പത്ത് വർഷത്തിനു ശേഷം കാസർകോട് എംഎസ്എഫ് ജില്ലാ സമ്മേളനം; കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

● 'ഐക്യം, അതിജീവനം, അഭിമാനം' എന്നതാണ് സമ്മേളന പ്രമേയം.
● 36,000 വിദ്യാർത്ഥികൾക്ക് ജില്ലയിൽ അംഗത്വം ലഭിച്ചു.
● ലഹരി വിരുദ്ധ റാലി, അക്കാദമിക് സെമിനാർ, വിദ്യാർത്ഥി സംഗമങ്ങൾ നടക്കും.
● ജൂലൈ 10-ന് പ്രതിനിധി സമ്മേളനത്തോടെ തുടക്കം.
● ജൂലൈ 11-ന് ശാഖാ തലങ്ങളിൽ പതാക ദിനം ആചരിക്കും.
● ജൂലൈ 12-ന് വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും.
കാസർകോട്: (KasargodVartha) എം.എസ്.എഫ്. കാസർകോട് ജില്ലാ സമ്മേളനം ജൂലൈ 10, 11, 12 തീയതികളിൽ കാസർകോട് നഗരത്തിൽ നടക്കും. നീണ്ട പത്ത് വർഷങ്ങൾക്കു ശേഷമാണ് എം.എസ്.എഫ്. ജില്ലാ സമ്മേളനത്തിന് കാസർകോട് വേദിയാകുന്നത്. 'ഐക്യം, അതിജീവനം, അഭിമാനം' എന്ന പ്രമേയത്തിൽ 2024 ഒക്ടോബറിൽ ആരംഭിച്ച എം.എസ്.എഫ്. മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ 36,000 വിദ്യാർത്ഥികളാണ് ജില്ലയിൽ അംഗത്വം നേടിയതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ മാസം മുതൽ ആരംഭിച്ച ശാഖാ സമ്മേളനങ്ങൾ, പഞ്ചായത്ത്, മുനിസിപ്പൽ സമ്മേളനങ്ങൾ, നിയോജക മണ്ഡലം സമ്മേളനങ്ങൾ എന്നിവ വിജയകരമായി പൂർത്തിയാക്കി മുഴുവൻ ഘടകങ്ങളിലും പുതിയ കമ്മിറ്റികൾ രൂപീകരിച്ച ശേഷമാണ് ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നത്. സമ്മേളന പ്രചരണാർത്ഥം ശാഖാ തലങ്ങളിൽ പോസ്റ്റർ ദിനം ആചരിച്ചു. ജൂൺ 30 വരെ നിയോജക മണ്ഡലം തലങ്ങളിൽ പ്രത്യേക കൺവെൻഷനുകൾ നടത്തും.
ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ റാലി പടന്നയിൽ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ക്യാമ്പസുകളിലും സ്കൂളുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.
ജൂലൈ ഒന്നിന് കാസർകോട് വനിതാ ഭവനിൽ അക്കാദമിക് സെമിനാർ നടക്കും. ജൂലൈ മൂന്നിന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഹരിത വിദ്യാർത്ഥിനി സംഗമം സംഘടിപ്പിക്കും. ജൂലൈ നാലിന് ഉദുമ മണ്ഡലത്തിലെ ടെക്കീസ് പാർക്കിൽ ടെക്ഫെഡ് സംഗമവും, അഞ്ചിന് മഞ്ചേശ്വരത്ത് ബാലകേരളം സംഗമവും നടക്കും. ജൂലൈ അഞ്ചിന് മുമ്പായി മുഴുവൻ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും പ്രത്യേക കൺവെൻഷനുകൾ പൂർത്തിയാക്കും.
ജൂലൈ പത്തിന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തോടെ ജില്ലാ സമ്മേളനം ആരംഭിക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിൽ എം.എസ്.എഫ്. ജില്ലാ, നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളും ക്യാമ്പസ് പ്രതിനിധികളുമാണ് പങ്കെടുക്കുക. രാത്രി ഏഴ് മണിക്ക് പഴയകാല എം.എസ്.എഫ്. നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് തലമുറ സംഗമം നടക്കും.
ജൂലൈ 11-ന് ശാഖാ തലങ്ങളിൽ പതാക ദിനം ആചരിക്കും. ജില്ലയിലെ മുഴുവൻ ശാഖകളിലും പതാക ഉയർത്തുന്നതിനോടൊപ്പം സമ്മേളന നഗരിയിലും പതാക ഉയർത്തും. ജൂലൈ 12-ന് വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തായലങ്ങാടി ക്ലോക്ക് ടവർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ സമ്മേളന നഗരിയിൽ സമാപിക്കും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ദേശീയ, ജില്ലാ നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാനും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജി, എം.എസ്.എഫ്. നിരീക്ഷകനും മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ ഹാരിസ് ചൂരി, എം.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, ജില്ലാ പ്രസിഡന്റ് താഹ തങ്ങൾ, ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ എന്നിവർ പങ്കെടുത്തു.
എംഎസ്എഫ് ജില്ലാ സമ്മേളനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: MSF Kasaragod district conference from July 10, PK Kunhalikutty to inaugurate.
#MSF #Kasaragod #DistrictConference #PKKunhalikutty #KeralaPolitics #MuslimLeague