'പദ്ധതി ലാഭകരമാകണം'; ജനങ്ങളെ പിഴിയാൻ ദേശീയപാത അതോറിറ്റിയുടെ 'വിചിത്ര' ന്യായങ്ങൾ; 22 കിലോമീറ്ററിനുള്ളിൽ ടോൾ പിരിക്കാൻ കൂട്ടുപിടിക്കുന്നത് നിയമപ്പഴുതുകളെ
● മംഗ്ളൂരിലെ ആശുപത്രികളിലേക്കും കോളജുകളിലേക്കും പോകുന്ന കാസർകോട്ടുകാർക്ക് ഇത് ഇരട്ട പ്രഹരമാണ്.
● ഹൈക്കോടതിയിൽ കേസ് നിലനിൽക്കെത്തന്നെ ടോൾ പിരിവ് തുടങ്ങിയത് ഈ ചട്ടങ്ങളുടെ ബലത്തിലാണ്.
● രേഖാമൂലം കാരണങ്ങൾ എഴുതി തയ്യാറാക്കിയാൽ 60 കിലോമീറ്ററിനുള്ളിൽ ടോൾ പ്ലാസ അനുവദിക്കാൻ നിയമത്തിൽ വകുപ്പുണ്ട്
● എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കുമ്പളയിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ശക്തമായി തുടരുന്നു.
കാസർകോട്: (KasargodVartha) ‘നിയമം 60 കിലോമീറ്റർ പറയുന്നുണ്ടെങ്കിലും, ഞങ്ങൾക്ക് ലാഭകരമാകാൻ 22 കിലോമീറ്ററിലും ടോൾ ആകാം’—കുമ്പള ആരിക്കാടി ടോൾ പ്ലാസ വിഷയത്തിൽ ദേശീയപാത അതോറിറ്റി (NHAI) അധികൃതർ പയറ്റുന്ന തന്ത്രം ഇതാണ്. 60 കിലോമീറ്റർ ദൂരപരിധി ലംഘിച്ചെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതികളെ, സാങ്കേതികത്വത്തിന്റെ 'രക്ഷാകവചം' ഉപയോഗിച്ച് പ്രതിരോധിക്കുകയാണ് ഉദ്യോഗസ്ഥർ.
ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ 5 എം.എൽ.എമാർ പങ്കെടുത്ത ചർച്ച പരാജയപ്പെടാൻ കാരണവും ഉദ്യോഗസ്ഥർ ഉയർത്തിക്കാട്ടിയ ഈ 'നിയമപ്പഴുതുകൾ' ആണ്.
എന്താണ് ആ 'മാന്ത്രിക' വരികൾ?
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ (MoRTH) വെബ്സൈറ്റിൽ ടോൾ പിരിവിനെക്കുറിച്ച് പറയുന്ന ഭാഗത്തെ ചില വരികളാണ് (Exceptions) ഉദ്യോഗസ്ഥർ ആയുധമാക്കുന്നത്.
● Optimisation of revenue potential (വരുമാന സാധ്യതയുടെ പരമാവധി ഉപയോഗം): പദ്ധതിയിൽ നിന്ന് ലഭിക്കാവുന്ന വരുമാനം ഒട്ടും കുറയാൻ പാടില്ല.
● To make the project viable (പദ്ധതി ലാഭകരമാക്കാൻ): നിർമ്മാണ ചിലവ് തിരിച്ചുപിടിക്കാനും ലാഭം ഉറപ്പാക്കാനും 60 കിലോമീറ്ററിനുള്ളിൽ തന്നെ രണ്ട് ടോൾ പ്ലാസകൾ സ്ഥാപിക്കാം.
● ഈ രണ്ട് വ്യവസ്ഥകൾ ഉപയോഗിച്ചാണ്, തലപ്പാടി ടോൾ പ്ലാസ കഴിഞ്ഞ് വെറും 22 കിലോമീറ്റർ അകലെ ആരിക്കാടിയിൽ വീണ്ടും ജനങ്ങളെ പിഴിയുന്നത്.

സാധാരണക്കാരന് ഇരുട്ടടി
മംഗളൂരിലെ ആശുപത്രികളിലേക്കും കോളജുകളിലേക്കും ജോലിക്കും മറ്റും ദിവസേന പോകുന്ന കാസർകോട്ടുകാർക്ക് ഇത് താങ്ങാനാവാത്ത ഭാരമാണ്. ‘വികസനം വരുന്നത് ജനങ്ങൾക്ക് വേണ്ടിയാകണം, അല്ലാതെ ജനങ്ങളെ പിഴിഞ്ഞ് കരാറുകാർക്ക് ലാഭമുണ്ടാക്കാനല്ല,’ എന്ന് സമരസമിതി ചൂണ്ടിക്കാട്ടുന്നു. വെറും 22 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് രണ്ട് തവണ ടോൾ നൽകേണ്ടി വരുന്നത് നീതികേടാണെന്ന് എംഎൽഎമാർ ചർച്ചയിൽ വാദിച്ചെങ്കിലും, 'ചട്ടം' എന്ന ഇരുമ്പുലക്ക കാട്ടിയും മുകളിലെ ഓർഡർ കാണിച്ചും ഉദ്യോഗസ്ഥർ വാശിയിലുറച്ചുനിന്നു.

ഹൈക്കോടതിയെയും മറികടക്കുന്നു?
ഹൈക്കോടതിയിൽ കേസ് നിലനിൽക്കെത്തന്നെ ടോൾ പിരിവ് തുടങ്ങിയത് ഈ ചട്ടങ്ങളുടെ ബലത്തിലാണെന്നാണ് സൂചന. ‘പദ്ധതിയുടെ വയബിലിറ്റി (Viability) ആണ് പ്രധാനം’ എന്ന വാദമാണ് എൻഎച്ച്എഐ കോടതിയിലും ഉന്നയിക്കാൻ സാധ്യത.
ഇതോടെ, എ.കെ.എം അഷ്‌റഫ് എംഎൽഎയുടെ നേതൃത്വത്തിൽ കുമ്പളയിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം മാത്രമാണ് ഇനി ജനങ്ങൾക്ക് മുന്നിലുള്ള ഏക വഴി. സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി.
എന്തുകൊണ്ട് 60 കി.മീ ബാധകമല്ല?
സാധാരണ ഗതിയിൽ നാഷണൽ ഹൈവേ ഫീ റൂൾസ് 2008 പ്രകാരം രണ്ട് ടോൾ പ്ലാസകൾ തമ്മിൽ 60 കിലോമീറ്റർ അകലം വേണം. എന്നാൽ, ‘Reasons recorded in writing’ (രേഖാമൂലം കാരണങ്ങൾ എഴുതി തയ്യാറാക്കിയാൽ) 60 കിലോമീറ്ററിനുള്ളിൽ ടോൾ പ്ലാസ അനുവദിക്കാൻ നിയമത്തിൽ വകുപ്പുണ്ട്. ഇവിടെ 'ലാഭകരമായ നടത്തിപ്പ്' എന്ന ഒറ്റ കാരണം പറഞ്ഞ് ആരിക്കാടിയിൽ ടോൾ പിരിവ് നിയമവിധേയമാക്കുക എന്ന തന്ത്രമാണ് ഉദ്യോഗസ്ഥർ പയറ്റുന്നത്.
ജനങ്ങളുടെ പ്രതിഷേധത്തിൻ്റെ ചൂടറിഞ്ഞ ദേശീയപാത അതോറിറ്റി ഇപ്പോഴത്തെ പ്രതിസന്ധി ഏത് വിധേനയും മറികടക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന പുതിയ ആലോചനയുടെ പണിപ്പുരയിലാണ്.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: NHAI justifies toll collection at Arikkadi within 22 km of Talapady toll plaza using 'project viability' and 'revenue optimization' clauses, sparking public outrage.
#ArikkadiToll #NHAI #Kasaragod #TollPlaza #AKMAshraf #Protest #KeralaNews #TollLoophole






