city-gold-ad-for-blogger

കാസർകോടിന്റെ വികസനവും റിയാസ് മൗലവി വധക്കേസും സഭാ ടിവിയിൽ ചർച്ച; കെ.എം ഷാജിക്കെതിരായ വ്യക്തിഹത്യയിൽ തന്നെ തിരുത്തിയത് മുഖ്യമന്ത്രിയെന്ന് കെ ടി ജലീൽ; ഉരുളക്കുപ്പേരിയുമായി എൻ എ നെല്ലിക്കുന്ന് എംഎൽഎയും

N.A. Nellikkunnu and K.T. Jaleel in discussion during the Sabha TV program.
Image Credit: Screenshot from a YouTube video by Sabha TV

● സമാധാനത്തിന് കാരണം ലീഗും എം.എൽ.എയും എടുത്ത നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതായി നെല്ലിക്കുന്ന്.
● കുമ്പള ആരിക്കാടിയിൽ പുതിയ ടോൾ പ്ലാസ സ്ഥാപിച്ച കേന്ദ്ര നടപടിയെ ഇരുവരും രൂക്ഷമായി വിമർശിച്ചു.
● രാഷ്ട്രീയ എതിരാളിയാണെങ്കിലും പി.കെ കുഞ്ഞാലിക്കുട്ടി മികച്ച നയതന്ത്രജ്ഞനെന്ന് ജലീലിന്റെ പ്രശംസ.

തിരുവനന്തപുരം: (KasargodVartha) കാസർകോടിന്റെ വികസനക്കുതിപ്പും വിദ്യാഭ്യാസ മുന്നേറ്റവും സമകാലിക രാഷ്ട്രീയ വിഷയങ്ങളും തുറന്നുചർച്ച ചെയ്ത് കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്നും എംഎൽഎ കെ.ടി ജലീലും. സഭാ ടിവി സംപ്രേഷണം ചെയ്ത 'ഡയലോഗ്' പരിപാടിയിലാണ് ഇരുവരും തങ്ങളുടെ രാഷ്ട്രീയ-വ്യക്തി ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെച്ചത്. തളങ്കരയുടെ ചരിത്രവും റിയാസ് മൗലവി വധക്കേസിലെ സമാധാന ശ്രമങ്ങളും മുഖ്യമന്ത്രിയുടെ ഇടപെടലുകളുമെല്ലാം ഇരുവരുടെയും സംഭാഷണത്തിൽ നിറഞ്ഞുനിന്നു.

തളങ്കരയിലെ ഓർമ്മകളും വിദ്യാഭ്യാസ മുന്നേറ്റവും

തളങ്കര മുസ്ലിം ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് കുഞ്ഞി എങ്ങനെ എൻ.എ നെല്ലിക്കുന്നായി മാറി എന്ന് വിശദീകരിച്ചുകൊണ്ടാണ് സംഭാഷണം തുടങ്ങിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ചന്ദ്രിക വാരാന്തപ്പതിപ്പിലെ 'തളിരുകൾ' പംക്തിയിൽ ലേഖനം എഴുതാൻ സ്വീകരിച്ച തൂലികാനാമമായിരുന്നു എൻ.എ നെല്ലിക്കുന്ന്. പിന്നീട് കാനേഷുമാരി കണക്കെടുപ്പ് സമയത്ത് വീട്ടുകാർ വോട്ടർ പട്ടികയിൽ ആ പേര് തന്നെ നൽകുകയായിരുന്നു. കാസർകോടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ സി.എച്ച് മുഹമ്മദ് കോയയുടെ പങ്ക് വലുതാണെന്ന് ഇരുവരും ഓർമ്മിപ്പിച്ചു. തളങ്കരയിലെ മാലിക് ദിനാർ ആശുപത്രിയുടെ ശിലാസ്ഥാപനത്തിന് വന്നപ്പോൾ, ‘ആയിശക്കും ഫാത്തിമക്കും യുദ്ധക്കളത്തിൽ പോകാമെങ്കിൽ തളങ്കരയിലെ സ്ത്രീകൾക്ക് എന്തുകൊണ്ട് വിദ്യാഭ്യാസം നേടിക്കൂടാ’ എന്ന് സി.എച്ച് ചോദിച്ചതാണ് ജില്ലയിലെ വിദ്യാഭ്യാസ മാറ്റങ്ങൾക്ക് വിത്തുപാകിയതെന്ന് നെല്ലിക്കുന്ന് ചൂണ്ടിക്കാട്ടി.

പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം മുൻപ് ജില്ലയിലെ ഉദ്യോഗസ്ഥരിൽ 90 ശതമാനവും ഇതര ജില്ലക്കാരായിരുന്നു. എന്നാൽ ഇന്ന് കാസർകോട് ജോലി ചെയ്യുന്ന ഗവൺമെന്റ് ജീവനക്കാരിൽ 60 ശതമാനവും കാസർകോട്ടുകാർ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ജില്ലയുടെ വലിയൊരു കുതിച്ചുചാട്ടമാണെന്നും ഇരുവരും വിലയിരുത്തി.

റിയാസ് മൗലവി വധവും സമാധാന ശ്രമങ്ങളും

കാസർകോടിന്റെ മുൻകാല ചരിത്രത്തിലെ വർഗീയ കൊലപാതകങ്ങളെക്കുറിച്ചും റിയാസ് മൗലവി വധത്തെക്കുറിച്ചും കെ.ടി ജലീൽ പരാമർശിച്ചു. റിയാസ് മൗലവിയുടെ കൊലപാതകത്തിന് ശേഷം വർഗീയ സംഘർഷങ്ങളോ കൊലപാതകങ്ങളോ ജില്ലയിലുണ്ടായില്ല. പ്രതികൾക്ക് ഏഴ് വർഷത്തോളം പരോളോ ജാമ്യമോ നൽകാതെ സർക്കാർ ജയിലിലിട്ടത് ഇതിന് കാരണമായെന്ന് ജലീൽ പറഞ്ഞു.

അതേസമയം, റിയാസ് മൗലവി കൊല ചെയ്യപ്പെട്ടപ്പോൾ കാസർകോട് വർഗീയമായി കത്താതിരിക്കാൻ കാരണം മുസ്ലിം ലീഗും അവിടുത്തെ എംഎൽഎയും എടുത്ത നിലപാടുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ടെന്ന് എൻ.എ നെല്ലിക്കുന്ന് ഓർമ്മിപ്പിച്ചു. 

പ്രതിപക്ഷ എംഎൽഎ ആണെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ താൻ മുഖ്യമന്ത്രിയെ അഭിനന്ദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയപാതാ വികസനവും ടോൾ പ്ലാസയും

കേരളത്തിൽ ദേശീയപാതാ വികസനം അതിവേഗം പൂർത്തിയാക്കാൻ സാധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് കെ.ടി ജലീൽ അഭിപ്രായപ്പെട്ടു. ഇതിന് കാസർകോട് ജനതയുടെ നിസ്സീമമായ സഹകരണവും കാരണമായെന്ന് എൻ.എ നെല്ലിക്കുന്ന് കൂട്ടിച്ചേർത്തു. എന്നാൽ തലപ്പാടിയിൽ ടോൾ പ്ലാസ പ്രവർത്തിക്കുമ്പോൾ തന്നെ വെറും 20 കിലോമീറ്റർ അകലെ കുമ്പള ആരിക്കാടിയിൽ മറ്റൊരു ടോൾ പ്ലാസ സ്ഥാപിച്ച കേന്ദ്ര സർക്കാരിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും നടപടിയെ ഇരുവരും രൂക്ഷമായി വിമർശിച്ചു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അവർ പറഞ്ഞു. (കുമ്പള ആരിക്കാടി ടോൾ ല്പാസ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് മുമ്പാണ് ഈ അഭിമുഖം റേക്കോർഡ് ചെയ്തത്.)

മുഖ്യമന്ത്രിയുടെ വിലക്കും വ്യക്തിഹത്യയും

രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്നതിൽ നിന്നും തന്നെ പിന്തിരിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലാണെന്ന് കെ.ടി ജലീൽ വെളിപ്പെടുത്തി. നിയമസഭയിൽ കെ.എം ഷാജിക്കെതിരെ വ്യക്തിപരമായ ഒരു പരാമർശം നടത്തിയപ്പോൾ, അന്ന് വൈകുന്നേരം മുഖ്യമന്ത്രി തന്നെ നേരിട്ട് കണ്ട് അത് വിലക്കുകയായിരുന്നു. ‘നമ്മൾ പൊതുപ്രവർത്തകർ പാലിക്കേണ്ട ചില മര്യാദകളുണ്ട്, അത് പാടില്ലായിരുന്നു’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വലിയ രീതിയിൽ സ്വാധീനിച്ചുവെന്നും അതുകൊണ്ടാണ് പിറ്റേദിവസം സഭയിലെത്തി ആ വാക്ക് താൻ പിൻവലിച്ചതെന്നും ജലീൽ വ്യക്തമാക്കി.

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ദോഷങ്ങളേക്കാൾ കൂടുതൽ ഗുണങ്ങളാണുള്ളതെന്നും മികച്ച നയതന്ത്രജ്ഞനാണ് അദ്ദേഹമെന്നും ജലീൽ തുറന്നുപറഞ്ഞു. ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടതാണെങ്കിലും പാർട്ടിയിലെ നേതാക്കളുമായും പ്രവർത്തകരുമായും തനിക്ക് ഇന്നും ഊഷ്മളമായ വ്യക്തിബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: MLAs N.A. Nellikkunnu and K.T. Jaleel discussed Kasaragod's development, Thalangara's history, the Riyas Moulavi case, and CM Pinarayi Vijayan's interventions in a Sabha TV dialogue.

#SabhaTV #NANellikkunnu #KTJaleel #KasaragodNews #KeralaPolitics #Thalangara #RiyasMoulavi #PinarayiVijayan #NationalHighway #KeralaMLAs

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia