Netizens' Kuzhimanthi | കുഴിമന്തി പ്രചാരണവുമായി സൈബര്‍ പോരാളികള്‍; പരാതി നല്‍കാനൊരുങ്ങി കാസർകോട്ടെ സ്ഥാനാർഥികൾ
* കൊമ്പുകോർത്ത് യുഡിഎഫ് - എൽഡിഎഫ് പ്രവർത്തകർ
കാസര്‍കോട്: (KasaragodVartha) കുഴിമന്തി പ്രചാരണവുമായി സൈബര്‍ പോരാളികള്‍ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്തിറങ്ങിയതോടെ വിവാദങ്ങള്‍ കൊഴുക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഓരോ പ്രദേശത്തും ഇപ്പോഴത്തെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പൂര്‍ത്തികരിച്ച പദ്ധതികളും പാര്‍ലമെന്റില്‍ ഉന്നയിച്ച ചര്‍ച്ചകളുടെ വീഡിയോയും അയച്ചുകൊടുക്കുന്നവര്‍ക്ക് കുഴിമന്തി സമ്മാനം നല്‍കുമെന്നാണ് എല്‍ഡിഎഫിന്റെ നവമാധ്യമ കൂട്ടായ്മ വ്യക്തമാക്കുന്നത്.
ഇത്തരമൊരു പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് കാംപ് പരാതി നല്‍കാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എന്തെങ്കിലും ഓഫര്‍ നല്‍കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍ സമ്മാനം നല്‍കുന്നത് വോടര്‍മാരെ പ്രലോഭിപ്പിക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫ് കാംപ് പറയുന്നത്.
ഇതിനെതിരെ യുഡിഎഫ് പ്രവർത്തകർ തിരിച്ചും പ്രചാരണം നടത്തുന്നുണ്ട്. എം പി കൊണ്ടുവന്ന, വലിയപറമ്പ പഞ്ചായത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ബ്ലോക് മെമ്പറും സാക്ഷിയായ ലാപ്‌ടോപ് കൈമാറുന്ന പദ്ധതിയുടെ ഫോടോ പുറത്തുവിട്ടാണ് യുഡിഎഫ് തിരിച്ചടിച്ചത്. വികസന പ്രവര്‍ത്തനത്തിന്റെ ചിത്രം അയക്കുന്നവര്‍ക്ക് കുഴിമന്തി സമ്മാനം എന്നായിരുന്നു പ്രചാരണം. പോസ്റ്റര്‍ ഇറങ്ങി 10 മിനിറ്റിനകം പത്തിലധികം കുഴിമന്തികള്‍ കൊടുക്കേണ്ടിവന്നിട്ടുണ്ടെന്ന് യുഡിഎഫും തിരിച്ചടിക്കുന്നുണ്ട്.
ഭക്ഷണ സാധനങ്ങള്‍ ഓഫര്‍ ചെയ്തുള്ള പ്രചാരണം തടഞ്ഞില്ലെങ്കില്‍ മുന്‍ എംപി. നടപ്പിലാക്കിയ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സമാനമായ രീതിയില്‍ പോസ്റ്റര്‍ ഇറക്കാനാണ് യുഡിഎഫ് നീക്കം നടത്തുന്നത്. എന്തായാലും കുഴിമന്തി സമ്മാനത്തിന്റെ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.