Action | '100 ദിവസം റിമാൻഡിൽ കഴിഞ്ഞതിനെ തുടർന്ന് യോഗങ്ങളിൽ പങ്കെടുക്കാനായില്ല'; പള്ളിക്കര പഞ്ചായത് മുസ്ലിം ലീഗ് വാർഡ് അംഗം അയോഗ്യനാക്കപ്പെട്ടു
ജനപ്രാതിനിധ്യ നിയമപ്രകാരം തുടർച്ചയായി മൂന്ന് പഞ്ചായത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടപ്പെടുമെന്നാണ് വ്യവസ്ഥ
പള്ളിക്കര: (KasargodVartha) സൊസൈറ്റിയിൽ നിന്ന് അപഹരിച്ച സ്വർണം പണയപ്പെടുത്തിയെന്ന കേസിൽ 100 ദിവസം റിമാൻഡിലായതിനെ തുടർന്ന് മൂന്ന് പഞ്ചായത് യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന മുസ്ലിം ലീഗ് വാർഡ് അംഗം അയോഗ്യനാക്കപ്പെട്ടു. രണ്ടാം വാർഡായ ഹദ്ദാദ് നഗർ അംഗം അഹ്‌മദ് ബശീറിനെതിരെയാണ് നടപടി. ശനിയാഴ്ച ചേർന്ന ഭരണസമിതി യോഗത്തിൽ പഞ്ചായത് സെക്രടറിയാണ് ഇക്കാര്യം അറിയിച്ചതെന്ന് വൈസ് പ്രസിഡന്റ് നസ്‌നീൻ വഹാബ് കാസർകോട് വാർത്തയോട് പറഞ്ഞു.
ജനപ്രാതിനിധ്യ നിയമപ്രകാരം തുടർച്ചയായി മൂന്ന് പഞ്ചായത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടപ്പെടുമെന്നാണ് വ്യവസ്ഥ. കാറഡുക്ക കോ ഓപറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് അഞ്ച് കോടിയോളം രൂപയുടെ സ്വർണവും പണവും അപഹരിച്ചെന്ന കേസിൽ പ്രതിയായതിനെ തുടർന്ന് അഹ്‌മദ് ബശീർ 100 ദിവസം ജയിലിലായിരുന്നു. ഈ റിമാൻഡ് കാലയളവിൽ നടന്ന മൂന്ന് ഭരണസമിതി യോഗങ്ങളിൽ ബശീറിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കാറഡുക്ക സൊസൈറ്റിയില്‍ നിന്ന് കവർന്ന സ്വർണം പണയപ്പെടുത്തിയെന്നാണ് ബശീറിനെതിരെയുള്ള കേസ്. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് കോടതിയിൽ പോകുമെന്നാണ് ബശീർ അറിയിച്ചിട്ടുള്ളത്. ബശീർ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഈ വാർഡിന്റെ അധിക ചുമതല തൊട്ടടുത്ത മൂന്നാം വാർഡിലെ ഐ എൻ എൽ അംഗമായ കുഞ്ഞബ്ദുല്ലയ്ക്ക് കൈമാറാൻ ഭരണസമിതി യോഗം തീരുമാനിച്ചു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. 22 അംഗ ഭരണസിമിതിയിൽ എല്‍ഡിഎഫിന് 14 ഉം യുഡിഎഫിന് എട്ടും അംഗങ്ങളാണ് ഉണ്ടായിരുന്നത്.
#KeralaPolitics #LocalNews#Corruption#MuslimLeague#Panchayat