കാസർകോട്ട് എൻ എ നെല്ലിക്കുന്ന്; മഞ്ചേശ്വരം എ കെ എം അശ്‌റഫ്; മുസ്ലിം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Mar 12, 2021, 17:03 IST
കാസർകോട്: (www.kasargodvartha.com 12.03.2021) മുസ്ലിം ലീഗ് നിയമസഭാ സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യസഭാ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ മഞ്ചേശ്വരത്ത് എകെഎം അശ്‌റഫ് സ്ഥാനാർഥിയാകും. കാസർകോട്ട് നിലവിലെ എംഎൽഎ എൻ എ നെല്ലിക്കുന്ന് തന്നെ തുടരും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
25 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയാണ് പുറത്ത് വിട്ടത്. 1996 ന് ശേഷം ആദ്യമായി ഒരു വനിതയും പട്ടികയിൽ ഇടം പിടിച്ചു. കോഴിക്കോട് സൗതിൽ മത്സരിക്കുന്ന അഡ്വ. നൂർബിന റശീദാണ് പട്ടികയിൽ ഇടം പിടിച്ച വനിത.
അഴീക്കോട് കെ എം ശാജി, താനൂർ പി കെ ഫിറോസ്, കുത്തുപറമ്പ് പി കെ അബ്ദുല്ല, വേങ്ങര പി കെ കുഞ്ഞാലിക്കുട്ടി, കൊടുവള്ളി എം കെ മുനീർ, പെരിന്തൽമണ്ണ നജീബ് കാന്തപുരം, തിരൂരങ്ങാടി കെ പി എ മജീദ്, കുറ്റിയാടി പാറക്കൽ അബ്ദുല്ല, മഞ്ചേരി യു എ ലത്വീഫ്, മലപ്പുറം പി ഉബൈദുല്ല, കളമശേരി വി ഇ ഗഫൂർ, മണ്ണാർക്കാട് എൻ ശംസുദ്ദീൻ, തിരൂർ കുറിക്കോളി മൊയ്‌ദീൻ, കോങ്ങാട് യു സി രാമൻ, മങ്കട മഞ്ഞളാംകുഴി അലി, തിരുവമ്പാടി സി പി ചെറിയ മുഹമ്മദ്, വള്ളിക്കുന്ന് പി അബ്ദുൽ ഹമീദ് മാസ്റ്റർ, കൊണ്ടോട്ടി ടി വി ഇബ്രാഹിം, കോട്ടക്കൽ ആബിദ് ഹുസൈൻ തങ്ങൾ. പുനലൂരും ചടയമംഗലവും പിന്നീട് പ്രഖ്യാപിക്കും. മലപ്പുറം ലോക്സഭാ സീറ്റിൽ എംപി അബ്ദുസ്സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ പിവി അബ്ദുൽ വഹാബും മത്സരിക്കും.
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡന്റും യൂത് ലീഗ് സംസ്ഥാന സെക്രട്ടറിയുമാണ് എകെഎം അശ്‌റഫ്. ജില്ലാ പഞ്ചായത്ത് മെമ്പറും ആയിരുന്നു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ഒരു വിഭാഗം അശ്‌റഫിന് വേണ്ടി ശക്തമായി വാദിച്ചിരുന്നു. എന്നാൽ സീറ്റ് എംസി ഖമറുദ്ദീന് നൽകുകയായിരുന്നു. ഫാഷൻ ഗോൾഡ് ജ്വലറി കേസാണ് ഇത്തവണ ഖമറുദ്ദീന് വിനയായത്. തുളു, കന്നഡ ഭാഷകളിലെ പ്രാവീണ്യവും മണ്ഡലത്തിലെ പൊതു സമ്മിതിയും അശ്‌റഫിന് തുണയായി.
കാസർകോട്ട് നിന്ന് ഇത് മൂന്നാം വട്ടമാണ് എൻ എ നെല്ലിക്കുന്ന് മത്സരത്തിന് ഇറങ്ങുന്നത്. 8607 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ എൻ എ വിജയിച്ചത്. ഇത്തവണ യുഡിഎഫ് അധികാരത്തിൽ വന്നാൽ അദ്ദേഹം മന്ത്രി ആവുമെന്നും പ്രചാരണമുണ്ട്.