Allegation | പാലക്കാട് ഉപതിരഞ്ഞെടുപ്പ്: പത്രപരസ്യത്തിന് പിന്നിൽ മന്ത്രി എം ബി രാജേഷ് ആണെന്ന് വി ഡി സതീശൻ
● 'കേരളത്തിന്റെ മതേതര മനസിനെ മുറിവേൽപ്പിച്ചു'
● 'സിപിഐയും, തിരഞ്ഞെടുപ്പ് കമിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല'
● 'പരസ്യം തിരഞ്ഞെടുപ്പ് ചട്ട ലംഘനം'
കാസർകോട്: (KasargodVartha) പാലക്കാട് ഉപതിരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് മുസ്ലീം സംഘടനകൾ നടത്തുന്ന പത്രങ്ങളിൽ സിപിഎം നൽകിയ വർഗീയ പരസ്യത്തിന് പിന്നിൽ മന്ത്രി എം ബി രാജേഷ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കാസർകോട്ട് ആരോപിച്ചു.
സിപിഎമ്മിൻ്റെ വർഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ചു. സിപിഐയും, തിരഞ്ഞെടുപ്പ് കമിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. ഹീനമായ തരത്തിലുള്ള വർഗീയത പ്രചരിപ്പിച്ചു നേട്ടം കൊയ്യാനാണ് സിപിഎം ലക്ഷ്യമിട്ടത്. പരസ്യം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
മയക്കുമരുന്ന് കേസിൽ തൊണ്ടിമുതൽ മാറ്റി പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ മുൻ മന്ത്രി
ആൻ്റണി രാജു നിയമനടപടി നേരിടണമെന്ന കോടതി നിർദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ ആൻ്റണി രാജു ഗുരുതരമായ കുറ്റം ചെയ്ത ആളാന്നെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ആൻ്റണി രാജു കേരളത്തിന് അപമാനമാണ്. നിയമസഭയിൽ താൻ ഈ വിഷയം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി മിണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് കൊച്ചിൻ ദേവസ്വം ബോർഡ് കോടതിക്ക് നൽകിയ റിപോർട്. പൊലീസ് ആണ് ബിജെപിക്ക് വേണ്ടി തൃശൂർ പൂരം അലങ്കോലമാക്കിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എഡിജിപി അജിത് കുമാർ ആണ് പൂരം അലങ്കോലമാക്കിയതെന്നും ആദ്ദേഹം വിമർശിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. കേരളത്തിന്റെ മതേതരത്വത്തിനെ കളങ്കപ്പെടുത്താൻ സിപിഎം ശ്രമിക്കുകയാണ്. തങ്ങൾ മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന ആളാണ്. സിപിഎം എല്ലാ കാര്യത്തിലും വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
#PalakkadByElection #KeralaPolitics #VDSatheesan #MBRajesh #Communalism #KeralaNews