city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ വിഭജിച്ച് പുതിയ സംവരണമണ്ഡലം രൂപീകരിക്കുന്നു

പരപ്പ: (www.kasargodvartha.com 04.04.2017) കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ വിഭജിച്ച് പുതിയ സംവരണമണ്ഡലം രൂപീകരിക്കുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായാണ്  പട്ടികജാതി പട്ടിക വര്‍ഗ മണ്ഡലം രൂപികരിക്കാന്‍ സി പി എം നീക്കമാരംഭിച്ചിരിക്കുന്നത്. നിലവില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളെ വിഭജിച്ച് വെള്ളരിക്കുണ്ട് നിയോജക മണ്ഡലം രൂപികരിക്കണമെന്ന ആവശ്യവുമായി സി പി എം നേതൃത്തിലുള്ള ആദിവാസി ക്ഷേമ സമിതി സമര്‍ദം ശക്തമാക്കിയിരിക്കുകയാണ്.

മലയോര മേഖലയിലെ ഈസ്റ്റ് ഏളേരി, വെസ്റ്റ് ഏളേരി, കിനാനൂര്‍ കരിന്തളം, കോടോം ബേളൂര്‍, ബളാല്‍, കള്ളാര്‍, പനത്തടി എന്നീ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി കൊണ്ട് പുതിയ മണ്ഡലം രൂപികരിക്കണമെന്നാണ് ആദിവാസി ക്ഷേമസമിതിയുടെ ആവശ്യം. ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിവേദനം നല്‍കും. ഈ പഞ്ചായത്തുകളില്‍ നാല്‍പത് ശതമാനം ആദിവാസി പിന്നോക്ക സമുദായങ്ങളാണ് താമസിക്കുന്നത്. മാവിലന്‍, മലവേട്ടുവന്‍, മലക്കുടിയാന്‍, മലയരയന്‍, മറാഠി, അവശ ക്രൈസ്തവര്‍ തുടങ്ങിയവരാണ് ഈ മേഖലയില്‍ കൂടുതലായിട്ടുള്ളത്. അതു കൊണ്ട് തന്നെ വെളളരിക്കുണ്ട് സംവരണ നിയോജക മണ്ഡലമായി രൂപികരിക്കണമെന്നാണ് ആദിവാസി ക്ഷേമ സമിതിയുടെ ആവശ്യം.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ വിഭജിച്ച് പുതിയ സംവരണമണ്ഡലം രൂപീകരിക്കുന്നു

പുതിയ നിയമസഭാ മണ്ഡലത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്ന ഏഴു പഞ്ചായത്തുകളിലായി നിലവില്‍ വെസ്റ്റ് എളേരി, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം, പനത്തടി എന്നീ നാല് പഞ്ചായത്തുകളും ഇടതു മുന്നണിയാണ് ഭരിക്കുന്നത്. ബളാലും കള്ളാറും യു ഡി എഫ് ഭരിക്കുമ്പോള്‍ ഈസ്റ്റ് എളേരിയില്‍  യു ഡി എഫ്  വിമതരുടെ ആധിപത്യമാണുള്ളത്. അതു കൊണ്ട് തന്നെ പുതിയ നിയമസഭ മണ്ഡലം രൂപികരിച്ചാല്‍ ഇതില്‍ തങ്ങള്‍ക്ക് നിഷ്പ്രയാസം ജയിക്കാമെന്നാണ് സി പി എം കണക്ക് കൂട്ടുന്നത്. പുതിയ നിയമസഭ മണ്ഡലം രൂപികരിച്ചാല്‍ ജില്ലയിലെ ആറാമത്തേതും സംസ്ഥാനത്തെ 141 മത്തേയും നിയമസഭ മണ്ഡലമായി വെള്ളരിക്കുണ്ട് മാറും.

ജില്ലയിലെ ഏക ട്രൈബല്‍ ഓഫീസ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ എന്തു കൊണ്ടും വെള്ളരിക്കുണ്ടിനെ സംവരണ നിയമസഭ മണ്ഡലമാക്കി മാറ്റാമെന്നാണ് ആദിവാസി ക്ഷേമസമിതി പറയുന്നത്. ആദിവാസി ക്ഷേമസമിതി നടത്തുന്ന ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ സി പി എം ജില്ലാ നേതൃത്വത്തിന്റെ പൂര്‍ണമായ പിന്തുണയുമുണ്ട്. നിലവില്‍ ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്.

സംവരണ മണ്ഡലമായിരുന്ന ഹൊസ്ദുര്‍ഗിനെ കാഞ്ഞങ്ങാട് ജനറല്‍ മണ്ഡലമാക്കുകയായിരുന്നു. ഹോസ്ദുര്‍ഗ് മണ്ഡലം രൂപീകൃതമായതു മുതല്‍ സംവരണ മണ്ഡലമായതിനാല്‍ സി പി എം ഈ സീറ്റ് സി പി ഐ യ്ക്ക് നല്‍കുകയായിരുന്നു. സംവരണ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ അക്കാലത്ത് സി പി എമ്മിന് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാലാണ് മണ്ഡലം സി പി ഐക്ക് വിട്ടു നല്‍കിയിരുന്നത്. എന്നാല്‍ മണ്ഡലം ജനറല്‍ ആയതോടെ സീറ്റില്‍ സി പി എം അവകാശവാദം ഉന്നയിച്ചുവെങ്കിലും വിട്ടു നല്‍കാന്‍ സി പി ഐ തയ്യാറായിരുന്നില്ല. സി പി എമ്മിന്റെ മൃഗീയ ഭൂരിപക്ഷം കൊണ്ടാണ് ഇവിടെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന സി പി ഐ പ്രതിനിധികള്‍ നിഷ്പ്രയാസ ജയം നേടുന്നത്.

ജില്ലയില്‍ പൊതുവേ സി പി ഐയും സി പി എമ്മും തമ്മില്‍ അത്ര നല്ല ബന്ധമല്ലാത്തതിനാല്‍ സി പി ഐ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും വോട്ട് ചെയ്യാനും സി പി എം അണികള്‍ പൊതുവേ വൈമുഖ്യം കാണിക്കാറുണ്ട്. വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് പുതിയ നിയമസഭ മണ്ഡലം രൂപീകരിച്ചാല്‍ അവിടെ പാര്‍ട്ടിക്ക് മല്‍സരിക്കാമെന്നും മണ്ഡലം സ്വന്തമാക്കാമെന്നും സി പി എം നേതൃത്വം വിലയിരുത്തുന്നു.

പുതിയ മണ്ഡലം വരുമ്പോള്‍ നിലവിലെ കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തില്‍ നീലേശ്വരം നഗരസഭയെയും അജാനൂര്‍ പഞ്ചായത്തിനെയും കൂടി ഉള്‍പ്പെടുത്തും. നിലവിലുള്ള മടിക്കൈയും കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ കാഞ്ഞങ്ങാടും വെള്ളരിക്കുണ്ടും ഇടതു മുന്നണിക്ക് ലഭിക്കുമെന്നാണ് സി പി എമ്മിന്റെ പ്രതീക്ഷ. എന്നാല്‍ പുതിയ മണ്ഡലം രൂപീകരിക്കുന്നതില്‍ സി പി ഐക്ക് യോജിപ്പില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasargod, Kanhangad, Parappa, Trikaripur, Election, News, CPM, Politics, new constituency will be formed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia