യുവ നേതൃനിരയെ കളത്തിലിറക്കി പച്ചപ്പട; പെരിയ ഒഴികെ മുസ്ലീംലീഗ് മത്സരിക്കുന്ന ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം തീപാറും
കാസര്‍കോട്: (www.kasargodvartha.com 17.11.2020) പെരിയ ഒഴികെ മുസ്ലീംലീഗ് മത്സരിക്കുന്ന ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം തീപാറും.
യുവ നേതൃനിരയ്ക്ക് പ്രാമുഖ്യം നല്‍കി ലീഗ് മത്സരിക്കുന്ന എട്ട് ഡിവിഷനുകളില്‍ ഏഴിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ലീഗ് നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
മൊത്തം 17 സീറ്റുകളുള്ള ജില്ലാ പഞ്ചായത്തില്‍ യു ഡി എഫില്‍ നിന്ന് എട്ട് വീതം സീറ്റുകളിലേക്കാണ് മുസ്ലിം ലീഗ്, കോണ്‍ഗ്രസ് കക്ഷികള്‍ മത്സരിക്കുന്നത്. ഒരു സീറ്റ് സി എം പിക്കാണ്.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, സി കെ സുബൈര്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി എന്നിവരടങ്ങിയ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗിലെയും യൂത്ത്‌ലീഗിലെയും വനിതാലീഗിലെയും കര്‍മസാരഥികളെയാണ് വിവിധ ഡിവിഷനുകളിലായി കളത്തിലിറക്കിയത്. ഇതില്‍ നാലു പേര്‍ പുതുമുഖങ്ങളാണ്. മറ്റു മൂന്നു പേര്‍ ജനപ്രതിനിധികളായി കഴിവ് തെളിയിച്ചവരാണ്.
റഹ് മാന്‍ ഗോള്‍ഡന്‍ (മഞ്ചേശ്വരം), ജമീല സിദ്ദീഖ് ദണ്ഡഗോളി (കുമ്പള), ജസീമ ജാസ്മിന്‍ കബീര്‍ ചെര്‍ക്കള (സിവില്‍ സ്‌റ്റേഷന്‍), ടി ഡി കബീര്‍ (ചെങ്കള), ഷാഹിന സലീം (എടനീര്‍), പി ബി ശഫീഖ് (ദേലംപാടി), ടി സി എ റഹ് മാന്‍ (ചെറുവത്തൂര്‍) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.
ഇതില്‍ കുമ്പള, മഞ്ചേശ്വരം, സിവില്‍സ്‌റ്റേഷന്‍, ചെങ്കള എന്നിവ ലീഗിന്റെ സിറ്റിംഗ് സീറ്റാണ്.
പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും യുവതി യുവാക്കളാണ്. മൂന്ന് തവണയോ അതില്‍ കൂടുതലോ ജനപ്രതിനിധി ആയിരുന്നവരെ പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെയുള്ള തിരഞ്ഞെടുപ്പില്‍ യുവാക്കാള്‍ക്ക് കൂടുതല്‍ പ്രധാന്യം കിട്ടിയിരിക്കുന്നത്. ഗോള്‍ഡണ്‍ റഹ് മാനും ടി ഡി കബീറും നേരത്തേ ബ്ലോക്ക് പഞ്ചായത്തിലും ശാഹിന ഗ്രാമപ്പഞ്ചായത്തിലുമായി ഭരണപാടവം തെളിയിച്ചവരാണ്.
ഭരണതലത്തില്‍ യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് യുവ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.
മുസ്ലിം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലാകെ 283 സീറ്റുകളിലാണ് മത്സരിക്കുന്നത്. മഞ്ചേശ്വരം 76, കാസര്‍കോട് 87, ഉദുമ 45, കാഞ്ഞങ്ങാട് 30, തൃക്കരിപ്പൂര്‍ 45. എന്നിങ്ങനെയാണ് നിയോജക മണ്ഡലം അടിസ്ഥാനമാക്കിയുള്ള കണക്ക്.
ബ്ലോക്ക് പഞ്ചായത്ത് 23, നഗരസഭ 44 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. വലിയ പ്രശ്‌നങ്ങളില്ലാതെയാണ് സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞത്.
എം സി ഖമറുദ്ദീന്റെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസ് വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.
എം സി ഖമറുദ്ദീന്‍ എം എല്‍ എയുടെ കേസ് രാഷ്ട്രീയവുമായി ഒരു ബന്ധമില്ലാത്തതാണ്. കച്ചവടം പൊളിഞ്ഞതുമായി ബന്ധപ്പെട്ടാണ് പരാതികള്‍ വരുന്നത്. ഇതിനെ മുസ്ലിം ലീഗ് രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ല. ഇതിനെ കുറിച്ച് നല്ല ബോധ്യമുള്ളവരാണ് ജില്ലയിലെ വോട്ടര്‍മാര്‍. അത് കൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ത്തിയാലും ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.