Historic Milestone | അഭിമാനം: ചരിത്രത്തിലാദ്യമായി യുഎസിലെ രണ്ടാം വനിതയാകാന്‍ ഒരുങ്ങി ആദ്യ ഇന്ത്യന്‍ വംശജ; ആരാണ് ഉഷ വാന്‍സ്?
● ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് ഉഷ ചിലുകുരി.
● അമേരിക്കയുടെ സെക്കന്‍ഡ് ലേഡി.
● ദേശീയ സ്ഥാപനത്തിലെ നിയമ വിദഗ്ധ.
● ഉഷയുടെ ജനനം കലിഫോര്‍ണിയയില്‍.
വാഷിംഗ്ടണ്‍: (KasargodVartha) അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ കമല ഹാരിസിനെ (Kamala Harris) പരാജയപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് (Donald Trump) വീണ്ടും വൈറ്റ് ഹൗസിലേക്ക് ചുവടുവയ്ക്കുമ്പോള്‍ മറ്റൊരു ചരിത്രം കൂടിയാണ് പിറക്കുന്നത്. ഇന്ത്യന്‍ വംശജ ആദ്യമായി പ്രസിഡന്റ് ആകുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച കമലയുടെ പരാജയത്തിലും ഇന്ത്യക്കാര്‍ക്ക് അഭിമാനമായി മറ്റൊരു വനിതയുണ്ട് യുഎസില്‍.
അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായി ഇന്ത്യന്‍ വംശജ സെക്കന്‍ഡ് ലേഡി ആയിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ വദ്‌ലുരു സ്വദേശിനിയായ ഉഷ വാന്‍സ് അഥവാ ഉഷ ചിലുകുരിയാണ് (38) അമേരിക്കയുടെ സെക്കന്‍ഡ് ലേഡിയാകുന്നത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച ജെ ഡി വാന്‍സിന്റെ പത്നിയാണ് ഉഷ. വാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരങ്ങളിലുടനീളം ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയം ഉറപ്പിച്ചതിന് പിന്നാലെ നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ജെ ഡി വാന്‍സിന്റെയും ഉഷയുടെയും പേരുകള്‍ ഡോണള്‍ഡ് ട്രംപ് പ്രത്യേകം പരാമര്‍ശിച്ചുവെന്നതും ശ്രദ്ധേയമാണ്.
സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്‌ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊന്‍പതുകാരനായ വാന്‍സിനെ ഡോണള്‍ഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തത്. ഒഹായോയില്‍നിന്നുള്ള സെനറ്ററായിരുന്നു വാന്‍സ്. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുമ്പോള്‍ അമേരിക്കയുലെ ആദ്യ ഇന്ത്യന്‍ വംശജയായ സെക്കന്‍ഡ് ലേഡി എന്ന ഖ്യാതിയാകും ഉഷക്ക് സ്വന്തമാകുക.
ആന്ധ്രപ്രദേശില്‍ വേരുകളുള്ള ഉഷയുടെ ജനനം കലിഫോര്‍ണിയയിലാണ്. ആന്ധ്രയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതികളുടെ മകളാണ് ഉഷ. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളായി സാന്‍ ഡിയാഗോയിലായിരുന്നു കുട്ടിക്കാലം. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലായിരുന്നു പഠനം.
ദേശീയ സ്ഥാപനത്തിലെ നിയമ വിദഗ്ധയായാണ് ഉഷ ജോലി ചെയ്യുന്നത്. ഉഷയുടെ അക്കാദമിക നേട്ടങ്ങളും അഭിമാനകരമാണ്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സുപ്രീം കോടതി ജസ്റ്റിസുമാരായ ജോണ്‍ റോബര്‍ട്ട്‌സിനും ബ്രെറ്റ് കവനോവിനും വേണ്ടി ക്ലര്‍ക്ക് ആയി നിയമരംഗത്ത് അഭിഭാഷക ക്ലിനികായി തിളങ്ങിയിട്ടുണ്ട്. പിന്നീട് ഉഷ സുപ്രീം കോടതിയിലെ ക്ലര്‍ക്കായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മീഡിയ ഫ്രീഡം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആക്‌സസ് ക്ലിനിക്, ഇറാഖി അഭയാര്‍ഥി സഹായ പദ്ധതി തുടങ്ങിയവയിലും സജീവമായിരുന്നു.
യേല്‍ ജേണല്‍ ഓഫ് ലോ ആന്‍ഡ് ടെക്‌നോളജിയുടെ മാനേജിംഗ് എഡിറ്ററായും ദി യേല്‍ ലോ ജേണലിന്റെ എക്‌സിക്യൂട്ടീവ് ഡെവലപ്മെന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യേലിലെ നാല് വര്‍ഷത്തെ സേവനത്തിന് ശേഷം, കേംബ്രിഡ്ജില്‍ ഗേറ്റ്‌സ് ഫെല്ലോ ആയി പഠനം തുടര്‍ന്നു. ഇവിടെ നിന്ന് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു. കേംബ്രിഡ്ജില്‍ ഇടതുപക്ഷ, ലിബറല്‍ ആശയങ്ങളോടായിരുന്നു അഭിമുഖ്യം. 2014 ല്‍ ഡെമോക്രാറ്റായി.
2013ല്‍ യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണ് ജീവിതപങ്കാളി ജെ ഡി വാന്‍സിനെ ആദ്യമായി കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിന് പിന്നാലെ 2014ല്‍ കെന്റക്കിയില്‍ ഇരുവരും വിവാഹിതരായി. ഹിന്ദു പുരോഹിതനാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്. വാന്‍സ്-ഉഷ ദമ്പതികള്‍ക്ക് ഇവാന്‍, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്ന് മക്കളാണ് ഉള്ളത്.
വാന്‍സിന്റെ പ്രസിദ്ധമായ പുസ്തകം ഹില്‍ബില്ലി എലിജിക്കുവേണ്ടി വിവരങ്ങള്‍ സംഘടിപ്പിക്കാനും ഉഷ മുന്നില്‍ നിന്നു. 2020-ല്‍ റോണ്‍ ഹോവാര്‍ഡ് ഈ പുസ്തകം സിനിമയാക്കി. വാന്‍സിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉഷ ശക്തമായ പിന്തുണ നല്‍കി. 2016-ലെയും 2022-ലെയും സെനറ്റ് പ്രചാരണങ്ങളില്‍ സജീവമായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോണാള്‍ഡ് ട്രംപ് വൈസ് പ്രസിഡന്റായി ജെഡി വാന്‍സിനെ പ്രഖ്യാപിച്ചത്. അതോടെ ഉഷയും അഭിമാനതാരമായി മാറുകയായിരുന്നു.
#IndianOrigin, #SecondLady, #USPolitics, #JDVance, #UshaVance, #HistoryInTheMaking