Criticism | ഗാന്ധിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന് അന്ന്, നെഹ്റുവിനെ അറിയാൻ അമേരിക്കൻ പുസ്തകം വായിക്കണമെന്ന് ഇപ്പോൾ; മോദിയുടെ പാർലമെന്റ് പ്രസ്താവനയിലെ വിവാദം കെട്ടടങ്ങുന്നില്ല

● ജെഎഫ്‌കെസ് ഫോര്‍ഗോട്ടണ്‍ ക്രൈസിസ് എന്ന പുസ്തകം വായിക്കാനാണ് നിർദേശിച്ചത്.
● കോൺഗ്രസ് മോദിക്കെതിരെ രംഗത്ത്.
● മോദി അപമാനിക്കുന്നു എന്ന് പ്രതിപക്ഷം.
എം എം മുഹ്‌സിൻ
ന്യൂഡൽഹി: (KasargodVartha) രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ മനസ്സിലാക്കാൻ ഗാന്ധി സിനിമ കാണണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ നേരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ മനസ്സിലാക്കാൻ അമേരിക്കൻ പുസ്തകം വായിക്കണമെന്ന് പറഞ്ഞതും ഇപ്പോൾ വിവാദമായിരിക്കുകയാണ്.
ഒരു ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകേണ്ട അഭിപ്രായങ്ങളും പ്രസ്താവനകളുമല്ല മോദിയിൽ നിന്ന് പാർലമെന്റിൽ നിന്ന് ഉണ്ടായതെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം. രാഷ്ട്രപിതാവിനെയും, മുൻ പ്രധാനമന്ത്രിമാരെയും നിന്ദിക്കുന്ന പ്രസ്താവനകളാണ് അടുത്തകാലത്തായി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്‌ത് 1982-ൽ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്നാണ് ഹിന്ദി വാർത്താ ചാനലായ എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ വർഷം മോദി പറഞ്ഞത്. ഇത് രാജ്യത്ത് വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
ഇപ്പോൾ നെഹ്റുവിന്റെ വിദേശ നയവുമായി ബന്ധപ്പെടുത്തിയാണ് അമേരിക്കൻ പുസ്തകം വായിക്കണമെന്ന് മോദി പാർലമെന്റ് ചർച്ചക്കിടെ അഭിപ്രായപ്പെട്ടത്. 'വിദേശനയത്തില്‍ ശരിക്കും താത്പര്യമുണ്ടെങ്കില്‍ അവര്‍ ജെഎഫ്‌കെസ് ഫോര്‍ഗോട്ടണ്‍ ക്രൈസിസ് എന്ന പുസ്തകം വായിക്കണം. ഈ പുസ്തകം ഒരു വിദേശനയ വിദഗ്ധന്‍ എഴുതിയതാണ്. വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനന്ത്രിയെക്കുറിച്ചും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്', എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
നെഹ്‌റുവിന്റെ വിദേശ നയങ്ങൾ ചർച്ചയാക്കുന്നതും, അദ്ദേഹത്തെ കുറിച്ച് മോശം പരാമർശങ്ങളുമൊക്കെ അടങ്ങുന്ന ഈ പുസ്തകം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഡോ. ശശി തരൂർ ചോദ്യം ചെയ്തു രംഗത്ത് വരികയും ചെയ്‌തു. വിദേശ നയത്തിന്റെയും, രാജ്യ സുരക്ഷയുടെയും പേരിൽ നെഹ്റുവിന്റെ നടപടികളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് മോദി പരമാർശിച്ച പുസ്തകമെന്നും, അത് താൻ വായിച്ചതാണെന്നും ഡോ. ശശി തരൂർ വ്യക്തമാക്കിയിരുന്നു.
നെഹ്‌റുവിന്റെ എല്ലാ വികസന പ്രവർത്തനങ്ങളും കാഴ്ചപ്പപ്പാടുകളും വിവാദവത്കരിച്ച് ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കാനാണ്, അദ്ദേഹത്തെ നിരന്തരം ആക്രമിക്കുന്നതിലൂടെ മോദിയുടെ ശ്രമമെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
PM Modi's controversial remarks about Gandhi and Nehru continue to spark debate, with Congress criticizing his statements as attempts to diminish their legacies.
#Modi #Gandhi #Nehru #Controversy #India #Politics