city-gold-ad-for-blogger

ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും: മന്ത്രി എം ബി രാജേഷ്

Minister M B Rajesh inaugurating Kudumbashree Janagatsa program
Photo: Special Arrangement

● ഗോത്ര വിഭാഗക്കാർക്ക് പി.എസ്.സി പരിശീലനം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
● ഗോത്ര ഉത്പന്നങ്ങൾക്ക് ബ്രാൻഡ് ചെയ്ത് മികച്ച വിപണി കണ്ടെത്തി.
● 98 ശതമാനം ഗോത്ര കുടുംബങ്ങളും കുടുംബശ്രീയുടെ ഭാഗമായി.
● കുട്ടികൾക്കായി ഇംഗ്ലീഷ് ഭാഷാ പരിശീലനവും സർഗാത്മക പരിപാടികളും നടത്തും.

കാസർകോട്: (KasargodVartha) ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് കാസർകോട് കുറ്റിക്കോൽ പഞ്ചായത്തിലെ സോപാനം ഓഡിറ്റോറിയത്തിൽ എട്ട്, ഒമ്പത് തീയതികളിലായി സംഘടിപ്പിക്കുന്ന 'ജനഗത്സ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ എന്നിവരുടെ മേഖലാതല സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശീയ ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2009 മുതൽ കുടുംബശ്രീ നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ ജനതയുടെ ജീവിതഭിവൃദ്ധിക്കായി എല്ലാ അർത്ഥത്തിലും ചേർത്തു നിർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. 

Minister M B Rajesh inaugurating Kudumbashree Janagatsa program

സാമൂഹിക ഉൾച്ചേർക്കലിനും ഉപജീവനമേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കുടുംബശ്രീ നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. 2013 മുതൽ അട്ടപ്പാടിയിലും 2016 മുതൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികവർഗ പ്രത്യേക പദ്ധതി വഴി സംരംഭകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നത് ഉൾപ്പെടെ ഉപജീവന മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. 

അട്ടപ്പാടിയിൽ ഹിൽവാല്യു, വയനാട്ടിൽ വൻ ധൻ, നിലമ്പൂരിൽ ഗംന്തേ എന്ന പേരിലും പുറത്തിറക്കിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ വിപണിയിലെ മറ്റേതൊരു ഉത്പന്നങ്ങളോടും കിടപിടിക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽനിന്നുള്ള ആദി കുടക്, കൊക്കോ വെളിച്ചെണ്ണ, എറണാകുളം ജില്ലയിൽനിന്നുള്ള കുട്ടമ്പുഴ കോഫി, കാസർകോട് ജില്ലയിലെ കമ്മാടി ഹണി തുടങ്ങിയ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് തദ്ദേശീയ സംരംഭകരുടേതായി ഇക്കാലയളവിൽ വിപണിയിലെത്തിയത്.

Minister M B Rajesh inaugurating Kudumbashree Janagatsa program

നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശീയ ജനസമൂഹത്തിലെ 98 ശതമാനം കുടുംബങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുണ്ട്. 7135 പ്രത്യേക അയൽക്കൂട്ടങ്ങൾ വഴിയും പൊതു അയൽക്കൂട്ടങ്ങൾ വഴിയും 1,24,904 കുടുംബങ്ങളെ കുടുംബശ്രീയിൽ ഉൾപ്പെടുത്താൻ സാധിച്ചത് വലിയ നേട്ടമാണ്. 

2893 യുവജനങ്ങൾക്ക് പി.എസ്.സി പരിശീലനം നൽകിയതിലൂടെ 193 പേർക്ക് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. 394 പേർ വിവിധ റാങ്ക് ലിസ്റ്റുകളിലുണ്ട്. കുടുംബശ്രീ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി 1480 പേർക്കും ജോലി ലഭിച്ചു. 

Minister M B Rajesh inaugurating Kudumbashree Janagatsa program

കാർഷിക, മൃഗസംരക്ഷണ മേഖലയിലും മെച്ചപ്പെട്ട ഉപജീവനമാർഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയ ജനതയുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കി വരുന്ന കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ (കെ-ടിക്), കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിശീലനം ലഭ്യമാക്കുന്ന കമ്മ്യൂണിക്കോർ, കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിനുള്ള കനസ് ജാഗ 2.0, കമ്യൂണിറ്റി കിച്ചൻ തുടങ്ങിയ പദ്ധതികൾ തുടർന്നും കൂടുതൽ ഊർജിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. രതീഷ് കുമാർ സ്വാഗതം പറഞ്ഞു. കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു.

Minister M B Rajesh inaugurating Kudumbashree Janagatsa program

ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ എം., കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭന കുമാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സവിത പി., സി.ഡി.എസ് അധ്യക്ഷമാരായ റീന സി., റോഷിനി, ഗുലാബി, മാലിനി എ., സൂര്യ, റീന, കുടുംബശ്രീ പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, കാസർകോട് പബ്ലിക് റിലേഷൻസ് ഓഫീസർ എം. മധുസൂദനൻ, മലപ്പുറം, കണ്ണൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ സുരേഷ് കുമാർ ബി., എം.വി. ജയൻ, കാസർകോട് ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ സി.എച്ച്. ഇഖ്ബാൽ, സൗദ സി.എം., ഹരിദാസ് ഡി. എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കിഷോർ കുമാർ എം. നന്ദി പറഞ്ഞു.

കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ സി.ഡി.എസ്. പ്രവർത്തകർ കുടുംബശ്രീ മുദ്രാഗീതത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ തദ്ദേശീയ മേഖലകളിലെ നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. മേഖലാതല സംഗമത്തിൽ മലപ്പുറം, വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ എന്നിവർ ഉൾപ്പെടെ നാനൂറിലേറെ പേർ പങ്കെടുത്തു.

ഗോത്രജനതയുടെ ഉന്നമനത്തിനായി നടക്കുന്ന ഈ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Minister M B Rajesh inaugurates 'Janagatsa' program and announces plans to preserve and promote tribal art forms.

#Kudumbashree #TribalHeritage #KeralaGovernment #MBRajesh #Kasargod #Janagatsa

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia