Allegation | 2 ഇടത് എംഎല്‍എമാരെ കോടി വീതം നല്‍കി ബിജെപിയുടെ സഖ്യകക്ഷിയിലേക്ക് എത്തിക്കാനുള്ള നീക്കത്തെ കുറിച്ച് പ്രതികരിച്ച് മന്ത്രി കെ രാജന്‍; കോഴ കൊടുത്താല്‍ പോകുന്നവരാണോയെന്ന് ചോദ്യം

● മറുകണ്ടം ചാടിക്കുന്നുവെന്നതിനെ കുറിച്ച് പാര്‍ടിക്ക് അറിവില്ല.
● നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം.
● ചെര്‍ക്കള സ്‌കൂളിന് നീക്കിവെച്ച ഭൂമി പതിച്ച് കൊടുക്കല്‍ അന്വേഷിക്കും.
● ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇരട്ടിയാക്കും.
കാസര്‍കോട്: (KasargodVartha) ഇടത് എംഎല്‍എമാര്‍ (MLA) കോഴ കൊടുത്താല്‍ പോകുന്നവരാണോയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ (Revenue Minister K Rajan). കേരളത്തിലെ രണ്ട് എംഎല്‍എമാരെ 50 കോടി രൂപ വീതം നല്‍കി ബിജെപി പക്ഷത്തുള്ള എന്‍ സി പി അജിത്ത് പവാര്‍ പക്ഷത്തേക്ക് മാറ്റാനുള്ള ശ്രമമെന്ന റിപോര്‍ടുകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ഈ മറുപടി.
'അങ്ങനെ പണം കൊടുത്താല്‍ പോകുന്നവരാണോ എംഎല്‍എമാരെ'ന്ന് അദ്ദേഹം ചോദിച്ചു. പണം കൊടുത്ത് എംഎല്‍എമാരെ മറുകണ്ടം ചാടിക്കുന്നുവെന്നതിനെ കുറിച്ച് കമ്യൂണിസ്റ്റ് പാര്‍ടിക്ക് അങ്ങനെ ഒരു അറിവില്ല. എല്‍ഡിഎഫില്‍ അക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ നടപടി ക്രമങ്ങളിലൂടെയാണ് അന്വേഷണം കടന്നുപോകുന്നത്. റെവന്യൂ കുടുംബത്തിനുണ്ടായ നഷ്ടം തീരാ നഷ്ടമായി തന്നെ കാണുന്നു. ഇത് സംബന്ധിച്ചുള്ള വകുപ്പുതല അന്വേഷണ റിപോര്‍ട്
പ്രിന്‍സിപല്‍ സെക്രടറിക്ക് കിട്ടിയിട്ടുണ്ട്. തന്റെ കയ്യിലേക്ക് റിപോര്‍ട് കിട്ടിയിട്ടില്ല. ഇത് പരിശോധിച്ച ശേഷം കൂടുതല്‍ പറയാമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ചെര്‍ക്കള സ്‌കൂളിന് നീക്കിവെച്ച 50 സെന്റ് ഭൂമി വ്യാജ പട്ടയക്കാരന് പതിച്ച് കൊടുക്കാന്‍ ശ്രമമെന്ന പരാതി കിട്ടിയിട്ടുണ്ടെന്നും ആക്ഷേപം പരിശോധിച്ച് ആവശ്യമായ നടപടി ഉണ്ടാകുമെന്നും മന്ത്രി ചോദ്യങ്ങളോട് പ്രതികരിച്ചു.
കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വലിയ ഭൂരിപക്ഷം നേടുമെന്ന് മന്ത്രി പറഞ്ഞു. ചേലക്കരയില്‍ ഭൂരിപക്ഷം ഇരട്ടിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
#KeralaPolitics #CorruptionAllegations #KRajan #MLA #BJP