Marxism | ലോകത്തെ മാറ്റിമറിച്ച വിപ്ലവങ്ങളിലും സമരങ്ങളിലും മാർക്‌സിന്റെ സ്വാധീനം തുടരുകയാണെന്ന് എംഎ ബേബി

● 'റഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ മാറ്റങ്ങളിൽ മാർക്സിന്റെ സ്വാധീനം വ്യക്തമാണ്'
● 'എ കെ ജി ഉൾപ്പെടെയുള്ളവരിൽ മാർക്‌സ് കൃത്യമായി സ്വാധീനം ചെലുത്തി'
● 'മുതലാളിത്ത വ്യവസ്ഥിതിയുടെ കൃത്യമായ വിമർശനമാണ് മാർക്സിസം'
ബോവിക്കാനം: (KasargodVartha) ലോകത്തെ മാറ്റിമറിച്ച വിപ്ലവങ്ങളിലും സമരപോരാട്ടങ്ങളിലും മാർക്‌സിന്റെ സ്വാധീനം ഇന്നും തുടരുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാറഡുക്ക ഏരിയാകമ്മിറ്റി ഇരിയണ്ണിയിൽ സംഘടിപ്പിച്ച ‘മാർക്‌സും ലോകവും’ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന സ്ഥാപനങ്ങളുടെ ചട്ടക്കൂടിൽ നിന്ന് എങ്ങനെ മാർക്സിസം നടപ്പിലാക്കാം എന്ന് കാണിച്ചു തന്ന ഇ എം എസ് മുതൽ അനീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം നടത്തിയ എ കെ ജി ഉൾപ്പെടെയുള്ളവരിൽ മാർക്‌സ് കൃത്യമായി സ്വാധീനം ചെലുത്തി. മുതലാളിത്ത വ്യവസ്ഥിതിയുടെ കൃത്യമായ വിമർശനമാണ് മാർക്സിസം. റഷ്യ മുതൽ ശ്രീലങ്ക വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മാറ്റങ്ങളിൽ മാർക്‌സിന്റെ ആശയങ്ങൾ നിർണായകമായിരുന്നെന്നും എം എ ബേബി പറഞ്ഞു.
ഏരിയാ സെക്രട്ടറി എം മാധവൻ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറിയറ്റംഗങ്ങളായ വി കെ രാജൻ, എം സുമതി, ജില്ലാ കമ്മിറ്റിയംഗങ്ങളായ സിജി മാത്യു, സി ബാലൻ, ഏരിയാകമ്മിറ്റി അംഗങ്ങളായ പി ബാലകൃഷ്ണൻ, ബി കെ നാരായണൻ, സി കെ കുമാരൻ, ബി എം പ്രദീപ്, പി വി മിനി, ചരിത്രകാരൻ സി ബാലൻ എന്നിവർ സംസാരിച്ചു. ഇരിയണ്ണി ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.
തുടർന്ന് ഇരിയണ്ണി ജിവിഎച്ച്എസ്എസിലെ കുട്ടികൾ മലയപുലയാട്ടവും നാടൻപാട്ടും അവതരിപ്പിച്ചു. പാർവണേന്ദു പാണ്ടി പേരടുക്ക, യുവശക്തി ബേപ്പ് എന്നിവരുടെ തിരുവാതിരക്കളി, വയലിൻ കച്ചേരി, കണ്ണൻ നയിച്ച കനൽ കാസർകോടിന്റെ നാട്ടീണങ്ങൾ നാടൻപാട്ടും അരങ്ങേറി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക
M.A. Baby highlights the continuing influence of Marx's ideas on global revolutions and struggles, emphasizing its critique of capitalism and impact on various historical transformations.
#Marxism, #Revolution, #GlobalPolitics, #Socialism, #MA Baby, #India