city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Political Tour | എൻസിപി രാഷ്ട്രീയ വിശദീകരണ യാത്ര ചൊവ്വാഴ്ച കാസർകോട്ട് നിന്ന് ആരംഭിക്കും

 NCP political explanation tour led by N.A. Mohammed Kutty in Kasargod
KasargodVartha Photo

● യാത്ര 17ന് തിരുവനന്തപുരത്ത് സമാപിക്കും.
● സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് എറണാകുളത്ത് നടക്കും.
● എൻസിപി ദേശീയ നേതാക്കൾ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും

കാസർകോട്: (KasargodVartha) കേരളത്തിന്റെ സമൂലമായ മാറ്റം സാധ്യമാകുവാൻ രാഷ്ട്രീയത്തിന് അതീതമായി പാർട്ടികൾ ചേർന്ന് പുതിയൊരു മുന്നണി ഉയർന്നുവരണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ്‌ എൻ എ മുഹമ്മദ്‌ കുട്ടി കാസർകോട് പ്രസ്‌ക്ലബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാ മേഖലകളിലും സംസ്ഥാനത്ത് വളർച്ച ഉണ്ടാകുവാൻ കൂട്ടായ ഒരു മുന്നണിയുടെ മുന്നേറ്റം അനിവാര്യമാണ്. നവകേരള സൃഷ്ടിക്കായി സമാന ചിന്താഗതിക്കാരായ എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടു പോവുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന മുന്നണികളിലെ മുഖ്യ രാഷ്ട്രീയപാർട്ടിയുടെ വല്യേട്ടൻ മനോഭാവത്തിന് അനുസൃതമായി നിന്നുകൊടുത്ത് സ്വന്തം  അസ്ഥിത്വം പോലും ഇല്ലാതാകുന്ന സാഹചര്യത്തിൽ നിന്നും ഘടകകക്ഷികളായ  മറ്റു പാർട്ടികൾ പുറത്തുവരണം. എൻഡോസൾഫാൻ ബാധിതരോടുള്ള സർക്കാർ അവഗണന ഇപ്പോഴും തുടരുകയാണ്. എൻഡോസൾഫാൻ പേരുമാറ്റി ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഉപയോഗം തടയേണ്ടത് സർക്കാർ ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണ്. 

എല്ലാ കാലഘട്ടങ്ങളിലും ചില വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ദുരിതബാധിതരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ സർക്കാരുകൾ നടത്തുന്നില്ല. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ പോലുമുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പേരിനൊരു മെഡിക്കൽ കോളേജ് ലഭിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഈ ആശുപത്രിയിലില്ല.  വിദഗ്ധ ചികിത്സ അടക്കം അവർക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്.

എൻഡോസൾഫാൻ ഇരകളടക്കമുള്ളവർ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് തൊട്ടടുത്ത ജില്ലയായ കണ്ണൂരിനേയും അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലെ മംഗലാപുരത്തേയുമാണ്. ചികിത്സ തേടിയുള്ള അതിർത്തി കടന്നുള്ള യാത്ര ഇവർക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന മക്കളെയും കൊണ്ട് മണിക്കൂറുകളോളമാണ് മാതാപിതാക്കൾ യാത്രചെയ്യേണ്ടി വരുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുനതിനായി മാറി മാറി വന്ന സർക്കാരുകൾ ഒന്നും ചെയ്തിട്ടില്ല.  

അതോടൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസത്തിനും പ്രധാനമായും കർണാടകത്തിലെ കോളേജുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മതിയായ ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങൾ നേരിടുന്ന വലിയ പ്രശ്നമാണ്. കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കേണ്ടതായിട്ടുണ്ട്. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുവാനും അത് പരിഹരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുവാനും സർക്കാരുകൾ ശ്രദ്ധ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര ഫെബ്രുവരി 11ന് കാസർകോട് നിന്നും ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് യാത്ര 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. തുടർന്ന് എൻസിപിയുടെ സമ്പൂർണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ്‌ പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. 

എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എ ജബ്ബാർ, സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ മോഹൻദാസ്, നാഷണലിസ്റ്റ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 

The NCP's political explanation tour, led by President N.A. Mohammed Kutty, will begin on February 11 from Kasargod and travel across all constituencies, concluding on February 17 in Thiruvananthapuram.

#NCP #KasargodNews #PoliticalTour #KeralaPolitics #Endosulfan #NCPStateConference

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia