Cashless Initiative | രജിസ്ട്രാര്‍ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി; കൂടുതൽ സൗകര്യങ്ങൾ ഒരുക്കും

● പണമിടപാടുകൾ ഇ-പേമെൻ്റ് സംവിധാനത്തിലേക്ക് മാറ്റും.
● സബ് രജിസ്ട്രാർ ഓഫീസുകളിൽ സൗഹൃദ സമിതികൾ രൂപീകരിക്കും.
● ഡിജിറ്റൽ എൻഡോഴ്സ്മെൻ്റ് ഈ വർഷം തന്നെ നടപ്പാക്കും.
കാസർകോട്: (KasargodVartha) എല്ലാ പണമിടപാടുകളും ഇ-പേമെന്റ് സംവിധാനത്തിലേക്ക് മാറ്റുകയും രജിസ്ട്രാർ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റുകയും സബ് രജിസ്ട്രാർ ഓഫീസുകളിൽ സൗഹൃദ സമിതികൾ രൂപീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരുടെ ജില്ലാതല അവനലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ എന്‍ഡോഴ്‌സ്‌മെന്റ് ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ആധുനിക വത്ക്കരണ നടപടികള്‍ വേഗത്തിലാക്കി വകുപ്പിന്റെ സേവനങ്ങള്‍ സുഗമവും സുതാര്യവുമായി ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. സര്‍ക്കാരിന്റെ വരുമാന സ്രോതസുകളില്‍ രണ്ടാമത്തേതാണ് രജിസ്ട്രേഷന്‍ വകുപ്പ്. വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിനകം തന്നെ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കി കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ രജിസ്ട്രാറാഫീസുകളും കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു കഴിഞ്ഞു. രജിസ്ട്രേഷനുള്ള തീയതിയും സമയവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. ആധാര പകര്‍പ്പുകള്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഓണ്‍ലൈനായി ലഭ്യമാക്കി വരുന്നു. ഒരു ജില്ലക്കകത്ത് ആധാരങ്ങള്‍ ഏത് സബ് രജിസ്ട്രാറാഫീസിലും രജിസ്റ്റര്‍ ചെയ്യാനുള്ള സകര്യവും ലഭ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു.
മുഴുവന്‍ ആഫീസുകളും സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറിയ ആദ്യ ജില്ലയും ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം പ്രഖ്യാപിച്ച ആദ്യ ജില്ലയും കാസര്‍കോടാണെന്നും എന്റെ ഭൂമി എന്ന പുതിയ പോര്‍ട്ടല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത് ജില്ലയിലെ ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലെ ഉജാര്‍ ഉളുവാർ വില്ലേജിലാണെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ്, നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് രജിസ്‌ട്രേഷന്‍ ഒ.കെ സതീശ്, ജില്ലാ രജിസ്ട്രാര്‍ കെ.ബി ഹരീഷ്, സബ് രജിസ്ട്രാര്‍മാരായ വി.ആര്‍ സുനില്‍കുമാര്‍, ആര്‍.വിനോദ്, വി.വി മധുസൂദനന്‍, എം.കെ ഷുക്കൂര്‍, കെ.അരുണ്‍കുമാര്‍, വി.കെ ബേബി, എം.ജി വിജയന്‍, വി.വി സജിത്ത്, പി. അനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Minister Ramachandran Kadannappally announces making registrar offices cashless and provides modern digital facilities to improve efficiency in registration services.
#Kasaragod, #RamachandranKadannappally, #DigitalTransformation, #Cashless, #Epayment, #GovernmentReforms