എം സി ഖമറുദ്ദീന്‍ ജയിലിന് പുറത്തിറങ്ങി 'പ്രതിയാക്കിയവര്‍ക്ക് കാലം മാപ്പ് നല്‍കില്ല; നടന്നത് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചന; മത്സരിക്കുന്ന കാര്യം പാര്‍ടി തീരുമാനിക്കും'
കാസര്‍കോട്: ( www.kasargodvartha.com 12.02.2021) ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന എം സി ഖമറുദ്ദീന്‍ എംഎല്‍എ ജയില്‍ മോചിതനായി. ബുധനാഴ്ച മുഴുവന്‍ കേസുകളിലും കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വ്യഴാഴ്ച രാത്രിയാണ് അദ്ദേഹം പുറത്തിറങ്ങിയത്. 93 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഖമറുദ്ദീന്റെ മോചനം. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്.
സ്റ്റേഷന്‍ പരിധികളില്‍ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നാണ് ജാമ്യ വ്യവസ്ഥ. കാസര്‍കോട്, ചന്തേര, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേസുള്ളത്. 164 ഓളം കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
വളരെ ആത്മവിശ്വാസത്തോടെയും ചിരിച്ചു കൊണ്ടുമാണ് അദ്ദേഹം ജയിലിന്റെ പുറത്തേക്ക് വന്നത്. കാത്തിരുന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം സംസാരിച്ചു. തന്നെ രാഷ്ട്രീയമായി തകര്‍ക്കുക എന്നു മാത്രമുള്ള ലക്ഷ്യത്തോടെ നടന്ന വലിയൊരു ഗൂഡാലോചനയായിരുന്നു കേസുകള്‍ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഓഹരി ഉടമകള്‍ക്ക് പണം കിട്ടാനുള്ള താത്പര്യമുണ്ടായിട്ടല്ല, തന്നെ പൂട്ടുക എന്നത് മാത്രമായിരുന്നു ലക്ഷ്യം, രണ്ട് മൂന്ന് മാസക്കാലം ഇതിനകത്ത് പൂട്ടിയിട്ടു, ഇതായിരുന്നു അവരുടെ യഥാര്‍ത്ഥത്തിലുള്ള ലക്ഷ്യം. ആ ലക്ഷ്യം അവര്‍ നിറവേറ്റി, അതില്‍ പരിഭവമൊന്നും ഇല്ല, ജനങ്ങള്‍ സത്യം മനസ്സിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് മികച്ച ഭൂരിപക്ഷത്തിനാണ്, അപ്പോള്‍ മുതലാണ് ഗൂഢാലോചന തുടങ്ങിയതെന്നും, കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു ഇതെന്നും ഖമറുദ്ദീന്‍ പറഞ്ഞു.
ഒരുപാട് ആളുകള്‍ ഒന്നിച്ച് ചെയ്ത കച്ചവടത്തില്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള എന്നെ മാത്രം അറസ്റ്റ് ചെയ്തു, എന്നാല്‍ ബാക്കിയുള്ളവരെ യാതൊരു രൂപത്തിലും ബുദ്ധിമുട്ടിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു. കറപുരളാത്ത കൈകളുമായി 42 വര്‍ഷം സംശുദ്ധ രാഷ്ട്രീയം നടത്തിയ തന്നെ ഒരു തട്ടിപ്പ് കേസില്‍ പ്രതിയാക്കിയവര്‍ക്ക് കാലവും ചരിത്രവും മാപ്പ് നല്‍കില്ലെന്നും അവര്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും മഞ്ചേശ്വരത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈകാതെ തന്നെ ഖമറുദ്ദീന്‍ മണ്ഡലത്തില്‍ സജീവമാകുമെന്നാണ് സൂചന.
മുസ്ലിം ലീഗ്, യൂത് ലീഗ് നേതാക്കളായ ബിസിഎ റഹ്മാന്‍, ഹാശിം ബംബ്രാണി, ശംസുദ്ദീന്‍ കിന്നിംഗാര്‍ കെഎംസിസി നേതാവ് ഹാരിസ് പടന്ന തുടങ്ങിയവരും പാര്‍ടി പ്രവര്‍ത്തകരും ബന്ധുക്കളുമടക്കം നിരവധി പേര് ജയിലിനു പുറത്ത് അദ്ദേഹത്തെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു.