Election Results | മഹാരാഷ്ട്ര എൻഡിഎ തൂത്തുവാരി; ജാർഖണ്ഡിൽ ഇൻഡ്യ മുന്നണി ഭരണം നിലനിർത്തും; രണ്ടിടത്തും അമ്പരപ്പിക്കുന്ന ഫലം
● മഹാരാഷ്ട്രയിൽ 288 സീറ്റുകളിൽ 220 ഇടത്തും എൻഡിഎ സഖ്യമായ മഹായുതി മുന്നിലാണ്.
● ബിജെപി 126, ശിവസേന 54, എൻസിപി 39 എന്നിങ്ങനെയാണ് സീറ്റ് നില. ഇൻഡ്യ സഖ്യം 57 സീറ്റുകളിൽ ഒതുങ്ങി.
● ജാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം സംസ്ഥാനത്തെ 81 സീറ്റുകളിൽ 50 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
മുംബൈ: (KasargodVartha) നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യവും ജാർഖണ്ഡിൽ ഇൻഡ്യ മുന്നണിയും ഭരണം നിലനിർത്തുമെന്ന് ഉറപ്പായി. മഹാരാഷ്ട്രയിൽ 288 സീറ്റുകളിൽ 220 ഇടത്തും എൻഡിഎ സഖ്യമായ മഹായുതി മുന്നിലാണ്. ബിജെപി 126, ശിവസേന 54, എൻസിപി 39 എന്നിങ്ങനെയാണ് സീറ്റ് നില. ഇൻഡ്യ സഖ്യം 57 സീറ്റുകളിൽ ഒതുങ്ങി.
ഇൻഡ്യ മുന്നണിയുടെ മഹാ വികാസ് അഘാടിയിൽ മത്സരിച്ച 101 സീറ്റുകളിൽ 20 എണ്ണത്തിൽ കോൺഗ്രസും ശരദ് പവാറിൻ്റെ എൻസിപി 19-ലും ഉദ്ധവ് താക്കറെയുടെ ശിവസേന 13-ലും മുന്നിലാണ്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിലാണ്.
ജാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം സംസ്ഥാനത്തെ 81 സീറ്റുകളിൽ 50 സീറ്റുകളിലും ലീഡ് ചെയ്യുന്നു. സഖ്യത്തിൽ ജെഎംഎം 30, കോൺഗ്രസ് 14, ആർജെഡി 4, സിപിഐ(എംഎൽ) 2 എന്നിങ്ങനെയാണ് ലീഡ് നില. എൻഡിഎ 29 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 27, എജെഎസ്‌യുപി ഒന്ന്, എൽജെപിആർവി ഒരു സീറ്റിലുമാണ് മുന്നിട്ട് നിൽക്കുന്നത്.
എക്‌സിറ്റ് പോളുകൾ ജാർഖണ്ഡിൽ എൻഡിഎയ്ക്ക് മുൻതൂക്കം നൽകിയെങ്കിലും, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഹേമന്ത് സോറൻ്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. ബിജെപിയുടെ ശക്തമായ പ്രചാരണത്തെ മറികടന്നാണ് ഇൻഡ്യ സഖ്യത്തിന്റെ മുന്നേറ്റം.
മഹാരാഷ്ട്രയിലും അമ്പരപ്പിക്കുന്ന ജനവിധിയാണ് ഉണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികളിൽ നിന്ന് ശക്തമായി തിരിച്ചുവരുന്ന എൻഡിഎ സഖ്യത്തെയാണ് സംസ്ഥാനത്ത് കണ്ടത്. എൻസിപി-ശിവസേന പിളർപ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും എൻസിപി 54 സീറ്റുകളും കോൺഗ്രസ് 44, സ്വതന്ത്രർ 13, മറ്റുള്ളവർ 16 സീറ്റുകളും നേടിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം എല്ലാ പാർട്ടികൾക്കും, പ്രത്യേകിച്ച് ഇരുവിഭാഗം എൻസിപിയിലും ശിവസേനയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
#MaharashtraElection, #JharkhandElection, #NDALeads, #IndiaAlliance, #BJP, #ElectionResults