കാസർകോട് കലക്ടറുടെ നടപടികൾ ജനാധിപത്യത്തിന് അവഹേളനമെന്ന് എ അബ്ദുൽ റഹ്‌മാൻ
● എംഎൽഎയോടും പൊതുപ്രവർത്തകരോടും കലക്ടർ അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപണം.
● വിശ്വാസപരമായ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ കലക്ടർ തടസ്സം നിൽക്കുന്നുവെന്ന് വിമർശനം.
● കലക്ടർ രാജാവല്ല, ജനങ്ങളുടെ സേവകനാണെന്ന് മുസ്ലിം ലീഗ് ഓർമ്മിപ്പിച്ചു.
● പ്രോട്ടോക്കോൾ ലംഘനം നടത്തി എംഎൽഎയെ അവഹേളിച്ചതായും പരാതി.
● പബ്ലിസിറ്റിക്കും അവാർഡിനും പിന്നാലെയാണ് കലക്ടറെന്ന് പരിഹാസം.
കാസർകോട്: (KasargodVartha) ജില്ലാ കലക്ടർ സി.പി.എമ്മിന് വേണ്ടി ദാസ്യവേല ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ പറഞ്ഞു. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം കലക്ടർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിന് മുൻപേ ഹാളിലെത്തിയ വനിതയായ മുസ്ലിം ലീഗ് അംഗത്തിന് വോട്ടവകാശം നിഷേധിച്ചത് ഇതിന് ഉദാഹരണമാണ്.
രണ്ട് മിനിറ്റ് വൈകി എന്ന സി.പി.എം ആരോപണം ശരിവെച്ച് വോട്ടവകാശം നിഷേധിച്ച കലക്ടർ പാർട്ടിയുടെ ആജ്ഞാനുവർത്തിയായി മാറുകയാണ്. കലക്ടറുടെ സമീപകാല പ്രവർത്തനങ്ങളും നിലപാടുകളും പരിശോധിച്ചാൽ ആർക്കും ഇത് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
'കലക്ടർ രാജാവല്ലെന്നും ജനങ്ങളുടെ സേവകനാണെന്ന ബോധം കാസർകോട് കലക്ടർക്കുണ്ടാകുന്നത് നല്ലതാണ്. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും നികുതി നൽകുന്ന ജനങ്ങളോടും മാന്യമായി പെരുമാറാനെങ്കിലും കലക്ടർ തയ്യാറാവണം' അബ്ദുൽ റഹ്‌മാൻ ആവശ്യപ്പെട്ടു.
എ.കെ.എം. അഷ്റഫ് എം.എൽ.എയോടും പരാതി ബോധിപ്പിക്കാനെത്തിയ പൊതുപ്രവർത്തകരോടും അപമര്യാദയായി പെരുമാറിയ കാസർകോട് ജില്ലാ കലക്ടർ ജനാധിപത്യ സംവിധാനത്തെയാണ് അവഹേളിച്ചത്.
പ്രോട്ടോകോൾ പ്രകാരം എം.എൽ.എയ്ക്ക് താഴെയുള്ള കലക്ടർക്കില്ലാത്ത പല അവകാശങ്ങളും എം.എൽ.എയ്ക്കുണ്ടെന്നറിയാതെ കലക്ടർ വിവരക്കേട് വിളമ്പുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത് സംബന്ധിച്ച് കലക്ടർ തെറ്റിദ്ധാരണ പരത്തിയത് വലിയ വിവാദമായിരുന്നു. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ഭാഗമായി വിശ്വാസികൾ ദൈവനാമത്തിലും അല്ലാഹുവിന്റെ നാമത്തിലും പ്രതിജ്ഞയെടുത്തു വരുന്നുണ്ട്.
ആ അവകാശം നിഷേധിക്കാൻ കീഴുദ്യോഗസ്ഥരായ റിട്ടേണിംഗ് ഓഫീസർമാർക്ക് കലക്ടർ വാക്കാൽ നിർദ്ദേശം നൽകി. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധി പകർപ്പുകൾ കൈമാറിയതോടെയാണ് തീരുമാനം മാറ്റാൻ തയ്യാറായതെന്നും അബ്ദുൽ റഹ്‌മാൻ ചൂണ്ടിക്കാട്ടി.
അവാർഡ് മോഹികളും പബ്ലിസിറ്റിക്കടിമകളുമായി പരിഹാസ്യരായ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ കലക്ടറുടെ പേര് വന്നത് കാസർകോടിന് അപമാനമാണ്. ഭരിക്കുന്ന പാർട്ടികളുടെ വാലായി മാറാതെ ജില്ലയിലെ മുഴുവൻ മനുഷ്യരുടെയും കലക്ടറാകാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ. ഷെയർ ചെയ്യൂ.
Article Summary: Muslim League slams Kasargod Collector for political bias and misbehavior towards MLAs.
#Kasargod #DistrictCollector #MuslimLeague #KeralaPolitics #CPM #Democracy






