Allegation | സിപിഎം ഭരണത്തിൽ ബിജെപി നേതാക്കളും കൊലക്കേസ്സ് പ്രതികളും കുറ്റവിമുക്തരാവുന്നുവെന്ന് മുസ്ലിം ലീഗ്
● കേരളത്തിൽ ബി.ജെ.പി വളർന്നു വരാൻ സി.പി.എം വഴിയൊരുക്കുകയാണെന്ന് ആരോപണം.
● ബി.ജെ.പി മുഖ്യമന്ത്രിയേയും കുടുംബത്തെയും കുറ്റവിമുക്തമാക്കുന്നുവെന്ന് എ. അബ്ദുൽ റഹ്മാൻ.
കാസർകോട്: (KasargodVartha) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ കുറ്റവിമുക്തരായത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ് മാൻ ആരോപിച്ചു.
സി.പി.എം ഭരണത്തിൽ ബി.ജെ.പി നേതാക്കൾ മാത്രമല്ല, കൊലക്കേസ് പ്രതികൾ പോലും എളുപ്പത്തിൽ കുറ്റവിമുക്തരാകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി നേതാക്കളും പ്രവർത്തകരും കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതിന് പ്രതിഫലമായി, ബി.ജെ.പി മുഖ്യമന്ത്രിയേയും കുടുംബത്തെയും കുറ്റവിമുക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുത്തും വാങ്ങിയുമുള്ള ഈ അവിശുദ്ധ രാഷ്ട്രിയ കൂട്ടുകെട്ട് കേരളത്തിന്റെ മാനം കെടുത്തുകയാണെന്നും കേരളത്തിൽ ബി.ജെ.പി വളർന്നു വരാൻ സി.പി.എം വഴിയൊരുക്കുകയാണെന്നും അബ്ദുൽ റഹ് മാൻ ആരോപിച്ചു. അതിന് വേണ്ടി ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെപ്പോലും വഴിവിട്ട് സി.പി.എം ഉപയോഗിക്കുന്നു.
സി.പി.എം ജില്ലാ കമ്മിറ്റി അംഗം നൽകിയ കോഴ പരാതിയിൽ ബി.ജെ.പി.നേതാക്കളെ കുറ്റവിമുക്തരാക്കിയ സംഭവത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും അബ്ദുൽ റഹ് മാൻ ആവശ്യപ്പെട്ടു.
#KeralaPolitics #CPM #BJP #MuslimLeague #Corruption #Conspiracy #Manjeswaram