NIA Raid | സംസ്ഥാന വ്യാപകമായി പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; പുലര്‍ചെയോടെ ആരംഭിച്ച പരിശോധന 56 ഇടങ്ങളില്‍ തുടരുന്നു
കൊച്ചി: (www.kasargodvartha.com) നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ സംസ്ഥാന വ്യാപകമായി എന്‍ഐഎ പരിശോധന നടത്തുന്നു. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്. പിഎഫ്‌ഐക്ക് തുക ചെയ്തവരെയും അകൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്.
പുലര്‍ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. ഡെല്‍ഹിയില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധനകള്‍ക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു.
കൊച്ചിയില്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. റൂറല്‍ ജില്ലയില്‍ മാത്രം 12 ഇടങ്ങളില്‍ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന
നടത്തി. ഇടവനക്കാട് പ്രദേശങ്ങളില്‍ പരിശോധന ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്.
പിഎഫ്‌ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് യോഗം ചേര്‍ന്നെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. നിരോധന നീക്കങ്ങള്‍ക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന സംഘം എറണാകുളത്ത് പെരിയാര്‍ വാലിയില്‍ യോഗം ചേര്‍ന്നതു കണ്ടെത്തി. മറ്റു ജില്ലകളില്‍ പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളിലായിരുന്നു യോഗം നടന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.
കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടക്കുകയാണ്. മാവൂരിലും നാദാപുരത്തുമാണ് പരിശോധന നടന്നത്. നാദാപുരത്തെ പിഎഫ്‌ഐ പ്രവര്‍ത്തകന്‍ നൗശാദിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി. കോഴിക്കോട് പാലേരിയിലും എന്‍ഐഎ പരിശോധന നടത്തി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
സംസ്ഥാന കമിറ്റി അംഗമായിരുന്ന നിസാറിന്റെ പത്തനംതിട്ടയിലെ വീടും പരിശോധിച്ചു. ആലപ്പുഴയില്‍ ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയില്‍ ആലുവ, എടവനക്കാട്, വൈപ്പിന്‍ പ്രദേശങ്ങളിലുമാണ് പരിശോധന. പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളിലും പുലര്‍ചെ മുതല്‍ പരിശോധന തുടരുകയാണ്.
പിഎഫ്‌ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടേതായി നൂറിലധികം ബാങ്ക് അകൗണ്ടുകളും സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു പേരുകളില്‍ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി കണ്ടെത്തി.
Keywords: news,Kerala,State,Top-Headlines,Raid,Popular front of india,Politics,Fund, NIA raids offices, homes of banned PFI leaders across Kerala