ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് 48 മണിക്കൂറിനകം പരിഹാരം: 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെൻ്റർ പ്രവർത്തനമാരംഭിച്ചു
● 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്ററിന് രണ്ട് ലെയറുകൾ അഥവാ തലങ്ങൾ ഉണ്ടാകും.
● എല്ലാ വകുപ്പുകളിൽ നിന്നുമുള്ള വിദഗ്ദ്ധ ഉദ്യോഗസ്ഥരെ ഇതിൽ നിയോഗിച്ചിട്ടുണ്ട്; ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതല.
● നടൻ ടൊവിനോ തോമസുമായി മുഖ്യമന്ത്രി ആദ്യമായി നേരിട്ട് സംസാരിച്ചു.
● 1800-425-6789 എന്ന ടോൾഫ്രീ നമ്പറിലൂടെ പരാതികളും നിർദ്ദേശങ്ങളും അറിയിക്കാം.
തിരുവനന്തപുരം: (KasargodVartha) ജനങ്ങളുടെ ജീവിതക്ഷേമം ഉറപ്പാക്കുന്ന പൊതുവായ വികസനമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും അതിൻ്റെ ദൃഷ്ടാന്തമാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME) സിറ്റിസൺ കണക്ട് സെൻ്ററെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളാണ് ഭരണത്തിൻ്റെ കേന്ദ്രവും ലക്ഷ്യവുമെന്ന കാഴ്ചപ്പാടോടെയാണ് ഈ ജനകീയ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്. വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ വെച്ച് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
48 മണിക്കൂറിനകം നടപടി അറിയിക്കും
പൊതുജനങ്ങളും സർക്കാരും തമ്മിലുള്ള ആശയവിനിമയ രംഗത്തെ വിടവുകൾ നികത്താനും, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനും, എടുത്ത നടപടി നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളെ അറിയിക്കാനുമാണ് ഈ നൂതന സംവിധാനം ലക്ഷ്യമിടുന്നത്. നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം, സി എം വിത്ത് മിയിലേക്ക് ഒരു കാര്യം വിളിച്ചു പറഞ്ഞാൽ, പരാതി അറിയിച്ചാൽ അതിന്മേൽ എടുത്ത നടപടി 48 മണിക്കൂറിനകം ഉത്തരവാദിത്വത്തോടെ തിരികെ വിളിച്ച് അറിയിക്കും എന്നതാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.

ജനാധിപത്യ വ്യവസ്ഥയിൽ ഭരണസംവിധാനത്തിൻ്റെ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണ്. ഈ തത്വം അക്ഷരാർത്ഥത്തിൽ നടപ്പാവേണ്ടതുണ്ട് എന്ന ബോധ്യത്തോടെയാണ് കഴിഞ്ഞ ഒമ്പത് വർഷവും സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. പ്രോഗ്രസ് റിപ്പോർട്ട്, നവകേരള സദസ്സ്, വികസന സദസ്സുകൾ, ഫയൽ അദാലത്തുകൾ, കളക്ടേഴ്സ് കോൺഫറൻസുകൾ തുടങ്ങി മുമ്പൊരു കാലത്തുമില്ലാത്ത പുതുമയാർന്ന കാര്യങ്ങൾ ആവിഷ്‌ക്കരിച്ചത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന് പ്രാധാന്യം നൽകുന്നതുകൊണ്ടാണ്.
ഭരണനിർവ്വഹണത്തിൽ ജനങ്ങളെ പങ്കാളികളാക്കും
ഇതിനൊക്കെ പുറമെയാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന അതിനൂതനമായ പദ്ധതിയുമായി സർക്കാർ ജനങ്ങളിലേക്ക് എത്തുന്നത്. 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്നതിന് 'സർക്കാർ അപ്പാടെ പൗരരോടൊപ്പം' എന്നുതന്നെയാണ് അർത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. സദാ ഉണർന്നിരിക്കുന്ന ഒരു ടീമിനെ സിറ്റിസൺ കണക്ട് സെൻ്ററിൽ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാനുള്ളവ അങ്ങനെയും, മന്ത്രിമാർ ഉൾപ്പെട്ട് പരിഹരിക്കാനുള്ളവ ആ വിധത്തിലും കൈകാര്യം ചെയ്യും.
ജനങ്ങളെ ഭരണനിർവ്വഹണത്തിൽ പങ്കാളികളാക്കുന്ന സുതാര്യവും നൂതനവുമായ പദ്ധതിയാണിത്. ഈ സംവിധാനത്തിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും എല്ലാവരുടെയും അഭിപ്രായവും ഉൾക്കൊള്ളാനും സർക്കാരിന് കഴിയും. അതിലൂടെ ജനങ്ങൾ വികസനത്തിൻ്റെ ഗുണഭോക്താക്കൾ (Beneficiary) മാത്രമല്ല, കേരളത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിലെ സജീവ പങ്കാളികളാണെന്നും ഉറപ്പാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയുടെ കാര്യക്ഷമതയ്ക്കായി വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെ പിന്തുണയും പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ മേൽനോട്ടവുമുണ്ടാകും. പോലീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി പോലീസിലെ തന്നെ പത്ത് പേരടങ്ങുന്ന ടീം ഇതിലുണ്ടാകും. എല്ലാ വകുപ്പുകളിൽ നിന്നുമുള്ളവരുണ്ടാകും. ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതല.
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ
കോൾ സെൻ്ററിന് രണ്ട് ലെയറുകൾ (Layers) അഥവാ തലങ്ങൾ ഉണ്ടാകും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന റിസീവിങ് ലെയർ 24 മണിക്കൂറും പ്രവർത്തിക്കും. ഒരേസമയം പത്ത് കോളുകൾ കൈകാര്യം ചെയ്യാൻ ഇവിടെ സൗകര്യമുണ്ടാകും. രണ്ടാമത്തെ ലെയർ വകുപ്പുതല പരിഹാരത്തിന്റേതാണ്. തദ്ദേശ സ്വയംഭരണം, റവന്യൂ, ഹോം, സഹകരണ വകുപ്പുകളിൽ നിന്ന് രണ്ട് വീതവും മറ്റ് 22 പ്രധാന വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും ഈ ലെയറിലുണ്ടാകും. ആദ്യ ലെയറിൽ നിന്ന് പരാതി രണ്ടാം ലെയറിലെത്തിച്ച് നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിക്കും.
പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാകും. പദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ഉള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്ക് സമർപ്പിക്കാം. വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി ഇതു മാറും. നീതി ലഭിക്കാതെ വന്നതിനെ കുറിച്ചുള്ള പരാതികളടക്കം ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനും സാധിക്കും.
സംസ്ഥാനത്തിൻ്റെ പുരോഗതി ജനജീവിതത്തിൻ്റെ യാഥാർത്ഥ്യം കൊണ്ടു കൂടിയാണ് അളക്കേണ്ടതെന്ന നവകേരള സദസ്സിൽ ലഭിച്ച തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയോട് നേരിട്ടു പറയാം എന്ന നിലയ്ക്കുള്ള സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ടോൾഫ്രീ നമ്പർ ലഭ്യമാക്കി
വികസന മേഖലകളിൽ കേരളം സമാനതകളില്ലാത്ത അധ്യായം തീർക്കുകയാണെന്നും, കേരളത്തിലെ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ, അഭിപ്രായങ്ങൾ കേൾക്കാൻ, ആവശ്യമായ ഇടപെടൽ നടത്താൻ, മുഖ്യമന്ത്രിയോടും മന്ത്രിസഭയോടും നേരിട്ട് സംസാരിക്കാൻ 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെൻ്റർ പദ്ധതിയിലൂടെ സാധ്യമാവുകയാണെന്നും റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സർക്കാർ എന്നും ജനങ്ങൾക്ക് ഒപ്പമാണെന്ന് ഉറപ്പാക്കുന്ന ആശയ വിനിമയത്തിന്റെ പുതിയ മാർഗ്ഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സിറ്റിസൺ കണക്ട് സെൻ്ററിലേക്ക് ആദ്യമായി വിളിച്ച ചലച്ചിത്ര നടൻ ടൊവിനോ തോമസുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. പദ്ധതിയ്ക്ക് അദ്ദേഹം എല്ലാവിധ ആശംസകളും അറിയിച്ചു. തുടർന്ന് വന്ന മൂന്ന് കോളുകളും മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് സംസാരിച്ചു.
1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെ സിറ്റിസൺ കണക്ട് സെൻ്ററിലേക്ക് ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കാവുന്നതാണ്.
ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ഡോ ആർ ബിന്ദു, പി എ മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, വീണ ജോർജ്ജ്, കെ കൃഷ്ണൻകുട്ടി, വി ശിവൻകുട്ടി, എ കെ ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ പുതിയ ജനകീയ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Kerala CM Pinarayi Vijayan launched the 'Mukhyamanthri Ennothoppam' Citizen Connect Center for prompt public grievance redressal with a 48-hour response guarantee.
#KeralaGovt #CMWithME #CitizenConnect #PinarayiVijayan #PublicWelfare #KeralaNews






