം.വി. ഗോവിന്ദൻ മാഷും നടത്തിയ നീക്കങ്ങളും പ്രസ്താവനകളും കടുത്ത നിലപാടുകളും തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായകമാകും.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പും തിരഞ്ഞെടുപ്പ് ദിവസവും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ മാഷ് നടത്തിയ ബി.ജെ.പിയുമായും ആർ.എസ്.എസുമായും സി.പി.ഐ.എം നേരത്തെ ഉണ്ടാക്കിയിരുന്ന സഹകരണവും കൂട്ടുകെട്ടുകളും തുറന്നുപറഞ്ഞതും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പി.വി. അൻവറിന്റെ കാര്യത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിലും എടുത്ത കടുത്ത നിലപാടുകളുമായിരിക്കും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുക.
എം.വി. ഗോവിന്ദൻ മാഷിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തള്ളിക്കളഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന പാർട്ടിക്കുള്ളിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്.
പി.വി. അൻവറിന്റെ കാര്യത്തിൽ വി.ഡി. സതീശൻ എടുത്ത കടുത്ത നിലപാടുകൾ കോൺഗ്രസ് പാർട്ടിക്കുള്ളിലും യു.ഡി.എഫിലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. അതുകൊണ്ടുതന്നെ ആര്യാടൻ ഷൗക്കത്തിനെ വിജയിപ്പിച്ചെടുക്കേണ്ട ഉത്തരവാദിത്വം വി.ഡി. സതീശന് മാത്രമാണെന്ന് മുസ്ലിം ലീഗിനകത്തും അതുപോലെതന്നെ കോൺഗ്രസ് നേതാക്കൾക്കിടയിലും അഭിപ്രായം ഉയർന്നിരുന്നു.
ഇതാണ് തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും എം.വി. ഗോവിന്ദൻ മാഷിന്റെയും വി.ഡി. സതീശന്റെയും രാഷ്ട്രീയ ഭാവിയെന്ന് രാഷ്ട്രീയ കേരളം പറഞ്ഞുവെക്കുന്നത്. എം. സ്വരാജ് തോറ്റാൽ എം.വി. ഗോവിന്ദൻ മാഷിന് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കാൻ പോലും മുറവിളി ഉയരും.
തക്കംപാർത്തിരിക്കുന്ന സി.പി.ഐയും സി.പി.ഐ.എമ്മിനെതിരെ രംഗത്തുവരും. അതുപോലെ ആര്യാടൻ ഷൗക്കത്താണ് തോൽക്കുന്നതെങ്കിൽ വി.ഡി. സതീശന് പ്രതിപക്ഷ സ്ഥാനം ഒഴിയാൻ പാർട്ടിക്കുള്ളിൽ സമ്മർദ്ദം ഉയരും. ഇരുപാർട്ടി നേതാക്കൾക്കും തിങ്കളാഴ്ചത്തെ തിരഞ്ഞെടുപ്പ് ഫലം അതുകൊണ്ടുതന്നെ നിർണായകവുമാണ്. വിജയിക്കുകയാണെങ്കിൽ പാർട്ടിക്കുള്ളിൽ അവർക്ക് മേൽക്കോയ്മ ലഭിക്കുകയും ചെയ്യും.
സി.പി.ഐ.എമ്മിന്റെ പിന്തുണയോടെ ഇടതു സ്വതന്ത്രനായി വിജയിച്ചു എന്നതിലപ്പുറം പി.വി. അൻവറിന്റെ കാര്യത്തിൽ വലിയ ചർച്ചകൾക്ക് പ്രസക്തി ഉണ്ടാവില്ല. എന്നാൽ അൻവർ വിജയിക്കുകയാണെങ്കിൽ അത് കേരള രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും. ഒരു മൂന്നാം മുന്നണിക്ക് പോലും അത് പിറവിയെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ആരുടെ രാഷ്ട്രീയ ഭാവിയെയാണ് കൂടുതൽ സ്വാധീനിക്കുക? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!
Article Summary: Nilambur by-election results critical for MV Govindan and VD Satheesan's political future.
#NilamburByelection, #KeralaPolitics, #MVGovindan, #VDSatheesan, #CPIM, #Congress