Demand | 'മീപ്പുഗിരിയിലെ ആക്രമണം ഗൗരവമായി കാണണം'; ജില്ലാ പൊലീസ് മേധാവിയെ കണ്ട് മുസ്‌ലിം ലീഗ് നേതാക്കൾ

● മീപ്പുഗിരിയിലെ അക്രമം ഗൗരവതരമെന്ന് മുസ്‌ലിം ലീഗ്.
● ജില്ലാ പൊലീസ് മേധാവിയെ സന്ദർശിച്ച് ആശങ്ക അറിയിച്ചു.
● കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം.
● വിശദമായ അന്വേഷണം നടത്തണമെന്ന് നേതാക്കൾ
കാസർകോട്: (KasargodVartha) മധൂർ മീപ്പുഗിരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം അതീവ ഗൗരവത്തോടെ കാണണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ ജില്ലാ പൊലീസ് മേധാവി ഡി ശിൽപയെ നേരിൽ കണ്ട് ജില്ലയിലെ ക്രമസമാധാന നിലയിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ചു.
സംഘപരിവാർ പ്രവർത്തകനായ കൊലക്കേസ് പ്രതിക്ക് മതിയായ ശിക്ഷ ലഭിക്കാത്തതിൻ്റെ പരിണിത ഫലമാണ് മീപ്പുഗിരിയിലെ അക്രമമെന്നും നേതാക്കൾ പറഞ്ഞു. മതസ്പർദ്ധയുണ്ടാക്കാനുള്ള ശക്തമായ ഗൂഢശ്രമം ഈ സംഘത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
വരുംകാല സുരക്ഷിതത്വം മുൻനിർത്തി ഈ സംഭവത്തിലെ പ്രതികൾക്കെതിരെയും ബാഹ്യശക്തികൾക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സമുദായ സൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവൃത്തികളെ ഗൗരവമായി കാണണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, ട്രഷറർ പി എം മുനീർ ഹാജി, എൻ.എ നെല്ലിക്കുന്ന് എംഎൽഎ, എകെഎം അഷ്‌റഫ് എംഎൽഎ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, മധൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശംസുദ്ദീൻ, ജനറൽ സെക്രട്ടറി മജീദ് പട്ല, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ബേക്കൽ എന്നിവരാണ് ജില്ലാ പൊലീസ് മേധാവിയെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നത്.
Muslim League leaders met the District Police Chief demanding strict action against the perpetrators of the Meepugiri attack, expressing concerns about law and order.
#MeepugiriAttack #MuslimLeague #Kasaragod #KeralaPolice #Crime #Justice