Rankings | വീണ്ടും ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി നരേന്ദ്ര മോദി; 69 ശതമാനം റേറ്റിംഗ്
ജൂലൈ എട്ടിനും 14നും ഇടയിലുള്ള ദിവസങ്ങളിൽ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്കിടയിലാണ് സർവേ നടത്തിയത്
ന്യൂഡൽഹി: (KasargodVartha) പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെയും നിയുക്ത യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറെയും പിന്തള്ളിയാണ് നേട്ടം. അമേരിക്ക ആസ്ഥാനമായുള്ള പൊളിറ്റിക്കൽ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടാണ് ഏറ്റവും പുതിയ റാങ്കിംഗ് പുറത്തുവിട്ടത്.
ജൂലൈ എട്ടിനും 14നും ഇടയിലുള്ള ദിവസങ്ങളിൽ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്കിടയിലാണ് സർവേ നടത്തിയത്. പട്ടികയിൽ 69 ശതമാനം റേറ്റിംഗ് നേടിയാണ് മോദി ഒന്നാമതെത്തിയത്. മെക്സിക്കൻ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ 63 ശതമാനം റേറ്റിംഗോടെ രണ്ടാം സ്ഥാനത്തെത്തി. 16 ശതമാനം റേറ്റിംഗുമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയാണ് 25 നേതാക്കളുടെ പട്ടികയിൽ അവസാനമുള്ളത്.
മുൻ സർവേകളിലും പട്ടികയിൽ ഒന്നാമനായിരുന്നു മോദി. അതേസമയം, മറ്റ് പ്രമുഖ ആഗോള നേതാക്കളുടെ പിന്തുണ മിതമായ തലത്തിലാണ്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് 39 ശതമാനവും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് 29 ശതമാനവും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർക്ക് 45 ശതമാനവും ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിന് വെറും 20 ശതമാനവുമാണ് പിന്തുണ ലഭിച്ചത്.
ഏറ്റവും ജനപ്രിയമായ 10 ആഗോള നേതാക്കൾ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (69 ശതമാനം)
മെക്സിക്കോ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (63 ശതമാനം)
അർജൻ്റീന പ്രസിഡൻ്റ് ഹാവിയർ മിലി (60 ശതമാനം)
സ്വിറ്റ്സർലൻഡ് ഫെഡറൽ കൗൺസിലർ വിയോള അംഹെർഡ് (52 ശതമാനം)
അയർലൻഡിൻ്റെ സൈമൺ ഹാരിസ് (47 ശതമാനം)
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ (45 ശതമാനം)
പോളണ്ടിൻ്റെ ഡൊണാൾഡ് ടസ്ക് (45 ശതമാനം)
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ് (42 ശതമാനം)
സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് (40 ശതമാനം)
ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി (40 ശതമാനം)
പട്ടിക പതിവായി അപ്ഡേറ്റ് ചെയ്യുന്നു. 25 രാജ്യങ്ങളിൽ, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെറ്റർ ഫിയാല, ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക്-യോൾ, ജപ്പാൻ്റെ ഫുമിയോ കിഷിദ എന്നിവർ അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടി.